മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിനാലാം ദിവസം

ജോബിഷ് പള്ളിത്തോട്‌

കോപ്പയിലെ മാതാവ്

നിക്കരാഗ്വായിലെ ഒരു ചെറിയ പട്ടണമായ കോപ്പയിൽ ബർണാഡോ മാർട്ടിനെസ് എന്ന ദേവാലയശുശ്രൂഷകനാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. 1980 ഏപ്രിൽ മാസം, രണ്ട് വ്യത്യസ്ത രാത്രികളിൽ അദ്ദേഹം സങ്കീർത്തിയിൽ ഒരു പ്രകാശം കണ്ടിരുന്നു. എന്നാൽ അത് ആരെങ്കിലും അബദ്ധത്തിൽ ലൈറ്റ് ഓൺ ആക്കിയതായിരിക്കും എന്ന് അദ്ദേഹം കരുതി. തുടർന്ന് ഏപ്രിൽ 15 -ന് രാത്രി അദ്ദേഹം വീണ്ടും സങ്കീർത്തിയിൽ പ്രകാശം കണ്ട് അടുത്തുചെന്നപ്പോൾ പരിശുദ്ധ കന്യകമറിയത്തിന്റെ രൂപം സ്വയം പ്രകാശിക്കുന്നതായി കണ്ടു. ഇക്കാര്യം മറ്റുള്ളവർ അറിഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു.

1980 മെയ് 8 -ന് ബെർനാഡോ രണ്ട് മിന്നൽപ്പിണരുകൾ കണ്ടു. രണ്ടാമത്തെ മിന്നലിനു ശേഷം സുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു. നീണ്ട വെളുത്ത വസ്ത്രം ധരിച്ച് മേഘങ്ങളിൽ പ്രത്യക്ഷപ്പെട്ട ആ സ്ത്രീ ഇളം സ്വർണനിറത്തിലുള്ള മൂടുപടലത്താൽ പൊതിയപ്പെട്ടിരുന്നു. അവൾ കൈകൾ നീട്ടിയപ്പോൾ കൈകളിൽ നിന്ന് പ്രകാശകിരണങ്ങൾ ബർണാഡോയുടെ നെഞ്ചിൽ പതിച്ചു.

ആ സ്ത്രീയോട്, ആരാണെന്ന് ബെർണാഡോ ചോദിച്ചപ്പോൾ താൻ യേശുവിന്റെ അമ്മ ആണെന്ന് പരിശുദ്ധ കന്യകാമറിയം വെളിപ്പെടുത്തി. മെയ് മാസത്തിൽ മാത്രമല്ല എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കണം എന്ന് അമ്മ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ മറ്റുള്ളവരോട് വെളിപ്പെടുത്തണമെന്നും പരിശുദ്ധ അമ്മ പറഞ്ഞെങ്കിലും ഭയത്താൽ ബർണാഡ് ആരോടും പറഞ്ഞില്ല. എന്നാൽ 1980 മെയ് 14 -ന് പരിശുദ്ധ അമ്മ വീണ്ടും പ്രത്യക്ഷപ്പെടുകയും തുടർന്ന് അദ്ദേഹം ഇക്കാര്യങ്ങൾ പുരോഹിതരോടും തന്റെ വീട്ടിൽ വന്നവരോടും പറയുകയും ചെയ്തു.

തുടർന്നുള്ള മാസങ്ങളിൽ പരിശുദ്ധ അമ്മ ബർണാഡോയ്ക്ക് പ്രത്യക്ഷപ്പെട്ട് വിവിധ ദർശനങ്ങൾ നൽകി. 1980 ഒക്ടോബർ 13 -ന് ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്ന 50 പേരുടെ മുൻപിൽ വളരെ ദുഃഖിതയായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു. എന്നാൽ ബർണാഡോയ്ക്ക് മാത്രമാണ് പരിശുദ്ധ അമ്മയെ കാണാൻ സാധിച്ചത്. ഗുരുതരമായ അപകടങ്ങൾ ലോകത്തെ ഭീഷണിപ്പെടുത്തും എന്നും ജനങ്ങൾ മനസ്സു മാറ്റിയില്ലെങ്കിൽ അത് തുടരുമെന്നും താൻ ഒരിക്കലും തന്റെ മക്കളെ കൈവിടുകയില്ല എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നും പറഞ്ഞുകൊണ്ട് അമ്മ അപ്രത്യക്ഷയായി. 1982 നിക്കരാഗ്വായിലെ പ്രത്യക്ഷീകരണങ്ങൾ സഭ ഔദ്യോഗികമായി അംഗീകരിച്ചു.

പരിശുദ്ധ അമ്മേ, ഞങ്ങളെ അനുഗ്രഹിക്കണമെ.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.