മാതാവിന്റെ പ്രത്യക്ഷീകരണം: ഒന്നാം ദിവസം

ജോബിഷ് പള്ളിത്തോട്‌

സരഗോസയിലെ അമ്മ

ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു ശേഷം സെബദിയുടെ പുത്രനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ യാക്കോബ് ശ്ലീഹാ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വാഴുന്ന സ്പെയിനിന്റെ ഹൃദയഭാഗത്തേക്ക് സുവിശേഷപ്രഘോഷണത്തിനായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. യാക്കോബ് ശ്ലീഹായോട് പരിശുദ്ധ അമ്മ ഇപ്രകാരം പറഞ്ഞു: “മകനേ, നീ പോകുക. നിന്റെ സുവിശേഷവേല കൊണ്ട് അനേകം പേർ മാനസാന്തരപ്പെടുന്നതും എന്റെ പേരിൽ അവിടെ ഒരു ദേവാലയമുയരുന്നതും കാണാൻ നിനക്കിടയാകും.”

അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങിയ യാക്കോബ് ശ്ലീഹാ സുവിശേഷപ്രഘോഷണം ആരംഭിച്ചെങ്കിലും കാര്യമായ ഒരു മാറ്റം സമൂഹത്തിൽ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിൽ സങ്കടപ്പെട്ടുകൊണ്ട് യാക്കോബ് ശ്ലീഹാ (Ebro) നദിക്കരയിൽ പ്രാർത്ഥനക്കായി എത്തിയപ്പോൾ മാലാഖമാരുടെ ധ്വനിയും ആവേ മരിയ ഗാനവും കേട്ട് തല ഉയർത്തി നോക്കിയപ്പോൾ ഒരു മാർബിൾ ശിലയിൽ അദ്ദേഹം അമ്മയെ ദർശിച്ചു. അമ്മ, യാക്കോബ് ശ്ലീഹായോടു പറഞ്ഞു: “മകനേ, ഞാൻ നിൽക്കുന്ന ഈ മാർബിൾ ശിലയിലേക്ക് ഒന്നു നോക്കുക. എന്റെ മകൻ സ്വർഗ്ഗത്തിൽ നിന്നു നൽകിയ ഈ കല്ല് കൊണ്ട് ഇവിടെ ഒരു ദേവാലയം പണിയണം. ഇവിടെ പണിയപ്പെടുന്ന ദേവാലയത്തിലെ അൾത്താര ആയിരിക്കണം ഈ ശില നിൽക്കുന്ന സ്ഥലം. ഈ ശില ലോകത്തിന്റെ അവസാനത്തോളം ഇവിടെ നിലനിൽക്കും. ഒരിക്കലും ഇവിടെ ക്രിസ്തീയവിശ്വാസം ഇല്ലാതാക്കുവാൻ ഞാൻ ഒരിക്കലും വരികയില്ല.”

പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി യാക്കോബ് ശ്ലീഹാ അവിടെ ഒരു ദേവാലയം പണിതു. കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ച് മാതാവിന്റെ പ്രത്യക്ഷീകരണങ്ങളിൽ ആദ്യത്തെ പ്രത്യക്ഷപ്പെടലാണ് സ്പെയിനിൽ ഉണ്ടായ ഈ സംഭവം. അതുകൊണ്ടു തന്നെ ഈ പ്രത്യക്ഷീകരണം സഭയുടെ ആരാധനക്രമത്തിൽ ജനുവരി രണ്ടാം തീയതി പ്രത്യേകമായി ഓർക്കുന്നുണ്ട്.

പരിശുദ്ധ അമ്മ സ്വർഗ്ഗത്തിൽ നിന്നു കൊണ്ടുവന്ന ശിലയിൽ പണിതീർത്ത ദേവാലയം പരിശുദ്ധ അമ്മയുടെ പേരിൽ അറിയപ്പെട്ട ആദ്യത്തെ ദേവാലയമായിത്തീർന്നു.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.