ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ദൗത്യത്തിന്റെ വാര്‍ഷികം! ഔദ്യോഗിക മെഡല്‍ പുറത്തിറക്കി വത്തിക്കാന്‍

സഭയുടെ 266-ാമത് മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ദൗത്യത്തിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക മെഡല്‍ വത്തിക്കാന്‍ പുറത്തിറക്കി. മുപ്പത് സ്വര്‍ണ്ണ മെഡലുകളും, രണ്ടായിരം വെള്ളി മെഡലുകളും, രണ്ടായിരത്തി അഞ്ഞൂറ് വെങ്കല മെഡലുകളും മാത്രമേ നിലവില്‍ ലഭ്യമാക്കിയിട്ടുള്ളൂ.

അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്തിട്ടുള്ള മെഡലില്‍, ഒക്ടോബറില്‍ നടക്കുവാനിരിക്കുന്ന മെത്രാന്‍ സിനഡിന്റെ പ്രമേയത്തെ അനുസ്മരിപ്പിച്ചുകൊണ്ട് മാമ്മോദീസയെ പ്രതീകവത്ക്കരിക്കുന്ന പ്രാവും, നദിക്കരയും, ജനങ്ങളും പതിപ്പിച്ചിട്ടുണ്ട്. ഉല്‍പത്തി പുസ്തകത്തില്‍ പറയുന്ന ‘അത് നല്ലതാണെന്ന് ദൈവം കണ്ടു’ എന്നര്‍ത്ഥമാക്കുന്ന ‘ആന്‍ഡ് വിഡിറ്റ് ഡിയൂസ് ക്വോഡ് എസ്സെറ്റ് ബോണം’ എന്ന ലാറ്റിന്‍ വാക്യവും മെഡലിലുണ്ട്.

പ്രമുഖ ഇറ്റാലിയന്‍ കലാകാരനായ ഒറിയറ്റാ റോസി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ മെഡലില്‍, ദി പൊളിഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മിന്റ് ഓഫ് ദി ഇറ്റാലിയന്‍ സ്റ്റേറ്റിന്റെ സെക്രട്ടറിയുടെ സാക്ഷ്യത്തോടെയാണ് ഓരോ മെഡലും നിര്‍മ്മിച്ചിരിക്കുന്നത്.