ഗരബന്ദാളിലെ അമ്മ
1961 ഒന്ന് ജൂലൈ രണ്ടിന് നോർത്ത് വെസ്റ്റ് സ്പയിനിലെ Cantabrian പർവ്വതനിരകളിൽ ഗർബന്ദാൾ എന്ന ഗ്രാമത്തിൽ വച്ചാണ് കൊഞ്ചിറ്റ, ജസിന്ത, മാരി ലോലി, മാരി ക്രൂസ് എന്നീ നാല് കുട്ടികൾക്ക് പരിശുദ്ധ കന്യാമറിയം ശിശുവായ യേശുവിനോടും രണ്ടു മാലാഖമാരോടും കൂടെ പ്രത്യക്ഷപ്പെട്ടത്. പിന്നീടുള്ള ദിവസങ്ങളിൽ പകൽ അല്ലെങ്കിൽ രാത്രി നിരവധി തവണ പരിശുദ്ധ അമ്മ അവർക്ക് പ്രത്യക്ഷപ്പെടുകയും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട വാർത്ത പ്രചരിച്ചപ്പോൾ ഓരോ ദിവസവും 500 മുതൽ മുതൽ 5000 വരെ സന്ദർശകർ ഗ്രാമത്തിനു പുറത്തു നിന്നുമെത്തി ഗരബന്ദാൽ ഗ്രാമവാസികളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നു. നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്യാനും പുരോഹിതരുടെ വിശുദ്ധിക്കു വേണ്ടി പ്രാർത്ഥിക്കാനും പാപത്തെ വെറുത്തുപേക്ഷിക്കാനും പരിശുദ്ധ കന്യക ആ കുട്ടികളിലൂടെ ലോകത്തോട് ആവശ്യപ്പെട്ടു. മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള ദിവസമായിരുന്നു 1961 ഒക്ടോബർ 18. അന്നാണ് അമ്മ നൽകിയ ആദ്യ സന്ദേശം പരസ്യമായി പ്രഖ്യാപിക്കാൻ പരിശുദ്ധ കന്യകാമറിയം പെൺകുട്ടികൾക്ക് അനുമതി നൽകിയത്. ധാരാളം ത്യഗങ്ങൾ ചെയ്യണമെന്നും ദിവ്യകാരുണ്യ ഈശോയെ പതിവായി സന്ദർശിക്കണമെന്നും അല്ലാത്തപക്ഷം വലിയ ശിക്ഷ ഉണ്ടാകുമെന്നും പരിശുദ്ധ അമ്മ കുട്ടികളിലൂടെ വെളിപ്പെടുത്തി.
ജനങ്ങളുടെ വിശ്വാസത്തിനായി പ്രത്യക്ഷമായ ഒരു അടയാളം വേണമെന്ന് കുട്ടികൾ പരിശുദ്ധ അമ്മയോട് ആവശ്യപ്പെട്ടു. പരിശുദ്ധ അമ്മ കുട്ടികളിൽ ഒരാളായ കൊഞ്ചിറ്റയുടെ നാവിൽ സന്ദർശന സമയത്ത് ഒരു തിരുവോസ്തി വച്ചു നൽകി. ഇത് കണ്ട് ആശ്ചര്യപ്പെട്ട് ജനങ്ങൾ ഏറെ നേരം ‘ആവേ മരിയ’ എന്ന് ഉറക്കെ വിളിക്കുകയും അമ്മയ്ക്ക് സ്തുതി പാടുകയും ചെയ്തു.
1962 ജൂലൈ മാസത്തിലെ ആദ്യ വെള്ളിയാഴ്ച കൊഞ്ചിറ്റക്കും മാരി ലോലിക്കും അമ്മ, അവസാന ശിക്ഷാവിധിയെക്കുറിച്ചുള്ള വലിയ ഒരു ദർശനം നൽകി. 1962 -ല്‍ സ്പെയിനിലെ മുതിർന്ന വൈദികരായ ഫാദർ ലൂയിസ് ആന്‍ഡ്രൂവും വി. പാദ്രെ പിയോയും നേരിട്ട് സാക്ഷ്യം വഹിച്ചു എന്നുള്ളത് ഈ അത്ഭുതത്തിന് മാറ്റു കൂട്ടുന്നു. ജൂലൈ 14 -ന് അമ്മ കുട്ടികൾക്കു നൽകിയ ദർശനത്തിൽ, ഇവിടെ വി. മിഖായേലിന്റെ നാമത്തിൽ ഒരു ദേവാലയം പണിയണമെന്ന് അറിയിച്ചിരുന്നു. 1961 മുതൽ 1965 വരെ ഏകദേശം 200 തവണ അമ്മ ഇവിടെ പലപ്പോഴായി കുട്ടികൾക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി. നവംബർ 13 -ന് അവസാനമായി പരിശുദ്ധ അമ്മ കൊഞ്ചിറ്റക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊടുത്ത അതേ വാഗ്ദാനം നമുക്കും അമ്മ വാഗ്ദാനം ചെയ്യുന്നു: “ഞാൻ എല്ലായ്പ്പോഴും നിങ്ങളോടൊപ്പവും എന്റെ എല്ലാ മക്കളോടൊപ്പവും ഉണ്ടായിരിക്കും.”
പരിശുദ്ധ അമ്മേ മാതാവേ, ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ.
ജോബിഷ് പള്ളിത്തോട്