മാതാവിന്റെ പ്രത്യക്ഷീകരണം: പത്താം ദിവസം

ജോബിഷ് പള്ളിത്തോട്‌

ലാസ ലെറ്റ് മാതാവ്

ഒരു കാലഘട്ടത്തിൽ പരിശുദ്ധ മാതാവിനോട് ഏറെ വിശ്വാസവും സ്നേഹവും ആദരവും പുലർത്തിയിരുന്ന ഒരു ഒരു രാജ്യമായിരുന്നു ഫ്രാൻസ്. എന്നാൽ 1789 -ല്‍ ഫ്രഞ്ച് വിപ്ലവം ഫ്രാൻസിലെ ദൈവവിശ്വാസത്തിൽ ഏറെ തകർച്ചകൾ സൃഷ്ടിച്ചു. നിരീശ്വരവാദം ജനങ്ങൾക്കിടയിൽ വളർന്നുവന്നു. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് പരിശുദ്ധ അമ്മ ഫ്രാൻസിലെ ലാസ ലെറ്റ് മലമുകളിൽ മാക്സിമിൻ ജിറാഡ്, മെലാനി കാൽവാട്ട് എന്നീ രണ്ട് ഇടയബാലർക്ക് നിറകണ്ണുകളോടെ പ്രത്യക്ഷപ്പെട്ട് തന്റെ തിരിക്കുമാരാന്റെ സന്നിധിയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞത്. ഒരു പാറക്കല്ലിലിരുന്ന് കരഞ്ഞുകൊണ്ടാണ് മാതാവ് ഈ കുട്ടികൾക്ക് ദർശനം നൽകിയത്. ദർശനവേളയിൽ മാതാവ് സംസാരിച്ചതു മുഴുവനും കരഞ്ഞുകൊണ്ടായിരുന്നു. എന്നാൽ ഒരു തുള്ളി കണ്ണുനീർ പോലും താഴേക്ക് വീഴാതെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ലാസ ലെറ്റ് മാതാവ് കണ്ണീരിന്റെ മാതാവ്, കരയുന്ന മാതാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു.

സമൂഹത്തിൽ നിലയും വിലയും ഇല്ലാത്തവരും അക്ഷരജ്ഞാനം ഇല്ലാത്തവരുമായിരുന്നു മാക്സിമിൻ ജിറാഡും മെലാനി കാൽവാട്ടും. ‘മക്കളെ, നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ’ എന്ന ചോദ്യത്തിന്, ‘ഇല്ല’ എന്ന മറുപടി പറഞ്ഞ അവരോട് അമ്മ പറഞ്ഞു: “പ്രഭാതത്തിലും സായാഹനത്തിലും പ്രാർത്ഥിക്കണം. പ്രാർത്ഥിക്കാനാവാത്ത സമയങ്ങളിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയും ചൊല്ലാൻ ശ്രമിക്കണം.” സമയം കിട്ടുന്നതനുസരിച്ച് കൂടുതൽ പ്രാർത്ഥിക്കണമെന്നും അമ്മ അവരെ ഓർമ്മിപ്പിച്ചു. ഈ സന്ദേശം എല്ലാവരെയും അറിയിക്കണമെന്ന് പറഞ്ഞുകൊണ്ട് മാതാവ് അപ്രത്യക്ഷയായി.

ക്രൂശിതരൂപം ധരിച്ച് അമ്മ പ്രത്യക്ഷപ്പെട്ട ഏകസ്ഥലം ഇതാണ്. മാതാവിന്റെ ചുറ്റും വലിയ പ്രകാശമുണ്ടായിരുന്നു. ആ പ്രകാശത്തിന്റെ ഉറവിടം അമ്മ ധരിച്ചിരുന്ന ക്രൂശിതരൂപമായിരുന്നു. നാം പാപം ചെയ്യുമ്പോൾ ക്രിസ്തുവിനെ ക്രൂശിക്കുന്നു എന്നതിനു പ്രതീകമായി ചുറ്റികയും, നമ്മൾ അനുതപിക്കുമ്പോൾ ക്രിസ്തുവിന്റെ കുരിശിൽ നിന്നും ആണികൾ ഇളക്കിയെടുക്കുന്നതിന്റെ പ്രതീകമായി ചവണയും ആ കുരിശിൽ കാണാപ്പെട്ടിരുന്നു.

പ്രാർത്ഥന, തീക്ഷ്ണത, പരിത്യാഗം എന്നീ മൂന്ന് കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കണമെന്ന് ലാസ ലെറ്റിലെ മരിയൻ പ്രത്യക്ഷീകരണം നമ്മെ ഓർമ്മിപ്പിക്കുന്നു. പരിശുദ്ധ അമ്മയോടുള്ള കണ്ണുനീരിനുള്ള മറുപടി നമ്മുടെ ഓരോരുത്തരുടെയും വിശുദ്ധ ജീവിതങ്ങളാണ്.

പരിശുദ്ധ അമ്മേ, ഞങ്ങളുടെ ജീവിതത്തെ അങ്ങ് അനുഗ്രഹിക്കണമെ.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.