ഏപ്രിൽ മാസത്തെ പാപ്പായുടെ പ്രാർത്ഥനാ നിയോഗം മനുഷ്യാവകാശ പ്രവർത്തകർക്കായി

സ്വേച്ഛാധിപത്യത്തിലും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിലും ജനാധിപത്യ രാജ്യങ്ങളിലും പോലും മൗലികാവകാശങ്ങൾക്കായി പോരാടിക്കൊണ്ട് തങ്ങളുടെ ജീവൻ പണയപ്പെടുന്നവർക്കായി ഏപ്രിൽ മാസം പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്റെ വീഡിയോ സന്ദേശം പുറത്തുവിട്ടു. അടിസ്ഥാനപരമായുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ധൈര്യവും ദൃഢനിശ്ചയവും ആവശ്യമാണ്. അതിനാൽ തന്നെ അവയെല്ലാം സംരക്ഷിക്കുവാൻ പോരാടുന്നവരുടെ ജീവൻ അപകടത്തിലാണ്. അവർക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്‌മ, ഭൂമി, പാർപ്പിടം എന്നിവയുടെ ഇല്ലായ്മ്മ, സാമൂഹിക- തൊഴിൽ അവകാശങ്ങൾ എന്നിവയെ സജീവമായി നാം എതിർക്കേണ്ടതുണ്ട്. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്. ചില ഇടങ്ങളിൽ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്നവരെ വിചാരണപോലും നടത്താതെ ജയിലിൽ അടയ്ക്കുകയാണ് പതിവ്. അതിനാൽ തന്നെ ജീവൻ പണയപ്പെടുത്തികൊണ്ട് ഇത്തരം അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പരിശുദ്ധ പിതാവ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മാനവികതയുടെ വെല്ലുവിളികളെയും സഭയുടെ ദൗത്യത്തെയും മുൻനിർത്തി പ്രാർത്ഥനയുടെയും പ്രവർത്തനത്തിലൂടെയും ക്രൈസ്തവരെ അണിനിരത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ലോകവ്യാപകമായ പ്രാർത്ഥന ശൃംഖലയുടെ ഭാഗമായാണ് പാപ്പാ പ്രാർത്ഥനാ ഉദ്ദേശ്യങ്ങളുടെ വീഡിയോ പുറത്തിറക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.