മാതാവിന്റെ പ്രത്യക്ഷീകരണം: പതിനഞ്ചാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ബേനോയിലെ അമ്മ അഥവാ പാവങ്ങളുടെ അമ്മ

1933 ജനുവരി 16 ആം തീയതിയാണ് ബെൽജിയത്തിലെ ബേനു എന്ന നഗരത്തിൽ പരിശുദ്ധ അമ്മ, 11 വയസ്സുള്ള മാരിയറ്റ് എന്ന കുട്ടിക്ക് പ്രത്യക്ഷപ്പെട്ടത്. ദൈവവിശ്വാസമില്ലാത്ത ഒരു കുടുംബത്തിലായിരുന്നു മാരിയറ്റിന്റെ  ജനനം. ദാരിദ്ര്യവും തൊഴിലില്ലായ്മയും ആ കുടുംബത്തെ വല്ലാതെ അലട്ടിയിരുന്നു. അതുകൊണ്ടു തന്നെ ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുന്നത് ആ കുടുംബത്തിൽ നിർബന്ധമുള്ള കാര്യമായിരുന്നില്ല. കൂടാതെ, കുടുംബത്തിലെ മൂത്ത പുത്രിയുമായിരുന്നു മാരിയറ്റ്.

അവൾക്കു താഴെ ആറു സഹോദരങ്ങൾ ഉണ്ടായിരുന്നു. മാരിയറ്റ് പഠിക്കൻ പിന്നിലായിരുന്നതിനാൽ കുർബാന സ്വീകരണത്തിന്റെ ക്ലാസുകൾ പകുതി വഴിയിൽ വച്ച് അവസാനിപ്പിച്ചു. ദൈവവിശ്വാസത്തിന്റെ യാതൊരു അടയാളവും ആ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ അവളുടെ കൈയ്യിൽ മാതാവിന്റെ  ഒരു കൊച്ചുചിത്രവും കളഞ്ഞുകിട്ടിയ ഒരു ജപമാലയും ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലും രാത്രി കിടക്കുന്നതിനു മുൻപ് അവൾ ജപമാല ചൊല്ലുമായിരുന്നു.

ഒരു ദിവസം വൈകുന്നേരം അപ്പനെ പ്രതീക്ഷിച്ച് ജനലിനരികിൽ കാത്തുനിൽക്കുകയായിരുന്നു മാരിയറ്റ്. ആ സമയം അവൾ ഒരു പ്രകാശവലയം  കാണാനിടയായി. അതിനുള്ളിൽ അതിമനോഹരിയായ ഒരു സ്ത്രീയെ അവൾക്ക് കാണാൻ സാധിച്ചു. അവൾ ജീവിച്ചിരുന്ന സമൂഹത്തിന്റെ വസ്ത്രധാരണ രീതിയിൽ നിന്നും ഒത്തിരി വ്യത്യാസപ്പെട്ടതായിരുന്നു ആ സ്ത്രീയുടെ വസ്ത്രധാരണം. ഭൂമിയിൽ നിന്ന് അല്പം ഉയർന്ന് മുകളിലായിരുന്നു ആ സ്ത്രീ നിന്നിരുന്നത്. അവളുടെ ഒരു കാൽ മാത്രമേ പുറത്തു കണ്ടിരുന്നുള്ളൂ. വിരലുകൾക്കിടയിൽ ഒരു സ്വർണ റോസാപ്പൂവും കണ്ടിരുന്നു. കൂടാതെ ഒരു സന്ദേശവും അവൾ നൽകി.

ആ സന്ദേശം ഇപ്രകാരമായിരുന്നു: ഇവിടെ ഒരു ദേവലയം പണിയുക. കൂടാതെ സമൂഹത്തിൽ ഒറ്റപ്പെടുകയും ദാരിദ്ര്യത്തിൽ കഴിയുന്നവരെയും കഷ്ടപ്പെടുന്നവരെയും പരിഗണിക്കുക. പിന്നീട് 1933 മാർച്ച് മാർച്ച് രണ്ടാം തീയതി വരെ 8 തവണകളായി മാതാവ് അവൾക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.

1942 മെയ് മാസത്തിൽ, ലീജ് രൂപയുടെ പിതാവായ ബിഷപ്പ് ലൂയിസ് ജോസഫ് കെർഖോഫ്സ്, പരിശുദ്ധ അമ്മയെ ‘പാവങ്ങളുടെ അമ്മ’ എന്ന വിശേഷണം നൽകി ആദരിക്കുകയുണ്ടായി. പിന്നീട് 1949 വരെ ഇവിടെ നടന്ന എല്ലാ മരിയൻ പ്രത്യക്ഷീകരണങ്ങളും ബിഷപ്പ് അംഗീകരിച്ചു. പാവങ്ങളുടെ അമ്മയായ മറിയത്തോട് നമുക്ക് പ്രാർത്ഥിക്കാം…

പാവങ്ങളുടെ അമ്മേ, ദാരിദ്ര്യം, തൊഴിലില്ലായ്മ, കഷ്ടപ്പാട്, ഒറ്റപ്പെടൽ എന്നിവയാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.