ഫ്രാന്‍സിസ് പാപ്പാ ലോകത്തോട് നടത്തിയ സമാധാന ആഹ്വാനത്തിന് നന്ദി പറഞ്ഞ് യുഎന്‍ സെക്രട്ടറി

ലോകത്ത് ഉയരുന്ന പുതിയ ഭീഷണികള്‍ക്ക് ഐക്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും നവമായ പ്രതികരണമാണ് ആവശ്യമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍, അന്റോണിയോ ഗുട്ടെറസ്. വത്തിക്കാന്റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ആഗോളതലത്തില്‍ കൊറോണാ വൈറസ് ബാധ ആയിരങ്ങളെ മരണത്തില്‍ ആഴ്ത്തിയപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നുകൊണ്ടിരുന്ന യുദ്ധങ്ങള്‍ക്കും അഭ്യന്തരകലാപങ്ങള്‍ക്കും ഒരു വെടിനിറുത്തല്‍ ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ലോകത്തോടു തുറന്നുപ്രസ്താവിച്ചത് ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ താന്‍ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് ഗുട്ടെറസ് എടുത്തുപറഞ്ഞു. പാപ്പായുടെ അഭ്യര്‍ത്ഥന, കോവിഡ് 19-ന്റെ ക്ലേശങ്ങള്‍ പങ്കുവയ്ക്കുവാനുള്ള അപേക്ഷ മാത്രമായിരുന്നില്ല മറിച്ച്, മാനവികതയുടെ യാതന കുറയ്ക്കുവാനും മനുഷ്യാന്തസ്സ് മാനിക്കുവാനും രാഷ്ട്രങ്ങളോടും ജനതകളോടു തന്നെയും നടത്തിയ ഫലവത്തായ അഭ്യര്‍ത്ഥനയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ നടുക്കിയ മഹാമാരി ജനതകള്‍ക്ക് ഒരു ഉണര്‍ത്തുവിളിയാണെന്നും, ഇത്രയേറെ മാരകമായ വൈറസ് രോഗത്തോടു പ്രതിരോധിക്കാന്‍ അതുകൊണ്ടു തന്നെ ജനതകള്‍ പൂര്‍വ്വോപരി ഐക്യത്തോടും ഐക്യദാര്‍ഢ്യത്തോടും കൂടെ മുന്നോട്ടു നീങ്ങാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.