മാതാവിന്റെ പ്രത്യക്ഷീകരണം: പതിനെട്ടാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ഔർ ലേഡി ഓഫ് സിലുവ 

ലിത്വാനിയയിലെ നിധി എന്നറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിന് പിന്നിൽ വലിയ ഒരു ചരിത്രമുണ്ട്.

ഒരിക്കൽ സിലുവ ഗ്രാമത്തിലെ വയലിൽ ആടുകളെ മേയ്ക്കുകയായിരുന്ന കുട്ടികൾ സമീപത്തെ പാറക്കെട്ടിൽ നിന്നും ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ പാറയുടെ മുകളിൽ സുന്ദരിയായ ഒരു യുവതി കുഞ്ഞിനെയും പിടിച്ച് കരഞ്ഞുകൊണ്ട് നിൽക്കുന്നു. നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്ന ആ യുവതിയോട് കരയുന്നതിന്റെ കാരണം കുട്ടികൾ ചോദിച്ചു. എന്നാൽ ആ സ്ത്രീ ഒന്നും തന്നെ പറഞ്ഞില്ല. കുട്ടികൾ ഈ കാര്യം അവരുടെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ, ഇത് വെറും പൈശാചികപ്രവർത്തനമാണ് എന്ന് അവർ കുട്ടികളോടു പറഞ്ഞു.

ഇക്കാര്യമറിഞ്ഞ ഗ്രാമവാസികൾ പിന്നീട് കുട്ടികളോട് കാര്യം തിരക്കിയപ്പോൾ കുട്ടികൾ നൽകിയ ഉത്തരങ്ങളിൽ നിന്ന് ഇക്കാര്യങ്ങൾ എല്ലാവരും വിശ്വാസിച്ചു. പിറ്റേന്ന് ഗ്രാമവാസികൾ കുട്ടികൾക്കൊപ്പം സംഭവസ്ഥലത്തു വന്നു. അവിടെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പരിശുദ്ധ അമ്മ വീണ്ടും ആ പാറയിൽ പ്രത്യക്ഷപ്പെട്ടു. വളരെ സങ്കടത്തോടെ കരഞ്ഞുകലങ്ങിയ കണ്ണുമായി നിൽക്കുന്ന അമ്മയോട്, എന്തിനാണ് കരയുന്നത് എന്നു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു: “ഒരു കാലത്ത് എന്റെ പുത്രനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഈ സ്ഥലത്ത് ഇപ്പോൾ ആളുകൾ കൃഷി ചെയ്യുകയാണ്.”

ഇത്രയും പറഞ്ഞു കൊണ്ട് അമ്മ അപ്രത്യക്ഷയായി. ഈ പ്രത്യക്ഷീകരണങ്ങളിലും കരച്ചിലിലും എന്തോ ദിവ്യത്വം ഉണ്ടെന്നു മനസ്സിലാക്കിയ മെത്രാൻ ജോൺ ഖസാക്കി വി എസ് ഈ സ്ഥലത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. നൂറിലധികം വയസ്സുള്ള ഒരു അന്ധൻ അടുത്ത ഗ്രാമത്തിൽ താമസിക്കുന്നുണ്ടായിരുന്നു. ഗ്രാമവാസികൾ ചരിത്രം അറിയാൻ വേണ്ടി അദ്ദേഹത്തെ സമീപിച്ചു.

80 വർഷങ്ങൾക്കു മുമ്പ് ഒരു വലിയ പാറയുടെ അരികിൽ പള്ളിയിലെ വിലപിടിപ്പുള്ള വസ്തുക്കൾ നിറച്ചിരുന്ന ഒരു പെട്ടി കുഴിച്ചിടാനായി തന്റെ പിതാവിനെ സഹായിച്ചതായി അദ്ദേഹം ഓർത്തു. അങ്ങനെ അയാളുടെ സഹായത്തോടെ മാതാവ് പ്രത്യക്ഷപ്പെട്ട പാറയുടെ അരികിലായി വർഷങ്ങൾക്കു മുമ്പ് അവിടെ കുഴിച്ചിട്ടിരുന്ന പെട്ടി കുഴിച്ചെടുത്തു. അത് തുറന്നപ്പോൾ അതിനുള്ളിൽ മാതാവിന്റെയും ഈശോയുടെയും വലിയ ചിത്രങ്ങളും തിരുക്കർമ്മവസ്ത്രങ്ങളും മറ്റു വസ്തുക്കൾ, ചില  രേഖകൾ എന്നിവയും കണ്ടെത്തി.

പിന്നീട് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ചെറിയ ദേവാലയം പണിതു. നിരവധി അത്ഭുതങ്ങളും രോഗശാന്തിയും ഇന്നും ഇവിടെ നടക്കുന്നു.

1775 ആഗസ്റ്റ് 17 -ന് പയസ് ആറാമൻ മാർപാപ്പ പ്രത്യേക ഉത്തരവിലൂടെ  പ്രത്യക്ഷീകരണം ഔദോഗികമാക്കി പ്രഖ്യാപിച്ചു. 1993 -ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ ദേവാലയം സന്ദർശിച്ചപ്പോൾ പരിശുദ്ധ അമ്മയെ ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന് പേര് വിളിച്ചു.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.