പീയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പയെ കൊല്ലാൻ ആഗ്രഹിച്ച വ്യക്തിയെ മാതാവ് പ്രത്യക്ഷപ്പെട്ട് പരിവർത്തനപ്പെടുത്തിയ കഥ

കത്തോലിക്കാസഭയുടെ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് എതിരെ സംസാരിക്കുകയും പരിശുദ്ധ അമ്മയെ ചേർത്തു പിടിച്ചു എന്ന പേരിൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പായെ വധിക്കുവാൻ ആഗ്രഹിക്കുകയും ചെയ്ത ഒരാളായിരുന്നു ബ്രൂണോ കോർനാച്ചിയോള. എന്നാൽ അദ്ദേഹത്തിൻറെ സംശയങ്ങൾക്ക് ഉത്തരം നൽകുവാൻ പരിശുദ്ധ കന്യകാമറിയം നേരിട്ട് പ്രത്യക്ഷപ്പെട്ടതോടെ കത്തോലിക്കാ സഭയിലേക്കുള്ള ബ്രൂണോ കോർനാച്ചിയോളയുടെ പരിവർത്തനത്തിന്റെ യാത്ര ആരംഭിക്കുകയായിരുന്നു.

സംഭവം നടന്നത് 1947 ഏപ്രിൽ 12 -നാണ്. അന്ന് ബ്രൂണോ തന്റെ മൂന്ന് മക്കളായ ഐസോള, 10 വയസ്സ്, കാർലോ, 7 വയസ്സ്, 4 വയസ്സുള്ള ജിയാൻഫ്രാങ്കോ എന്നിവരെ പാർക്കിലേക്ക് കൊണ്ടുപോയി. കുട്ടികൾ കളികളിൽ ഏർപ്പെടുന്ന സമയം ബ്രൂണോ പരിശുദ്ധ അമ്മയെ കുറിച്ചുള്ള സഭയുടെ പഠനങ്ങൾക്കെതിരെ ലേഖനങ്ങൾ എഴുതുന്ന തിരക്കിൽ മുഴുകി. 34 -കാരനായ ബ്രൂണോ, ‘മേരി എല്ലായ്പ്പോഴും കന്യകയും കുറ്റമറ്റവളുമായിരുന്നില്ല’ എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കുകയായിരുന്നു. തിരക്കുകൾക്കിടയിൽ ആണ് അദ്ദേഹം ശ്രദ്ധിച്ചത് കുട്ടികൾ കളിക്കുവാൻ പോയിട്ട് ഇതുവരെ തിരികെ എത്തിയില്ല എന്നത്. അദ്ദേഹം അവരെ അന്വേഷിക്കാൻ പോയി. കുഞ്ഞുങ്ങളെ അന്വേഷിച്ചു ചെന്ന ബ്രൂണോ കണ്ടത് ഒരു ഗ്രോട്ടോയ്ക്കു മുന്നിൽ നിന്ന് സുന്ദരിയായ യുവതി എന്ന് ആവർത്തിക്കുന്ന കുട്ടികളെയാണ്.

അവിടെ ചെന്ന ബ്രൂണോയ്ക്കു വെളുത്ത മേലങ്കിയിൽ പച്ച നിറത്തിലുള്ള മേൽക്കുപ്പായവും പിങ്ക് നിറത്തിലുള്ള അരപ്പട്ടയും ധരിച്ച ഒരു സ്ത്രീയെ കാണുവാൻ കഴിഞ്ഞു. ആ സ്ത്രീയുടെ കയ്യിൽ വിശുദ്ധ ഗ്രന്ഥവും ഉണ്ടായിരുന്നു. അതീവ സുന്ദരിയായി കാണപ്പെട്ട ആ സ്ത്രീ ബ്രൂണോയോട് സംസാരിച്ചു. “ഞാൻ വെളിപാടിന്റെ കന്യകയാണ്. ഇപ്പോൾ തന്നെ നിങ്ങൾ എന്നെ പിന്തുടരുക.” കത്തോലിക്കാ സഭയിലേക്കു മടങ്ങുവാൻ ഉള്ള വലിയ ഒരു ആഹ്വാനമാണ് ആ സ്ത്രീ ബ്രൂണോയ്ക്കു നൽകിയത്. ഈ അനുഭവം പെട്ടെന്നുതന്നെ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് ബ്രൂണോയെ സഹായിച്ചു. ഏതാനും നാളുകൾക്കു ശേഷം പാപ്പായെ കണ്ടു അദ്ദേഹത്തെ കൊല്ലാൻ തീരുമാനം എടുത്തതിൽ ക്ഷമാപണം നടത്തണം എന്ന് തോന്നി. അതിനുള്ള അവസരം ലഭിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മാനസാന്തരം കണ്ട് പീയൂസ് പന്ത്രണ്ടാമൻ പാപ്പാ പറഞ്ഞു “എന്നെ കൊലപ്പെടുത്തിയാൽ ആ കൊലപാതകത്തിലൂടെ തിരുസഭയ്ക്കു ഒരു രക്തസാക്ഷിയെ ലഭിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. ക്രിസ്തുവിന് സ്നേഹത്തിന്റെ വിജയം മാത്രമേ അപ്പോഴും സംഭവിക്കുമായിരുന്നുള്ളു. അതിനാൽ മകനേ, ഏറ്റവും നല്ല പാപമോചനം മാനസാന്തരമാണ്.”

1982 ഫെബ്രുവരി 23 -ന് അവസാനിച്ച പരിശുദ്ധ അമ്മയുടെ മറ്റ് ദർശനങ്ങൾക്കും ബ്രൂണോ സാക്ഷ്യം വഹിച്ചു. ദൈവമാതാവ് ബ്രൂണോയോട് അവളുടെ ബഹുമാനാർത്ഥം ഒരു ദേവാലയം പണിയാൻ ആവശ്യപ്പെട്ടു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് റോമിലെ ട്രെ ഫോണ്ടാനിലെ ട്രാപ്പിസ്റ്റ് ആബിക്ക് സമീപം ഒരു ചാപ്പൽ നിർമ്മിക്കുവാൻ മാർപാപ്പാ അനുമതി നൽകി. 1997 -ൽ വി. ജോൺ പോൾ രണ്ടാമൻ ഈ സ്ഥലത്തിന്റെ പേര് ‘സാന്താ മരിയ ഡെൽ ടെർസർ മിലേനിയോ എ ലാസ് ട്രെസ് ഫ്യൂന്റസ്’ എന്ന് അംഗീകരിച്ചു. ഇന്ന് മിഷനറീസ് ഓഫ് ഡിവൈൻ റെവലേഷൻ സന്യാസ സമൂഹത്തിന്റെ മേൽനോട്ടത്തിലാണ് ഈ ദൈവാലയം.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.