മാതാവിന്റെ പ്രത്യക്ഷീകരണം: പന്ത്രണ്ടാം ദിവസം

ജോബിഷ് പള്ളിത്തോട്‌

പ്രത്യാശയുടെ മാതാവ്

ഫ്രാൻസിലെ പൊൻഡ്മിൻ ഗ്രാമത്തിൽ 1871 ജനുവരി 17 -നാണ് പ്രത്യാശയുടെ മാതാവ് ആറു കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടത്. 1870 കാലഘട്ടം ഫ്രാൻസ് – പേർഷ്യൻ യുദ്ധകാലഘട്ടമായിരുന്നു. പേർഷ്യൻ സൈന്യം ഫ്രാൻസിലെ മൂന്നിൽ രണ്ടു ഭാഗവും  കരസ്ഥമാക്കി.

ഫ്രാൻസിലെ ഒരു ചെറുഗ്രാമമായിരുന്നു പൊൻഡ്മിൻ. യുദ്ധം ഭയന്നാണ് ആ ഗ്രാമവാസികൾ കഴിഞ്ഞിരുന്നത്. അവിടുത്തെ വികാരിയച്ചൻ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അവിടുത്തെ കുട്ടികൾ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാൻ തുടങ്ങി.

1871 ജനുവരി പതിനേഴാം തീയതി വൈകുന്നേരം യൂജിൻ എന്ന ബാലനും സഹോദരൻ ജോസഫും ധാന്യപ്പുരയിൽ പിതാവിനെ സഹായിക്കുകയായിരുന്നു. ആ സമയത്ത് യൂജിൻ അവിടെ നിന്നും പുറത്തിറങ്ങി നക്ഷത്രങ്ങൾ നിറഞ്ഞിരിക്കുന്ന ആകാശത്തേക്കു നോക്കി. പെട്ടെന്ന്, സുന്ദരിയായ ഒരു സ്ത്രീ അവനെ നോക്കി പുഞ്ചിരിക്കുന്നത് കാണാനിടയായി. ആ സ്ത്രീ സ്വർണനക്ഷത്രങ്ങളാൽ പൊതിഞ്ഞ്, നീലനിറത്തിലുള്ള ഗൗണും സ്വർണ്ണക്കിരീടത്തിനടിയിൽ കറുത്ത മൂടുപടവും ധരിച്ചിരുന്നു. അപ്പോൾ തന്നെ പിതാവും അവന്റെ പത്തു വയസ്സുള്ള സഹോദരൻ ജോസഫും ധാന്യപ്പുരയിൽ നിന്നും ഇറങ്ങിവന്നു. എന്നാൽ അനിയൻ ജോസഫിനു മാത്രമാണ് സുന്ദരിയായ ആ സ്ത്രീയെ കാണാൻ സാധിച്ചത്.

ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും ആദ്യം അവൾ അത് വിശ്വസിച്ചില്ല. പിന്നീട് പരിശുദ്ധ അമ്മ ആയിരിക്കുമെന്നും അമ്മയോട് പ്രാർത്ഥിക്കാനും കുട്ടികളുടെ അമ്മ അവരോട് പറഞ്ഞു. അനേകം പേർ അവിടെ വന്നെങ്കിലും അവിടെയുള്ള ആറു കുട്ടികൾക്ക് മാത്രമേ പരിശുദ്ധ അമ്മയെ കാണാൻ സാധിച്ചുള്ളൂ.

വികാരിയച്ചൻ അവിടെയുള്ള ജനങ്ങളോട് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് ആകാശത്തു നിന്നും വർണ്ണലിപികളിൽ ഇപ്രകാരം തെളിഞ്ഞു വന്നു: “എന്റെ മക്കളേ, പ്രാർത്ഥിക്കുക.”

ചുറ്റുമുള്ളവർ മാതാവിന്റെ ലുത്തിനിയാ ചൊല്ലാൻ തുടങ്ങി. പിന്നീട് അമ്മ ഇപ്രകാരം പറഞ്ഞു: “ദൈവം വേഗം നിങ്ങളുടെ പ്രാർത്ഥന കേൾക്കും. എന്റെ മകൻ അനുകമ്പയുള്ളവൻ തന്നെയാണ്.”

ഈ സമയം പരിശുദ്ധ അമ്മയുടെ മുഖം ദുഃഖത്താൽ നിറയുകയും കയ്യിൽ ഒരു ചുവന്ന കുരിശ് പ്രത്യക്ഷപ്പെടുകയും ചെയ്തു. അതിൽ ‘യേശുക്രിസ്തു’ എന്ന് എഴുതിയിരിക്കുന്നതായും പിന്നീട് അത് അപ്രത്യക്ഷമായതിനു ശേഷം രണ്ടു കുരിശുകൾ അമ്മയുടെ ചുമലിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു വെള്ളവസ്ത്രം അമ്മയുടെ പാദം മുതൽ കിരീടം വരെ മറയ്ക്കുകയും അപ്പോൾ അമ്മ അപ്രത്യക്ഷയാകുകയും ചെയ്തു. ആ സമയത്ത് പേർഷ്യൻ സൈന്യം യുദ്ധത്തിൽ നിന്ന് പിന്മാറാൻ കല്പന ലഭിക്കുകയും പത്തു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിക്കുകയും ചെയ്തു.

1872 ഫെബ്രുവരി രണ്ടാം തീയതി ശുദ്ധീകരണ തിരുനാൾ ദിവസം ലാവാനിലെ ബിഷപ്പ് ഈ പ്രത്യക്ഷീകരണത്തെപ്പറ്റി ഒരു ഇടയലേഖനം പുറപ്പെടുവിച്ചു. അതുവഴി മാതാവിനോടുള്ള വണക്കത്തിന് സഭ ഔദ്യോഗികമായി അംഗീകാരം നൽകുകയും ചെയ്തു.

“പ്രത്യാശയുടെ അമ്മേ, ദൈവപുത്രന്റെ അമ്മേ, എന്റെ ജീവിതത്തിന്റെ മുന്നോട്ടുള്ള ഓരോ ചുവടുവയ്പ്പും ദൈവേഷ്ടപ്രകാരമായി മാറാൻ മാറ്റുവാൻ സഹായിക്കണമേ.”

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.