മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിയഞ്ചാം ദിവസം

ജോബിഷ് പള്ളിത്തോട്‌

കിബോഹോയിലെ അമ്മ

ആഫ്രിക്കയിലെ റുവാണ്ടായിൽ കിബോഹു എന്ന കൊച്ചുഗ്രാമത്തിലാണ് 1981 നവംബർ 28 ആം തീയതി അൽഫോൻസ എന്ന വിദ്യാർത്ഥിക്കാണ് പരിശുദ്ധ അമ്മ ദർശനം നൽകിയത്. വിദ്യാലയത്തിൽ ആയിരിക്കവെ ഉച്ചഭക്ഷണത്തിനു മുൻപുള്ള പ്രാർത്ഥനയിൽ, പുറകിൽ നിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് അതിമനോഹരിയായ ഒരു സ്ത്രീയെയാണ്.

ആരാണ് എന്ന ചോദ്യത്തിന്, ആ സ്ത്രീ ഇപ്രകാരം മറുപടി പറഞ്ഞു: “ഞാൻ വചനത്തിന്റെ അമ്മയാണ്.  ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും എന്നും നിങ്ങളെ ആശ്വസിപ്പിക്കാനുമാണ് വന്നിരിക്കുന്നത്.” ഇത്രയും പറഞ്ഞുകൊണ്ട് അവൾ അപ്രത്യക്ഷയായി.

ആ പരിസരം മുഴുവൻ സുഗന്ധത്തിൽ നിറഞ്ഞിരുന്നു. ഈ ദർശനം 1989 വരെ നീണ്ടു. എന്നാൽ പൈശാചികശക്തികളാണ് പ്രത്യക്ഷപ്പെടുന്നത് എന്ന് കരുതി സമൂഹം അവളെ കുറ്റപ്പെടുത്തുകയും അവളെ അവിശ്വസിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയാണ് തനിക്ക് പ്രത്യക്ഷപ്പെട്ടതെന്ന് എല്ലാവരും വിശ്വസിക്കണമെന്ന് അവൾ അതിയായി അഗ്രഹിച്ചു.

കുറച്ചു നാളുകൾക്കു ശേഷം സ്കൂൾ വിദ്യാർത്ഥികളായ നദാലിക്കും മേരി ക്ലേറിനും വിവിധ ദിവസങ്ങളിലായി പരിശുദ്ധ അമ്മ പ്രത്യഷപ്പെടുകയുണ്ടായി. ദൈവസ്നേഹം തിരിച്ചറിഞ്ഞുകൊണ്ട് പരസ്പരം സ്നേഹിക്കണമെന്നും പ്രാർത്ഥനയിൽ സ്ഥിരത ഉണ്ടാകണമെന്നും പരിശുദ്ധ അമ്മ കുട്ടികളോട് ആവശ്യപ്പെട്ടു. പിന്നീട് അവർ മൂന്നു പേരും സൗഹൃദത്തിലായി.

1988 ആഗസ്റ്റ് അഞ്ചാം തീയതി എല്ലാവരും ദേവാലയത്തിൽ കൂടിയിരിക്കുമ്പോൾ പരിശുദ്ധ അമ്മ, മേരി ക്ലേറിന് പ്രത്യക്ഷപ്പെട്ട് വ്യകുല ജപമാലയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി. പിന്നീടുള്ള പരിശുദ്ധ അമ്മയുടെ പ്രതീക്ഷികരണത്തിൽ അമ്മ വളരെ സങ്കടവതിയായി കാണപ്പെട്ടു. അമ്മയുടെ സങ്കടത്തിനു കാരണം ചോദിച്ചപ്പോൾ അമ്മ പറഞ്ഞു: “നിങ്ങളുടെ ഹൃദയം വളരെയധികം കഠിനമാണ്. അതുകൊണ്ട് ഞാൻ വല്ലാതെ വിഷമിക്കുന്നു. ആത്മീയമായി യാതൊരു സ്നേഹവും നിങ്ങൾക്കില്ല.”

അതിനുശേഷം പരിശുദ്ധ അമ്മ, മനുഷ്യൻ പരസ്പരം കൊല്ലുന്നതും തീ വയ്ക്കുന്നതും പട്ടണങ്ങളും ഗ്രാമങ്ങളും നടത്തുന്നതുമായ ദർശനങ്ങൾ കാണിച്ചുകൊടുത്തു. ജപമാലയുടെ പ്രാധാന്യവും പ്രാർത്ഥന, വ്യക്തിപരമായ മാനസാന്തരം എന്നിവയെക്കുറിച്ചും അമ്മ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയുണ്ടായി. വിഗ്രഹാരാധന, കാപട്യം എന്നിവയെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നും അമ്മ മുന്നറിയിപ്പു നൽകി.

1988 ആഗസ്റ്റ് 15 ആം തീയതി സ്ഥലത്തെ മെത്രാൻ അഗസ്റ്റീൻ വിസാഗോ പരിശുദ്ധ അമ്മയോടുള്ള വണക്കം അംഗീകരിക്കുകയും 2001 ജൂൺ 29 -ന് പ്രത്യക്ഷികരണം പ്രഖ്യാപിക്കുകയും ചെയ്തു. മാതാവ് പ്രത്യക്ഷപ്പെട്ട ദിവസമായ നവംബർ 28 കീബോഹോയിലെ പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. 1992 മുതൽ കീബോഹോയിലെ മരിയൻ തീർത്ഥാടനകേന്ദ്രം ദു:ഖിതരുടെ അമ്മയായ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രം എന്നറിയപ്പെടാൻ തുടങ്ങി.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.