ദൈവാലയത്തെക്കുറിച്ചുള്ള തീക്ഷ്ണതയും സ്‌നേഹവും തുളുമ്പിനില്‍ക്കുന്ന കവിത: ‘ആത്മാവ് കൊതിക്കുന്ന ആരാധനാലയം’ ശ്രദ്ധേയമാവുന്നു

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടേണ്ടി വന്ന ആരാധനാലയങ്ങളെക്കുറിച്ചുള്ള അനേക മനസുകളിലെ തീഷ്ണതയും, ജീവദാതാവിന്റെ സവിദത്തിലേയ്ക്ക് എത്രയും വേഗം ഓടിയടുക്കാനുള്ള അഭിവാജ്ഞയും വിവരിച്ചുകൊണ്ടുള്ള കവിത, ‘ആത്മാവ് കൊതിക്കുന്ന ആരാധനാലയം’ ശ്രദ്ധേയമായി മാറുന്നു.

ലോകത്തിന് അപ്രതീക്ഷിത പ്രഹരമേകി കടന്നുവന്ന കോവിഡ് 19-നെ ചെറുക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിന്റേയും മറ്റ് വിലക്കുകളുടേയും ഭാഗമായി ദേവാലയങ്ങള്‍ അടച്ചിടപ്പെട്ടതിനേയും വിശുദ്ധ കുര്‍ബാനയോ മറ്റ് കൂദാശകളോ കൈക്കൊള്ളാനാകാത്ത സാഹചര്യത്തേയും ഓര്‍ത്ത് ഓരോ ആത്മാവും വേദനിക്കുന്ന സാഹചര്യത്തിലാണ് പ്രസ്തുത കവിത ഏവര്‍ക്കും ആശ്വാസവും സ്വാന്ത്വനവുമാകുന്നത്.

‘സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം! എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു..’ എന്ന കര്‍ത്താവിന്റെ ഭവനത്തോടുള്ള അഭിവാജ്ഞയെക്കുറിച്ച് വിവരിക്കുന്ന എണ്‍പത്തിനാലാം സങ്കീര്‍ത്തനത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് റോസിനാ പീറ്റി വരികളെഴുതി, ഫാ. മാത്യു പയ്യപ്പിള്ളി എംസിബിഎസ് സംഗീതവും ആലാപനവും നിര്‍വഹിച്ച ഈ കവിത.

ഓരോ ക്രിസ്ത്യാനിയും ഹൃദയം തുറക്കുന്ന ഏക അഭയവും സങ്കേതവുമായ നമ്മുടെ ആരാധനാലയങ്ങളെക്കുറിച്ചുള്ള കരുതലും സ്‌നേഹവും പ്രാര്‍ത്ഥനയും തുളുമ്പിനില്‍ക്കുന്നതാണ് കവിതയുടെ വരികള്‍. ജീവിതവ്യഥകള്‍ തീര്‍ക്കാന്‍ നാം തേടുന്ന സന്നിധിയേയും അവിടെ നമ്മെ കാത്തിരിക്കുന്ന നാഥനേയും കുറിച്ചു വര്‍ണ്ണിക്കുന്ന കവിതയിലുടനീളം വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹവും ദാഹവും പ്രതിഫലിക്കുന്നുണ്ട്. സ്വസ്ഥവും ശാന്തവുമായി ദൈവസ്‌നേഹം പുല്‍കുവാന്‍ അവസരം ലഭിക്കേണ്ടതിന് ലോകത്തെ ഗ്രഹിച്ചിരിക്കുന്ന വൈറസിനെ അകറ്റണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് കവിത അവസാനിക്കുന്നത്.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.