മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിരണ്ടാം ദിവസം

ജോബിഷ് പള്ളിത്തോട്‌

കുരുക്കഴിക്കുന്ന മാതാവ്

കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിക്കാൻ തുടങ്ങിയിട്ട് ഏകദേശം 300 വർഷത്തോളമായി. 1700 -ൽ ജോഹാൻ ജോർജ് എന്ന ചിത്രകാരനാണ് ആദ്യമായി കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം വരയ്ക്കുന്നത്. ഈ ചിത്രത്തിനു പുറകിൽ മറ്റൊരു ചരിത്രമുണ്ട് എന്നാണ് പാരമ്പര്യങ്ങൾ പറയുന്നത്.

ജർമ്മൻകാരനായ വോൾഫ് ഗാങും ജീവിതപങ്കാളി സോഫിയയുമായുള്ള കുടുംബപ്രശ്നങ്ങൾ വിവാഹമോചനം വരെ എത്തുകയുണ്ടായി. ഈയൊരു സാഹചര്യത്തിൽ വോൾഫ് ഗാങ്‌ ഈശോസഭാ വൈദികനായ ജേക്കബ് എന്ന വൈദികനോട് തന്റെ പ്രശ്നങ്ങൾ പങ്കുവച്ചു. ഇവർ കണ്ടുമുട്ടുമ്പോഴക്കെ പരിശുദ്ധ അമ്മയുടെ പ്രത്യേകമായ മാദ്ധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാറുണ്ടയിരുന്നു. 1615 സെപ്റ്റംബർ 28 -ആം തീയതി അവസാനമായി അവർ തമ്മിൽ കണ്ടുമുട്ടിയപ്പോൾ വോൾഫ് ഗാങ്‌ തന്റെ വിവാഹമോതിരം വൈദികനെ ഏല്പിച്ചുകൊണ്ട് തനിക്കും സോഫിയക്കും വേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞു. ഉടനെ തന്നെ വൈദികനായ ജേക്കബ് വിവാഹമോതിരത്തിൽ ഒരു ചുവന്ന റിബൺ കെട്ടുകയും അവിടെയുണ്ടായിരുന്ന മഞ്ഞു മാതാവിന്റെ മുമ്പിൽ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

വൈദികനായ ജേക്കബ് പ്രാർത്ഥിച്ചത് ഇപ്രകാരമാണ്: “ഈ ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങളുടെ കുരുക്ക് പരിശുദ്ധ അമ്മേ, നീ അഴിച്ചുകളയണം.”

ഈ പ്രാർത്ഥന കഴിഞ്ഞപ്പോൾ തന്നെ ചുവന്ന റിബൺ വെള്ള നിറമായി മാറുകയും ആ കെട്ടഴിഞ്ഞ് അതിൽ നിന്ന് വിവാഹമോതിരം വേർപെടുകയും ചെയ്തു.  അത്ഭുതകരമായ രീതിയിൽ വോൾഫ് ഗാങും സോഫിയയും തമ്മിലുള്ള പ്രശ്നങ്ങൾ മാറുകയും കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി വളരുകയും ചെയ്തു.

പിന്നീട് വോൾഫ് ഗാങിന്റെയും സോഫിയായുടെയും പേരമകൻ ഹിരോണിമസ് അംബ്രോസിയസ് ഒരു നല്ല വൈദികനായിത്തീർന്നു. അദ്ദേഹമാണ് യോഹൻ എന്ന ചിത്രകാരനെ കൊണ്ട് 1700 -ൽ കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം വരപ്പിച്ചത്. ജർമ്മനിയിലെ ഓഗ്സ്ബർഗ് എന്ന ദേവാലയത്തിലാണ് ഈ ചിത്രം സ്ഥാപിച്ചത്.

വാസ്തവത്തിൽ കുരുക്കഴിക്കുന്ന മാതാവ് ഒരു സങ്കൽപ്പമായിരുന്നില്ല. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന വി. ഇരണേവൂസ് ഇപ്രകാരം പറയുന്നു: “ഹവ്വയുടെ അനുസരണക്കേടിന്റെ കെട്ട് മറിയത്തിന്റെ അനുസരണത്താൽ അഴിക്കപ്പെട്ടു. ഹവ്വ തന്റെ അവിശ്വസ്തത കൊണ്ട് തീർത്ത കുരുക്ക് മറിയം തന്റെ വിശ്വസ്തത കൊണ്ട് അഴിച്ചുകളഞ്ഞു.”

നമ്മുടെ ജീവിതത്തിൽ കുരുക്കുകൾ അഴിക്കാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കാം.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.