യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

കീര്‍ത്തി ജേക്കബ്

ഫ്രാന്‍സില്‍ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഗോഥിക് കത്തീഡ്രല്‍ 2020 ജൂലൈ 18-ന് അഗ്നിയ്ക്കിരയായ സംഭവം ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സാധാരണ ഫ്രഞ്ച് ദേവാലയങ്ങള്‍ക്കു നേരെയുണ്ടാകുന്ന സംശയാസ്പദമായ തീവയ്പ്പുകള്‍ ഒന്നും തന്നെ വാര്‍ത്തയാകാറില്ല.

2010 മുതല്‍ പാരീസ് കേന്ദ്രമായി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ തുടരെ ഉണ്ടാകുന്നുണ്ട്. തീവയ്പ്പ്, കൊലപാതകം, മര്‍ദ്ദനം, മോഷണം, ബോംബിടല്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി ക്രൈസ്തവര്‍ക്കു നേരെ പല ആക്രമണങ്ങളും പതിവാണ്. കഴിഞ്ഞ ആഴ്ച കത്തീഡ്രലിന് തീപിടുത്തമുണ്ടായതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍, നിരവധി ദേവാലയങ്ങളില്‍ പലപ്പോഴായി ക്രൂശിതരൂപത്തിനു നേരെയും വിശുദ്ധരുടെ രൂപങ്ങള്‍ക്കു നേരെയുമെല്ലാം ആക്രമണങ്ങള്‍ ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നുവരികയും ചെയ്തു.

ഫ്രാന്‍സില്‍ മാത്രം ദിവസേന ശരാശരി മൂന്ന് ക്രൈസ്തവ വിരുദ്ധ ആക്രമണം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. 2019-ല്‍ 996 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ ദേവാലയങ്ങള്‍ക്കുണ്ടാകുന്ന തീപിടുത്തങ്ങള്‍ പലതും അന്വേഷണത്തിനു പോലും വിധേയമാക്കാറില്ലതാനും. സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാണിച്ച് അധികൃതര്‍ മടങ്ങുകയാണ് പതിവ്.

അടുത്ത കാലത്തു മാത്രമാണ് ഇത്തരത്തില്‍ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉന്നത തലത്തില്‍ പ്രതികരണം ഉണ്ടായിക്കാണുന്നത്. നാന്റ്‌സ് തീപിടുത്തത്തെ തുടര്‍ന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രധാനമന്ത്രി ജീന്‍ കാറ്റക്‌സും ശക്തമായ ഭാഷയില്‍ സംഭവത്തെ അപലപിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളും, വരുത്തിത്തീര്‍ക്കുന്ന തരത്തിലുള്ള അപകടങ്ങളും ഫ്രാന്‍സില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് യൂറോപ്പ് മുഴുവനിലും ഈ പ്രവണത കണ്ടുവരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

എന്നാല്‍ പല രാജ്യങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലായെന്നതും പരാതികള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നതും നടപടികള്‍ മരവിക്കുന്നു എന്നതുമൊക്കെയാണ് ഇത്തരം സംഭവങ്ങള്‍ ലോകശ്രദ്ധയും ആഗോളമാധ്യമ ശ്രദ്ധയും നേടാത്തതിനു കാരണം.

ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് ക്രൈസ്തവര്‍ നോക്കിനല്‍ക്കരുത് എന്നാണ് പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തിനായുള്ള നസറായന്‍ എന്ന സംഘടനയുടെ സ്ഥാപകന്‍, ഫാ. ബെനഡിക്ട് കീലി പറയുന്നത്. മറിച്ച് തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ആവുന്ന തരത്തിലെല്ലാം ശബ്ദമുയര്‍ത്താന്‍ തയ്യാറാവണം. നിശബ്ദത ഇതിന് പരിഹാരമല്ല. പ്രത്യേകിച്ച് നേതാക്കള്‍ ഭീരുക്കളാകാന്‍ പാടില്ല – ഫാ. ബെനഡിക്ട് പറയുന്നു. അതുപോലെ തന്നെ നിയമപാലകരുടെ ഭാഗത്തുനിന്ന് ഇത്തരം അതിക്രമങ്ങള്‍ക്കു നേരെ കരുതലും സംരക്ഷണവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിശബ്ദരായിരുന്നാല്‍ ആക്രമണങ്ങള്‍ അവസാനിക്കുമെന്ന് കരുതാനാവുമോ, ഒഴിഞ്ഞ ദേവാലയം കത്തിച്ചുകൊണ്ട് അവര്‍ ഈ പ്രവണത അവസാനിപ്പിക്കുമോ, പ്രതിമകളും രൂപങ്ങളും തകര്‍ത്ത് അവര്‍ തൃപ്തിയടയുമോ? അമേരിക്കയിലേയും യൂറോപ്പിലേയും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്. അതുകൊണ്ട് ശബ്ദമുയര്‍ത്തിയേ മതിയാകൂ.

കീർത്തി ജേക്കബ്
കടപ്പാട്: CNA

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.