മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിയാറാം ദിവസം

ജോബിഷ് പള്ളിത്തോട്‌

വിജയ മാതാവ്

പതിനഞ്ചാം നൂറ്റാണ്ടിൽ ഇക്വദോറിയായിലെ ക്യൂറ്റോയിൽ ജീവിച്ചിരുന്ന സ്പാനിഷ് കന്യാസ്ത്രീ ആയിരുന്നു മരിയാന റ്റോ ജീസസ് ടോറസ്. 1594 ഫെബ്രുവരി രണ്ടു മുതൽ 1634 ഫെബ്രുവരി 2 വരെ നിരവധി തവണ പരിശുദ്ധ അമ്മ മരിയാനക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1594 ഫെബ്രുവരി രണ്ടാം തീയതി അതിരാവിലെ, മദർ മരിയ ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾക്ക് ആദ്യ പ്രത്യക്ഷീകരണം ഉണ്ടായത്. ഇടതു കൈയ്യിൽ ഉണ്ണിയേശുവും വലതു കൈയ്യിൽ സ്വർണ്ണവടിയുമായി പ്രത്യക്ഷപ്പെട്ട അമ്മ, താൻ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയാണെന്ന് പറഞ്ഞുകൊണ്ട് മരിയാനാക്ക് സ്വയം വെളിപ്പെടുത്തി. തുടർന്ന് പരിശുദ്ധ അമ്മ മരിയാനയുടെ കയ്യിൽ ഉണ്ണിയേശുവിനെ ഏൽപ്പിച്ചുകൊണ്ട് സംഭവിക്കാൻ പോകുന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തി. മരിയാനയുടെ ജീവിതം ക്ലേശങ്ങൾ നിറഞ്ഞ ജീവിതം ആയിരിക്കുമെന്നും എങ്കിലും ഒരിക്കലും ധൈര്യം കൈവെടിയരുത് എന്നുമായിരുന്നു ‘മറിയം അവൾക്കു നൽകിയ സന്ദേശം.

ഉണ്ണിയേശുവിനെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ട് മരിയാന ഈശോയുടെ ബഹുമതിക്ക് മഹിമയും എല്ലാ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കാനുള്ള ശക്തിയും ആർജ്ജിച്ചു. നിരവധി തവണ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് മരിയാനക്കു നൽകിയ സന്ദേശങ്ങൾ പിന്നീട് അവൾ തന്നെ വെളിപ്പെടുത്തി. ആത്മീയമേഖലയിൽ വരാനിരിക്കുന്ന തകർച്ചകളായിരുന്നു അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ധാർമ്മികജീവിതം അധപതിക്കുമെന്നും വിവാഹം എന്ന കൂദാശയുടെ പവിത്രത നഷ്ടപ്പെടുമെന്നും ജനങ്ങൾക്കും മറ്റും പുരോഹിതർക്കും ഉതപ്പ് നൽകുന്ന പുരോഹിതർ ഉണ്ടാകുമെന്നും കുട്ടികളുടെ നിഷ്ക്കളങ്കത നഷ്ടപ്പെടുമെന്നും സ്ത്രീകൾ എളിമയില്ലാത്തവരായി മാറുമെന്നും ലൈംഗികപാപങ്ങൾ വർദ്ധിക്കുമെന്നും അത് ഒരുപാട് ആത്മാക്കളെ നശിപ്പിക്കുമെന്നും ദൈവവിളികൾ കുറയുമെന്നും അമ്മ മരിയാനയിലൂടെ ലോകത്തിനു വെളിപ്പെടുത്തി. എന്നാൽ ഈ ആത്മീയ തകർച്ചകൾക്കു ശേഷം ഒരു ആത്മീയവളർച്ച ലോകത്തിൽ ഉണ്ടാകുമെന്നും അമ്മ പറഞ്ഞു. തന്റെ രൂപം ഇവിടെ സ്ഥാപിക്കണമെന്നും അതുവഴി കോൺവെന്റ് അനുഗ്രഹിക്കപ്പെടുമെന്നും പരിശുദ്ധ അമ്മ അവളോട് പറഞ്ഞു.

1635 -ൽ ഈ ലോകത്തോട് വിട പറഞ്ഞ മദർ മരിയാനയുടെ ഭൗതികശരീരം ഇന്നും അഴുകാതെ ഇരിക്കുന്നു.

പരിശുദ്ധ അമ്മേ, ഈശോയുടെ ആത്മാവിന്റെ സംരക്ഷണത്തിൻ കീഴിൽ ഞങ്ങളെ കൊണ്ടുനടക്കണമെ, ആമ്മേൻ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.