പ്രളയബാധിതർക്കായി കെട്ടുകണക്കിന് വസ്ത്രങ്ങൾ നൽകി തൃശൂർക്കാരൻ ആന്റോ 

പ്രളയബാധിതർക്കായി കരുതലിന്റെ കരം തീർത്ത വ്യക്തിയാണ് തൃശൂർക്കാരനായ വസ്ത്രവ്യാപാരി ആന്റോ. പ്രളയബാധിതർക്കായി മുന്നുംപിന്നും നോക്കാതെ തന്റെ കയ്യിലുള്ളതൊക്കെ എടുത്തുനൽകാൻ തയ്യാറായ ആന്റോ ലൈഫ് ഡേയോട് സംസാരിക്കുന്നു…

ചാലക്കുടി മാർക്കറ്റിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി തുണിക്കട നടത്തിവരുന്ന ആളാണ് ആന്റോ. ഇത്രയും നാൾക്കിടെ മുന്നിൽ വന്നു കൈനീട്ടുന്നവർക്ക് ഒക്കെയും സഹായങ്ങൾ നൽകണം എന്ന പിതാവിന്റെ ഉപദേശത്തെ ശിരസ്സാവഹിച്ച ആന്റോയ്ക്ക് പ്രളയത്തിൽ കഷ്ടതയിലായവരെ സഹായിക്കാൻ രണ്ടാമത് ഒന്നുകൂടെ ആലോചിക്കേണ്ടി വന്നില്ല.

കഴിഞ്ഞ തവണ പ്രളയം വന്നപ്പോൾ അടുത്തുള്ള പാലത്തിലൊക്കെ വെള്ളം കേറിയിരുന്നു. ഈ തവണയും മഴ കനത്തപ്പോൾ വെള്ളം കേറാനുള്ള സാധ്യത മുൻനിർത്തി കടയിലെ തുണികളൊക്കെ വീട്ടിലേയ്ക്കു മാറ്റിയിരുന്നു. മഴ കുറഞ്ഞപ്പോൾ സാധനങ്ങൾ തിരികെ കടയിലെത്തിച്ചു. ഈ തുണികൾ അടുക്കിവയ്ക്കാൻ ഒരുങ്ങുമ്പോഴാണ് ദുരിതാശ്വാസ ക്യാമ്പിലെ ആളുകൾക്ക് വസ്ത്രം ആവശ്യമാണെന്ന അഭ്യർത്ഥനയുമായി ഒരു സംഘം ആളുകൾ എത്തുന്നത്.

ഈ ആവശ്യവുമായി എത്തിയ ആളുകളുടെ പാർട്ടിയോ പേരോ ഒന്നുമല്ല ആ നിമിഷം ആന്റോയുടെ  മനസിൽ വന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുറേ നിസ്സഹായ മുഖങ്ങളായിരുന്നു. അവരും എന്റെ സഹോദരങ്ങളാണ്, കുടുംബക്കാരാണ് എന്ന ഒരേ ചിന്ത മാത്രമേ ആ സമയം തോന്നിയുള്ളൂ. ആ ചിന്തയാണ് മറ്റൊന്നും നോക്കാതെ കെട്ടുകണക്കിന് തുണിയെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അയയ്ക്കുവാൻ ആന്റോയെ പ്രേരിപ്പിച്ചതും.

ചേർത്തുപിടിക്കാൻ കൈകളും സഹായിക്കാൻ തക്ക ഹൃദയതുറവിയുമുള്ള മലയാളികൾ ഉള്ളിടത്തോളം കാലം ഒരു പ്രളയത്തിനും തോൽപ്പിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഒരിക്കൽക്കൂടി മനസിലാക്കിയ, അനേകർക്ക്‌ മാതൃക കാട്ടിയ ആന്റോ ഇരിഞ്ഞാലക്കുട കത്തീഡ്രൽ ഇടവകാംഗമാണ്.