ഉപേക്ഷിക്കപ്പെട്ടവരുടെ അപ്പസ്തോലന്‍

    സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും അശരണരും രോഗികളുമായ ആളുകളെ ഒപ്പം ചേര്‍ത്തുപിടിച്ചു കൊണ്ട് വിശുദ്ധിയിലേയ്ക്ക് നടന്നടുത്ത വ്യക്തിയാണ് വി. ജോണ്‍ ബാപ്ടിസ്റ്റ് ദേ റോസ്സി. 1698 ഫെബ്രുവരി 22-ന് ജെനോയയിലെ ഒരു സാധുകുടുംബത്തിലാണ് ജോണ്‍ ജനിക്കുന്നത്. സാധാരണക്കരായ മാതാപിതാക്കളുടെ ഇളയ മകന്‍. സമ്പത്തില്‍ മാത്രമേ ആ കുടുംബത്തിന് ദാരിദ്ര്യം ഉണ്ടായിരുന്നുള്ളു. സ്നേഹത്തിന്റെയും കരുണയുടെയും അയല്‍ക്കാരോടുള്ള ബന്ധത്തിന്റെയും കാര്യത്തില്‍ അവര്‍ അതിസമ്പന്നരായിരുന്നു.

    ജോണിന് 13 വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണശേഷം ജോണിനെ മുതിര്‍ന്ന ബന്ധുക്കളിലൊരാളായ ലോറെന്‍സോ തന്റെയൊപ്പം റോമിലേയ്ക്ക് കൊണ്ടുപോയി. ആഴമായ വിശ്വാസമുള്ള വ്യക്തിയും വൈദിക വിദ്യാര്‍ത്ഥിയുമായിരുന്നു അദ്ദേഹം. അദ്ദേഹം ജോണിനെ അവിടെ ജസ്യൂട് വൈദികരുടെ സ്ഥാപനത്തില്‍ അയച്ചു പഠിപ്പിച്ചു. അവിടുത്തെ ജീവിതം, തനിക്കും ഒരു വൈദികനാകണം എന്ന ആഗ്രഹം ജോണില്‍ നിക്ഷേപിച്ചു. ഏറെ പ്രാര്‍ത്ഥനകള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു.

    എന്നാല്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. തിയോളജി പഠനവേളയില്‍ അപസ്മാരം എന്ന രോഗം അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയായി. എങ്കിലും അദ്ദേഹം പിന്മാറുവാന്‍ തയ്യാറായിരുന്നില്ല. പഠിക്കുകയും ദൈവത്തില്‍ ആഴമായി ആശ്രയിക്കുകയും ചെയ്തു. പൗരോഹിത്യം എന്ന സ്വപ്നത്തിലേയ്ക്കു അടുക്കുന്തോറും രോഗം അതിന്റെ പിടി മുറുക്കിക്കൊണ്ടിരുന്നു. എങ്കിലും അദ്ദേഹം തളര്‍ന്നില്ല . ആ വൈദിക വിദ്യാര്‍ഥിയുടെ വിശ്വാസത്തിന്റെ ആഴം കണ്ടില്ലെന്നു നടിക്കുവാന്‍ സഭധികാരികള്‍ക്കും കഴിഞ്ഞില്ല.

    രോഗം വലയ്ക്കുന്ന സമയങ്ങളിലും അദ്ദേഹം കൂട്ടുകാരെയും സഹപാഠികളെയും കൂട്ടി പാവങ്ങളുടെ അടുത്തെത്തുമായിരുന്നു. ആരും സഹായിക്കാനില്ലാത്ത അവര്‍ക്ക് ആവശ്യമായ ശുശ്രൂഷകള്‍ ചെയ്ത് അവര്‍ മടങ്ങി. തന്റെ ജീവിതത്തില്‍, സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി സേവനം ചെയ്യുമ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ചിരുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടവരുടെ ഒപ്പമായിരിക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ സമയത്തും പൗരോഹിത്യ സ്വീകരണത്തിനായി അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. രോഗം ഒരു തടസമാണെന്ന് അറിയാമെങ്കിലും അതിനെ പരിശുദ്ധ അമ്മയിലൂടെ ഈശോയ്ക്ക് സമര്‍പ്പിക്കുവാനും ആ സഹനങ്ങളെ ഈശോയ്ക്കായി ഏറ്റെടുക്കുവാനും അദ്ദേഹം മടി കാണിച്ചില്ല.

