മാതാവിന്റെ പ്രത്യക്ഷീകരണം: പതിനൊന്നാം ദിവസം

ജോബിഷ് പള്ളിത്തോട്‌

നല്ല സഹായത്തിന്റെ അമ്മ 

1859 -ൽ അമേരിക്കയിലെ ചാമ്പ്യൻ വിസ്കോൺസിൻ എന്ന സ്ഥലത്ത് 16 വയസ്സുള്ള അഡെലെ ബ്രൈസ് എന്ന പെൺകുട്ടിക്ക് പരിശുദ്ധ കന്യകാമറിയം മൂന്നു പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. മൂന്നാം പ്രാവശ്യവും അഡെലെക്ക് മാതാവിന്റെ പ്രത്യക്ഷീകരണം ഉണ്ടായപ്പോൾ തന്റെ കുമ്പസാരകൻ നിർദ്ദേശിച്ചതനുസരിച്ച് പരിശുദ്ധ അമ്മയോട് ചാമ്പ്യൻ ഇപ്രകാരം ചോദിച്ചു: “അമ്മേ, അങ്ങ് ആരാണ്? ഞാൻ എന്താണ് ചെയ്യേണ്ടത്?”

അമ്മ പറഞ്ഞു: “ഞാൻ സ്വർഗ്ഗത്തിലെ രാജ്ഞി ആണ്. പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു. നീയും അപ്രകാരം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.”

അമ്മ പറഞ്ഞതിൻ പ്രകാരം അഡെലെ പ്രാർത്ഥിക്കുകയും സിസ്റ്റേഴ്സ് ഗുഡ് ഹെൽത്ത് എന്ന പ്രാർത്ഥനാ കൂട്ടായ്മക്ക് രൂപം കൊടുക്കുകയും ചെയ്തു. പ്രത്യക്ഷീകരണമുണ്ടായ സ്ഥലത്ത് അഡെലിന്റെ പിതാവ് ഒരു കപ്പേള പണിയുകയും പിന്നീട് 1961 -ൽ അവിടെ ഒരു ദേവാലയം നിർമ്മിക്കപ്പെടുകയും ചെയ്തു.

1871 ഒക്ടോബർ മാസം എട്ടാം തീയതി, അമേരിക്കയിലെ പെഷ്ടിഗോ എന്ന സ്ഥലത്ത്
ഒരു വലിയ തീപിടുത്തം ഉണ്ടായി. ആ തീപിടുത്തത്തിൽ ഏകദേശം 2500 പേർ മരിക്കുകയും ഏക്കറു കണക്കിന് സ്ഥലം കത്തിനശിക്കുകയും ചെയ്തു. പ്രത്യക്ഷീകരണസ്ഥലത്തെ ചാപ്പലിന്റെ അടുത്തേക്ക് തീ പടരുന്ന സാഹചര്യം ഉണ്ടായി. തീപിടുത്തം ആ പ്രദേശത്തെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ ആളുകൾ അവരുടെ കുടുംബങ്ങളെയും വളർത്തുമൃഗങ്ങളെയും ചാപ്പലിന്റെ മൈതാനത്ത് കൊണ്ടുവന്നു. അഡെലെ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. അഡെലിന്റെ നേതൃത്വത്തിൽ അവിടത്തെ ജനങ്ങൾ ഒന്നുചേർന്ന് ആ രാത്രിയിൽ തന്നെ ഒരു പ്രാർത്ഥനാ കൂട്ടായ്മ സജ്ജമാക്കി പരിശുദ്ധ അമ്മയുടെ സഹായത്തിനായി പ്രാർത്ഥിക്കാൻ തുടങ്ങി. രാത്രിയിലുടനീളം മുട്ടുകുത്തി അവർ കൊന്ത ചൊല്ലി പ്രാർത്ഥിച്ചു. പ്രഭാതത്തോടെ ഒരു പെരുമഴ പെയ്തു.

ആ ദിവസം പ്രഭാതത്തിലെ കാഴ്ച അവിടെ കൂടിയിരുന്നവരെ അതിശയപ്പെടുത്തി. അവർ നിന്നിരുന്ന സ്ഥലത്ത് മാത്രമായിരുന്നു പച്ചപ്പ്. അവർ നിന്നിരുന്ന ചാപ്പൽ മൈതാനത്തിനപ്പുറം നാലു വശവും മുഴുവനായും കത്തിനശിച്ചിരുന്നു. ഇന്ന് ആ സ്ഥലത്ത് നല്ല സഹായത്തിന്റെ മാതാവ് എന്ന പേരിലുള്ള മനോഹരമായ ദേവാലയം സ്ഥിതിചെയ്യുന്നു. 2010 ഡിസംബർ എട്ടാം തീയതി ബിഷപ്പ് ഡേവിഡ് എൽ. റിക്കൻ, അഡെലെനുണ്ടായ മരിയൻ പ്രത്യക്ഷീകരണം അംഗീകരിച്ചതോടെ അമേരിക്കയിൽ ആദ്യമായി അംഗീകരിക്കപ്പെട്ട മരിയൻ പ്രത്യക്ഷീകരണമായി അതു മാറി. ആപത്തുകളിൽ സഹായകമാവുന്ന പരിശുദ്ധ അമ്മയുടെ സഹായത്തിനായി നമുക്ക് യാചിക്കാം.

നല്ല സഹായത്തിന്റെ അമ്മേ, എനിക്ക് സഹായിയായി മാറേണമെ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.