മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിയൊന്നാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ലാവുസിലെ അമ്മ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സഭ ആദ്യമായി അംഗീകരിച്ച മരിയൻ പ്രത്യക്ഷീകരണമാണ് ലാവുസിലേത്. 1664 മുതൽ 1718 വരെയുള്ള കാലയളവിൽ ഫ്രാൻസിലെ ലാവൂസ് എന്ന സ്ഥലത്ത്, 17 വയസുള്ള ഇടയബാലികയായ ബെനോയിറ്റ് റെൻക്യൂറെലിന് മാതാവ് പല തവണ പ്രത്യക്ഷപ്പെട്ടു.

ബെനോയിറ്റ് ജനിച്ചത് തീർത്തും ദരിദ്യം നിറഞ്ഞ ഒരു കുടുംബത്തിലായിരുന്നു. അവളുടെ ചെറുപ്പത്തിലേ പിതാവ് മരിച്ചു. തുടർന്ന് 12 വയസു മുതൽ കുടുംബം പുലർത്തുന്നതിനായി അവൾ കന്നുകാലികളെ മേയിച്ചു.

1664 മെയ് 16 -ന് അവൾ ജപമാല ചൊല്ലിക്കൊണ്ട് തന്റ ആടുകളോടൊപ്പം ഒരു കുന്നിൽമുകളിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ കുഞ്ഞിനെയും കൈകളിൽ വഹിച്ചുകൊണ്ട് അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പുഞ്ചിരിച്ച മുഖത്തോടെയാണ് ആ സ്ത്രീ കാണപ്പെട്ടത്. എന്നാൽ ഒന്നും തന്നെ സംസാരിക്കാതെ ആ സ്ത്രീ അവളുടെ മുന്നിൽ നിന്നും അപ്രത്യക്ഷയായി. പിന്നീടുള്ള 4 മാസങ്ങളിൽ തുടർച്ചയായി എല്ലാ ദിവസവും ആ സ്ത്രീ പ്രത്യക്ഷപ്പെടുകയും ബെനോയിറ്റിനോട്,
പാപികൾക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്ന് പറയുകയും ചെയ്തു.

ബെനോയിറ്റിന് മാതാവ് തന്നെത്തന്നെ പരിചയപ്പെടുത്തിയത്, പാപികളുടെ സങ്കേതവും അവരുടെ അനുരഞ്ജിതയും എന്നാണ്. അതോടൊപ്പം തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. പാപകരമായ ജീവിതം നയിക്കുന്ന യുവതികളെ പ്രത്യേകിച്ച്, ഗർഭചിദ്രം നടത്തിയവരെ പാപവഴിയിൽ നിന്നും പിന്തിരിപ്പിക്കണമെന്നും അമ്മ ബെനോയിറ്റിനോട് ആവശ്യപ്പെട്ടു.

പുരോഹിതരും സമർപ്പിതരും വ്രതങ്ങൾ പാലിക്കുന്നതിൽ തീക്ഷ്ണത കാണിക്കണമെന്നും ലാവൂസിലെ തന്റെ മകനോടുള്ള ആദരസൂചകമായി ഒരു ദേവാലയം പണിയണമെന്നും പിന്നീട് ആ ദേവാലായം അനേകം പാപികളുടെ മാനസാന്തരത്തിനുള്ള സ്ഥലമായി മാറുമെന്നും അമ്മ പറഞ്ഞു.

2008 മെയ് 5-ാം തീയതിയാണ് ലാവൂസിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം സഭ ഔദോഗികമായി അംഗികരിച്ചത്.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.