മാതാവിന്റെ പ്രത്യക്ഷീകരണം: പത്തൊൻപതാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ലാ വാങ്ങിലെ അമ്മ 

1640 -ൽ വിയറ്റ്നാമിൽ മതമർദ്ധനം ആരംഭിച്ച കാലം. ഭരണവർഗ്ഗത്തിനെതിരെ കലാപം നടത്താൻ തൊഴിലാളിവർഗ്ഗത്തെ അണിനിരത്തുന്ന ഒരു മതവിഭാഗമായി കത്തോലിക്കാ സഭയെ ഭരണകൂടം പ്രഖ്യാപിച്ചു. അനേകം പള്ളികൾ നശിപ്പിക്കപ്പെടുകയും ഒരു ലക്ഷത്തിലധികം കത്തോലിക്കർ രക്തസാക്ഷികളാക്കുകയും ചെയ്തു.

ഈ സമയങ്ങളിൽ നിരവധി കത്തോലിക്കർ വിയറ്റ്നാമിലെ ക്വംഗ് ട്രീക്കു സമീപമുള്ള ലാങ്ങിലെ മഴക്കാടുകളിൽ അഭയം തേടിയെങ്കിലും രോഗങ്ങളും പട്ടിണിയും കടുത്ത തണുപ്പും പ്രതികൂലഘടകങ്ങളായി. രക്തസാക്ഷിത്വത്തിന് അവർ സ്വയം തയ്യാറായി. കാടുകളിൽ ആയിരുന്ന സമയം, പ്രാർത്ഥിക്കാനും ജപമാല ചൊല്ലാനുമായി അവർ എന്നും രാത്രിയിൽ ഒരു മരത്തിനു താഴെ കൂടുമായിരുന്നു. ഒരു ദിവസം രാത്രിയിൽ അപ്രതീക്ഷിതമായി വൃക്ഷത്തിന്റെ ശാഖകൾക്കിടയിൽ അവർ ഒരു കാഴ്ച കണ്ടു.

പരമ്പരാഗത വിയറ്റ്നാമീ വസ്ത്രം ധരിച്ച്, കൈകളിൽ ഒരു കുട്ടിയെ പിടിച്ചുകൊണ്ട് സുന്ദരിയായ ഒരു സ്ത്രീ. അവളുടെ ഇരുവശങ്ങളിലുമായി രണ്ടു ദൂതന്മാർ. ആ ദിവസം തന്നെ അവിടെ ഉണ്ടായിരുന്ന രോഗികളും ക്ഷീണിതരുമായ അഭയാർത്ഥികളെ അവൾ സുഖപ്പെടുത്തി. ഉണ്ണീശോയും മാതാവുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പിന്നീട് അവർക്ക് മനസ്സിലായി.

ഈ സ്ഥലത്തേക്ക് വരുന്ന എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആവശ്യങ്ങൾക്കും ഉത്തരം നൽകപ്പെടും എന്ന് പരിശുദ്ധ അമ്മ വ്യക്തമാക്കി. തുടർന്ന് രോഗികൾ സുഖം പ്രാപിക്കുകയും അവിടെ വരുന്നവർക്കെല്ലാം മാതാവിന്റെ അനുഗ്രഹം ലഭിക്കാനും തുടങ്ങി. 1802 ആയപ്പോഴേക്കും കത്തോലിക്കരായ അഭയാർത്ഥികൾ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയി.

1802 -ൽ പരിശുദ്ധ അമ്മയുടെ ബഹുമാനാർത്ഥം പണിയപ്പെട്ട ചാപ്പൽ 1830 – 85 കാലഘട്ടത്തിൽ മതമർദ്ദനത്തിൽ നശിപ്പിക്കപ്പെട്ടു. 1885 -ൽ മതപീഡനം അവസാനിച്ചതോടെ, 1886 -ൽ ബിഷപ്പ് ഗാസ്പർ ലാ വാങ്ങിലെ അമ്മയ്ക്ക് ഒരു പുതിയ പള്ളി പണിയാൻ ആവശ്യപ്പെട്ടു. 1962 ആഗസ്റ്റ് മാസം ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ലാ വാങ്ങിലെപള്ളിയെ ബസിലിക്ക ആയി ഉയർത്തി.

രക്തസാക്ഷിത്വത്തിന്റെ വക്കിൽ ക്രൈസ്തവർക്ക് ആശ്വാസമായി നിലകൊണ്ട പരിശുദ്ധ അമ്മേ. ഞങ്ങളെ സഹായിക്കണേ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.