യൂറോപ്യൻ യൂണിയനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ അന്തരിച്ചു

യൂറോപ്യൻ യൂണിയനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ്പ് അൽഡോ ജിയോർഡാനോ അന്തരിച്ചു. കോവിഡ് രോഗബാധയെ തുടർന്ന് ബെൽജിയത്തിലെ ലുവെനിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 67 വയസായിരുന്നു.

ഇറ്റലിയിലെ കുനിയോ സ്വദേശിയായ അദ്ദേഹം 2008 -ൽ യൂറോപ്യൻ കൗൺസിലിലേക്ക് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി നിയമിതനായി. 2013 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വെനസ്വേലയിലെ അപ്പസ്തോലിക് നൂൺഷ്യോ ആയി നിയമിച്ചു. വെനസ്വേലയിൽ ഏകദേശം എട്ട് വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷം, ഈ വർഷം ആർച്ചുബിഷപ്പ് ഗിയോർഡാനോ യൂറോപ്യൻ യൂണിയനിലേക്ക് നിയമിതനായി.

1954 ആഗസ്റ്റ് 20 -ന് കുനിയോയിൽ ജനിച്ച അദ്ദേഹം 1979 -ൽ വൈദികനായി അഭിഷിക്തനായി. മിലാനിലെ നോർത്തേൺ ഇറ്റലിയിലെ ദൈവശാസ്ത്ര ഫാക്കൽറ്റിയിൽ നിന്ന് ബിരുദവും പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് തത്വചിന്തയിൽ ലൈസെൻഷ്യേറ്റും നേടിയിട്ടുണ്ട്. 1982 മുതൽ 1996 വരെ വിവിധ സഭാമേഖലകളിൽ തത്വശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. സമകാലിക തത്വചിന്ത, ധാർമ്മികത, ക്രിസ്തുമതത്തിന്റെയും യൂറോപ്പിന്റെയും പ്രമേയം എന്നിവയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുകയും എഴുതുകയും ചെയ്തു. 1995 മെയ് 15 -ന്, യൂറോപ്പിലെ ബിഷപ്പ് കോൺഫറൻസുകളുടെ കൗൺസിലിന്റെ (CCEE) സെക്രട്ടറി ജനറലായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.