മാതാവിന്റെ പ്രത്യക്ഷീകരണം: ആറാം ദിവസം

ജോബിഷ് പള്ളിത്തോട്‌

കർമ്മല മാതാവ്

കർമ്മലീത്താ സഭ, പാലസ്തീനയിലെ കാർമ്മൽ മലയിൽ ആരംഭിച്ച് കുരിശുയുദ്ധ കാലത്ത് യൂറോപ്പിൽ പരന്നു. ഇംഗ്ലണ്ടിലെ ഐസ്ഫോർഡ് ആശ്രമത്തിൽ വസിച്ചിരുന്ന വി. സൈമൺ സ്റ്റോക്ക് (St Simon Stock) – അന്നത്തെ സുപ്പീരിയർ ജനറൽ – അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു: “കർമ്മല മലയിലെ സുന്ദരകുസുമമേ, ഫലസമ്പൂർണ്ണയായ മുന്തിരീ, സ്വർഗ്ഗത്തിന്റെ ദർശനവും നിർമ്മലവുമായ തേജസേ, നിത്യനിർമ്മല കന്യകയായ ദൈവപുത്രനെ പ്രസവിച്ച അമ്മേ, ഇന്നത്തെ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ. സമുദ്രതാരമേ എന്നെ സഹായിക്കണമേ, രക്ഷിക്കണമേ. അങ്ങ് എന്റെ അമ്മയാണ് എന്ന് കാണിച്ചുതരണമെ.”

1251 -ൽ ജൂലൈ പതിനാറാം തീയതി അർദ്ധരാത്രി സൈമൺ സ്റ്റോക്ക് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വാനവഗണങ്ങളുടെ അകമ്പടിയോടു കൂടി കർമ്മല മാതാവ് പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞു: “എന്റെ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുമായ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവർ നശിക്കുകയില്ല.” ഈ സംഭവം കാട്ടുതീ പോലെ യൂറോപ്പിൽ മുഴുവനും പ്രചരിച്ചു.

ക്രമേണ ലോകമാസകലം ദൈവമാതൃഭക്തി ഉണ്ടായിരുന്നവരെല്ലാവരും ഉത്തരീയം ധരിക്കാൻ തുടങ്ങി. 1322 -ൽ സ്വർഗ്ഗരാജ്ഞി 22 -ആം യോഹന്നാൻ മാർപാപ്പയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഉത്തരീയം ധരിച്ച് മരിക്കുന്നവർക്ക് വേറൊരു വാഗ്ദാനം കൂടി ഞാൻ തരുന്നു, കൃപാവരങ്ങളുടെ രാജ്ഞിയായ ഞാൻ ശനിയാഴ്ച തോറും ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങിച്ചെന്ന് ഉത്തരീയം ധരിച്ച് മരിച്ചവരിൽ ചില വ്യവസ്ഥകൾ പാലിച്ചിട്ടുള്ളവരെയെല്ലാം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും.”

പ്രാർത്ഥന

കർമ്മല മലയിലെ സുന്ദരകുസുമമേ, ഫലസമ്പൂർണ്ണയായ മുന്തിരീ, സ്വർഗ്ഗത്തിന്റെ ദർശനവും നിർമ്മലവുമായ തേജസേ, നിത്യനിർമ്മല കന്യകയായ ദൈവപുത്രനെ പ്രസവിച്ച അമ്മേ, ഇന്നത്തെ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ. സമുദ്രതാരമേ എന്നെ സഹായിക്കണമേ, രക്ഷിക്കണമേ. അങ്ങ് എന്റെ അമ്മയാണ് എന്ന് കാണിച്ചുതരണമെ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.