മാതാവിന്റെ പ്രത്യക്ഷീകരണം: അഞ്ചാം ദിവസം

ജോബിഷ് പള്ളിത്തോട്‌

കാരുണ്യമാതാവ് അഥവാ വീണ്ടെടുപ്പിന്റെ മാതാവ്

വി. പീറ്റർ നൊലാസ്കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ കൊണ്ടാടാൻ അനുമതി നൽകിയത്. 1189 -ൽ തെക്കൻ ഫ്രാൻസിലെ ലാംഗ്വേഡോക്ക് എന്ന സ്ഥലത്ത് കുലീനമായ ഒരു കുടുംബത്തിൽ വി. പീറ്റർ ജനിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കുടുംബസ്വത്തിൽ തനിക്കുണ്ടായിരുന്ന ഓഹരി മുഴുവനും അടിമകളുടെ മോചനത്തിനുള്ള ഒരു സന്യാസ സഭ സ്ഥാപിക്കാൻ അദ്ദേഹം മാറ്റിവച്ചു. താമസിയാതെ ദൈവഹിതം നടപ്പിലായി. പരിശുദ്ധ കന്യകാമറിയം ഒരേ രാത്രി തന്നെ വി. പീറ്റർ നൊലാസ്കോക്കും അരഗോണില രാജാവ് ജെയിംസ് എന്നിവർക്കു പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പദ്ധതി ധൈര്യപൂർവ്വം മുന്നോട്ടു കൊണ്ടുപോകുക എന്ന് ഉപദേശിച്ചു.

വളരെയേറെ എതിർപ്പുണ്ടായിട്ടും കാരുണ്യമാതാവിന്റെ അഥവാ വീണ്ടെടുപ്പ് മാതാവിന്റെ സഭ എന്ന നാമത്തിൽ ഒരു പുതിയ സഭക്ക് ഗ്രിഗറി ഒമ്പതാമൻ മാർപാപ്പാ 1218 -ൽ അനുമതി നൽകി. അതിവേഗം ഈ സഭ വളർന്നു. അടിമകളെ സ്വതന്ത്രമാക്കാൻ വേണ്ടി ഈ സഭയിലെ അംഗങ്ങൾ നന്നായി അദ്ധ്വാനിച്ചു; ഒപ്പം അംഗങ്ങളുടെ ദൈവഭക്തിയും ദൈവസ്നേഹവും വളരാനും. അതിനാൽ തന്നെ സഭയുടെ പ്രശസ്തി വളർന്നുകൊണ്ടിരുന്നു.

കാരുണ്യമാതാവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനാണ് കാരുണ്യമാതാവിന്റെ തിരുനാൾ സ്ഥാപിച്ചത്. മൂന്നാം ഇന്നസെൻറ് മാർപാപ്പ ഈ തിരുനാൾ, സഭയിൽ ആഘോഷിക്കാൻ അനുമതി നൽകി. വി.പീറ്റർ നൊലാസ്കോയും അദ്ദേഹത്തിന്റെ യോദ്ധാക്കളും പുരോഹിതരായിരുന്നില്ല എങ്കിലും അയൽക്കാരന്റെ ആത്മരക്ഷയും ഭൗതികനന്മകളും തങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് കരുതി ഇവർ അദ്ധ്വാനിച്ചു. ആത്മരക്ഷക്കായി പ്രവർത്തിക്കാൻ ഇവർ നമുക്ക് പ്രചോദനമായിരിക്കട്ടെ.

കാരുണ്യമാതാവേ, ഈശോയുടെ കരുണ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.