മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിയേഴാം ദിവസം

ജോബിഷ് പള്ളിത്തോട്‌

റോസാമിസ്റ്റിക്കാ മാതാവ് 

1947 -ലെ ഒരു വസന്തകാലത്ത് മോൺ ഡി ക്യാരി എന്ന സ്ഥലത്ത് ടിയോരിന എന്ന ഒരു നേഴ്സിന് സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. വളരെ വിഷമത്തിൽ കാണപ്പെട്ട ആ സ്ത്രീയുടെ നെഞ്ചുഭാഗത്ത് മൂന്ന് വാളുകൾ തുളച്ചുകയറിയിരുന്നു. പ്രാർത്ഥന, പരിഹാരം, പ്രായശ്ചിത്തം എന്നീ മൂന്ന് വാക്കുകൾ പറഞ്ഞുകൊണ്ട് ആ സ്ത്രീ നിശബ്ദയായി. ഇതേ വർഷം ജൂലൈ പതിമൂന്നാം തീയതി ടിയേരിനാക്ക് ആ സ്ത്രീ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ സമയം മൂന്ന് വാളുകൾക്കു പകരം പുഷ്പങ്ങളാണ് കാണപ്പെട്ടത്. അവയുടെ നിറം യഥാക്രമം വെള്ള, ചുവപ്പ്, സ്വർണ്ണം എന്നിവയായിരുന്നു.

നിങ്ങൾ ആരാണ് എന്ന ചോദ്യത്തിന്, ഞാൻ യേശുവിന്റെയും നിങ്ങളുടെ എല്ലാവരുടെയും അമ്മയാണ് എന്നാണ് ഉത്തരം ലഭിച്ചത്. ഈ പ്രത്യക്ഷീകരണം വൈദികർക്കും സന്യാസ സമൂഹങ്ങൾക്കും വേണ്ടിയുള്ളതാണ് എന്ന് പ്രത്യേകം അമ്മ ഓർമ്മപ്പെടുത്തി.

എല്ലാ മാസവും പതിമൂന്നാം തീയതി മരിയൻ ദിനമായി ആചരിക്കണം. ഒന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ പ്രത്യേക പ്രാർത്ഥനകളും ആവശ്യപ്പെട്ടു. ഇങ്ങനെ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകവരം ലഭിക്കുമെന്നും അമ്മ വാഗ്ദാനം ചെയ്തു. മൂന്ന് വാളുകളുടെയും മൂന്ന് റോസാപുഷ്പങ്ങളുടെയും അർത്ഥം അമ്മ ടിയേരിനാക്ക് വെളിപ്പെടുത്തിക്കൊടുത്തു.

ആദ്യത്തെ വാൾ, തങ്ങൾക്കു ലഭിച്ച ദൈവവിളി നഷ്ടപ്പെടുത്തി ജീവിക്കുന്ന വൈദികരെയും സന്യസ്തരെയും സൂചിപ്പിക്കുന്നു രണ്ടാമത്തെ വാൾ, മാരകമായ പാപങ്ങൾ ചെയ്ത വൈദികരെയും സന്യസ്തരെയും സൂചിപ്പിക്കുന്നു. മൂന്നാമത്തേത് ,യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ പ്രവർത്തിക്കുന്ന പുരോഹിതരെ സൂചിപ്പിക്കുന്നു. മൂന്നു പുഷ്പങ്ങളുടേയും അർത്ഥം, വെള്ളനിറത്തിലുള്ള പുഷ്പം പ്രാർത്ഥനയുടെ ആത്മാവിനെയും ചുവപ്പ് നിറത്തിലുള്ള പുഷ്പം പരിഹാരത്തിന്റ ആത്മാവിനെയും സ്വർണ്ണനിറത്തിലുള്ള പുഷ്പം മാനസാന്തരത്തിന്റെ ആത്മാവിനെയും സൂചിപ്പിക്കുന്നു.

1947 ഒക്ടോബർ 22 -ന് അമ്മ മൂന്നാമതും പ്രത്യക്ഷയായി. തുടരെത്തുടരെയുള്ള കുറ്റകൃത്യങ്ങൾ മൂലം എന്റെ ദിവ്യപുത്രൻ അവന്റെ നീതിക്കനുസരിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. എല്ലാവരെയും സ്നേഹിക്കുക എന്ന മഹത്തായ സന്ദേശം പറഞ്ഞുകൊണ്ട് അമ്മ അപ്രത്യക്ഷയായി.

അമ്മ നിരവധി തവണ നിരവധി ആളുകളുടെ സാന്നിധ്യത്തിൽ ടിയേരിനാക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. 1964 നവംബർ 21 -നു നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ മാതാവിന്റെ പ്രതിക്ഷീകരണങ്ങൾ പോൾ ആറാമൻ മാർപാപ്പ സ്ഥിരീകരിച്ചു. കൂടാതെ പരിശുദ്ധ കന്യാമറിയത്തെ സഭയുടെ മാതാവായി പ്രത്യേകം ഉയർത്തുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ആഗ്രഹപ്രകാരം ജൂലൈ 13 -ന് റോസാമിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു

പരിശുദ്ധ റോസമിസ്റ്റിക്കാ മാതാവേ, എല്ലാ വൈദികരെയും സന്യസ്തരെയും കാത്തുപരിപാലിക്കണമെ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.