മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപതാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ഹീഡിലെ പരിശുദ്ധ അമ്മ

1937 നവംബർ ഒന്നിന് സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ജർമ്മനിയിലെ ഹീഡിൽ വച്ച് ഉണ്ണിയേശുവിനെ കൈകളിൽ വഹിച്ചുകൊണ്ട് പരിശുദ്ധ അമ്മ അന്ന ഷുൾട്ട്, ഗ്രെറ്റ ഗൗസെഫോർത്ത്, മരിയ ഗൗസ്ഫോർത്ത്, സൂസന്ന ബ്രൺസ് എന്നീ നാല് പെൺകുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടു.

ഹീഡിലെ ദേവാലയത്തിൽ വച്ച് അവർക്ക് പ്രത്യക്ഷയായ പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്ത്‌ വേദന അനുഭവിക്കുന്ന ആത്മാക്കൾക്കായി പ്രാർത്ഥിക്കാൻ അവരോട് പറഞ്ഞു. 1937 – 40 കാലഘട്ടത്തിൽ പല സ്ഥലങ്ങളിലായി പരിശുദ്ധ അമ്മ അവർക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. ആനന്ദങ്ങൾക്കും വിനോദങ്ങൾക്കും കൂടുതൽ സമയം ചെലവഴിച്ചിരുന്ന ആ കുട്ടികൾ ദീർഘനേരം പ്രാർത്ഥിക്കുന്ന കുട്ടികളായി മാറി. കുട്ടികളുടെ ഈ ഒരു മാറ്റം ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി. ചുറ്റുമുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രത്യക്ഷീകരണവാർത്ത പ്രചരിച്ചപ്പോൾ ഒരുപാട് ആളുകൾ ഇത് അറിഞ്ഞു ഹീഡിലേക്ക് വന്നുകൊണ്ടിരുന്നു.

പക്ഷേ, ഹിറ്റ്ലറിന്റെ ഭരണകാലഘട്ടം ആയിരുന്നതിനാൽ ജനങ്ങളുടെ വരവ് തടസ്സപ്പെടുകയും നാലു കുട്ടികളെയും ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി അടക്കുകയും ചെയ്തു. ഏതാനും ആഴ്ചകൾക്കു ശേഷം കുട്ടികളെ വിട്ടയച്ചെങ്കിലും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലത്തേക്ക് പോകുന്നത് വിലക്കിയിരുന്നു. പക്ഷേ, പല സ്ഥലങ്ങളിലും വച്ച് പരിശുദ്ധ അമ്മ അവർക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരുന്നു.

ഹീഡിൽ വച്ച് പരിശുദ്ധ അമ്മ നൽകിയ സന്ദേശം ഫാത്തിമയിലേതുമായി വളരെ സാമ്യമുള്ളതാണ്. ജപമാല ചൊല്ലി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക എന്നതായിരുന്നു ഇതിലെ പ്രധാന സന്ദേശം. കൂടാതെ, പരിശുദ്ധ പിതാവിന് നൽകുവാൻ ഒരു രഹസ്യ സന്ദേശം നൽകുകയും ചെയ്തു. ആ രഹസ്യ സന്ദേശം ബിഷപ്പ് ബേർണിംഗ് വഴി പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയ്ക്കു ലഭിക്കുകയും ചെയ്തു.

1940 നവംബർ 2 -ന് പരിശുദ്ധ അമ്മ അവസാനമായി പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: “നല്ലവരായിരിക്കുക. എല്ലായിപ്പോഴും ജപമാല ചൊല്ലി പ്രാർത്ഥിക്കുക. എന്റെ മക്കളേ, നമ്മൾ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുന്നതു വരെ ഞാൻ വിട വാങ്ങുന്നു.”

1959 ജൂൺ മൂന്നിന് മാതാവിന്റെ ഹീഡിലെ പ്രത്യക്ഷീകരണം സഭ അംഗീകരിച്ചു.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.