    അദ്ദേഹത്തിന്‍റെ ആഴമായ വിശ്വാസവും തീക്ഷ്ണതയും കണക്കിലെടുത്ത് 1721 മാര്‍ച്ച്‌ 8-ന് അദ്ദേഹത്തിന്‍റെ പൗരോഹിത്യ സ്വീകരണം നടത്തി. ജീവിതത്തിൽ താൻ കണ്ട ഏറ്റവും മനോഹരമായ ഒരു ദിവസമായിരുന്നു എന്ന് വിശുദ്ധന്‍ തന്റെ പൗരോഹിത്യ സ്വീകരണ ദിനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. വൈദികനായ ശേഷം ഒരു നിമിഷംപോലും അദ്ദേഹം അടങ്ങിയിരുന്നില്ല. ദൈവത്തിന്റെ സ്നേഹം സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരിലേയ്ക്ക് പകരുവാന്‍ അതിയായ തീക്ഷ്ണതയോടെ ഓടിനടക്കുകയായിരുന്നു ആ വൈദികന്‍. അദ്ദേഹം കടന്നുചെല്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല. ചേരികളിലും കുടിലുകളിലും തെരുവുകളിലും ആശുപത്രി വരാന്തകളിലും ജയിലുകളിലും പ്രസന്നമായ ഒരു ചിരിയോടെ കയറിയിറങ്ങി ആളുകളെ ആശ്ലേഷിച്ച ആ വൈദികനെ അവർ അത്ഭുതത്തോടെ നോക്കിനിന്നു.

    സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരായി ആരുമുണ്ടാകരുത് എന്ന ഒരു ചിന്ത മാത്രമേ ആ വൈദികന് ഉണ്ടായിരുന്നുള്ളു. അതിനായി രാവും പകലും എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ വിധി വീണ്ടും അദ്ദേഹത്തെ പരീക്ഷിച്ചു. രോഗം വന്നു അധികം നടക്കാൻ കഴിയാതെയായി. ഈ സമയത്ത് അദ്ദേഹത്തോട് പൂർണ്ണമായും വിശ്രമിക്കാൻ ആവശ്യപ്പെട്ട അധികാരികളിൽ നിന്നും ആളുകളെ കുമ്പസാരിപ്പിക്കുന്നതിനുള്ള അനുമതി തേടി. രാവന്തിയോളം കുമ്പസാരിപ്പിക്കുവാൻ അദ്ദേഹം തയ്യാറായിരുന്നു. തെരുവുകളിൽ നിന്നുള്ളവരെ തേടിപ്പിടിച്ച് ആവശ്യമായ ഒരുക്കം നൽകി കുമ്പസാരത്തിലൂടെ ദൈവമക്കളാക്കി മാറ്റുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

    എന്നാൽ അധികം വൈകാതെ തന്നെ ശരീരം തളർന്ന അവസ്ഥയിലേയ്ക്ക് അദ്ദേഹം എത്തി. അനങ്ങാൻ കഴിയാത്ത അവസ്ഥയിലും ദൈവത്തിൽ ആഴമായി വിശ്വസിക്കുകയും പ്രാർത്ഥനയിൽ ആഴപ്പെടുകയും ചെയ്ത അദ്ദേഹം മറ്റു വൈദികർക്ക് സെമിനാരിക്കാർക്കും എന്നും ഒരു മാതൃകയായി മാറി. 1764 മെയ് ഇരുപത്തി മൂന്നാം തീയതി അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

    അദ്ദേഹത്തെ അവസാനമായി ഒന്ന് കാണുന്നതിനായി ആയിരങ്ങളാണ് വഴിയരികിൽ കാത്തുനിന്നത്. പാവങ്ങൾക്കായി ജീവിതകാലമത്രയും ഓടിനടന്ന ആ പുണ്യവൈദികന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയ വഴികളിൽ അനേകർക്ക്‌ സൗഖ്യം ലഭിച്ചു. അന്നുമുതൽ അദ്ദേഹം ഒരു വിശുദ്ധനാണെന്ന വിശ്വാസം വളർന്നു വന്നുവെങ്കിലും സർക്കാർ അതിനെ അവഗണിച്ചു. 1860 ഡിസംബർ എട്ടാം തീയതി ലെയോ പതിമൂന്നാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.