മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിയെട്ടാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ലൂർദ് മാതാവ്

ഫ്രാൻസിലെ ലൂർദിൽ വച്ച് ബെർണലീത്തായ്ക്കും അവളുടെ സഹോദരിക്കും സുഹൃത്തിനുമാണ് 1858 ഫെബ്രുവരി 11 -ന് ആദ്യമായി പരിശുദ്ധ അമ്മയുടെ ദർശനം ഉണ്ടായത്. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തിൽ വിറക് ശേഖരിക്കാൻ രണ്ടു കൂട്ടുകാരുമൊത്ത് വേവ് നദിയുടെ തീരത്തെത്തിയ അവൾ അവിടെയുള്ള ഒരു ഗുഹയിൽ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു.

ഗുഹയിൽ അതീവ പ്രഭയുള്ള ഒരു സുവർണ്ണ വെളിച്ചം ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും ആകാശനീല നിറത്തിലുള്ള കച്ചയും ധരിച്ച് കരങ്ങളിൽ ജപമലയും പാദങ്ങളിൽ മഞ്ഞ പനിനീർ പുഷ്പങ്ങളും നിറഞ്ഞ അഴകാർന്ന ഒരു സ്ത്രീരൂപം. ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആ സ്ത്രീ ബെർണലീത്തായോട് ആവശ്യപ്പെട്ടു. ബെർണലീത്താ ജപമാല ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ മറഞ്ഞുകഴിഞ്ഞിരുന്നു.

അടുത്ത ഞായറാഴ്ച അവൾ വീണ്ടും ആ സ്ഥലത്തേക്ക് പോയി. അന്നും പരിശുദ്ധ അമ്മ അവൾക്ക് പ്രത്യക്ഷയായി. ശിശുസഹജമായ നിഷ്കളങ്കതയോടു കൂടെ, സാത്താന്റെ കുടിലതന്ത്രം ആണോ എന്ന ഭയത്താൽ, താൻ കണ്ട സ്ത്രീയുടെ നേരെ വിശുദ്ധജലം തളിച്ചു. എന്നാൽ വളരെ പ്രസന്നപൂർവ്വം അമ്മ പുഞ്ചിരിക്കുകയാണ് ചെയ്തത്.

ഓരോ 15 ദിവസം കൂടുമ്പോഴും അവിടെ വരണമെന്ന് അമ്മ അവളോട് ആവശ്യപ്പെട്ടു. മാർച്ച് 25 -ന് മംഗളവാർത്ത തിരുനാൾ ദിനത്തിൽ അമ്മ തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ബെർണലീത്തായോട്, താൻ പോവുകയാണ് എന്നു പറഞ്ഞു.

1858 ഡിസംബർ എട്ടിന് ഒമ്പതാം പീയൂസ് മാർപാപ്പ ഈ പ്രത്യക്ഷീകരണം അംഗികരിച്ചു. 1858 -ലെ ആദ്യ പ്രത്യക്ഷപ്പെടലിൽ തന്നെ കരങ്ങളിൽ തൂങ്ങിക്കിടന്നിരുന്ന ജപമാല മാതാവ് ബെർണലീത്തായ്ക്ക് കൊടുത്തിരുന്നു. അത് പിന്നീടുള്ള പ്രത്യക്ഷപ്പെടലുകളിലും അമ്മ തുടർന്നു. പ്രത്യക്ഷീകരണങ്ങളിലൂടെ ബെർണലീത്താ പരിശുദ്ധ അമ്മയോട് നിരന്തരം സംസാരിക്കാൻ തുടങ്ങി. അധികം താമസിയാതെ അവിടെ ചെറിയ ഒരു ദേവാലയം ഉയർന്നു.

ക്ഷയരോഗം ബാധിച്ച് 35 -ആമത്തെ വയസ്സിൽ ബർണലീത്താ മരണമടഞ്ഞു. അവളെ അടക്കം ചെയ്തിരിക്കുന്നത് ഫ്രാൻസിലെ നെവെഴ്സിലാണ്. 1933 ഡിസംബർ എട്ടിന് പതിനൊന്നാമൻ മാർപാപ്പ ബെർണലീത്തായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. വിശുദ്ധയുടെ ശരീരം ഇന്നും അഴുകാതെ ഇരിക്കുന്നു.

പരിശുദ്ധ ലൂർദ് മാതാവേ, ജപമാലയിൽ ഈശോയോടും സഭയോടും പരിശുദ്ധ അമ്മയോടും ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കണമെ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.