പുതുവർഷത്തിൽ പ്രതീക്ഷയുടെ സന്ദേശം പകർന്ന് പ്രശസ്ത നടൻ ആൻ്റണി ഹോപ്കിൻസ്

തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുതുവർഷത്തിൽ പ്രതീക്ഷയുടെ സന്ദേശം പകർന്ന്, ഒരു കാലത്ത് നിരീശ്വരവാദിയായിരുന്ന പ്രശസ്ത നടൻ ആൻ്റണി ഹോപ്കിൻസ്. എന്നാൽ, ഇന്ന് അദ്ദേഹം ഒരു ദൈവവിശ്വാസിയാണ്. തന്റെ 83-ാം ജന്മദിനത്തിൽ അദ്ദേഹം പങ്കുവച്ച തന്റെ ജീവിതാനുഭവങ്ങൾ അടങ്ങിയ പുതുവത്സര ട്വിറ്റർ സന്ദേശം ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

45 വർഷത്തെ അഭിനയജീവിതത്തെക്കുറിച്ചും ഈ വീഡിയോയിൽ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അക്കാഡമി അവാർഡ് ജേതാവായ ആൻ്റണി ഹോപ്കിൻസ്, തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന മദ്യപാനം എന്ന ദുശീലത്തെക്കുറിച്ചും പിന്നീട് അതിൽ നിന്നും മോചിതനായതിനെക്കുറിച്ചും സംസാരിക്കുന്നു. “ഞാൻ ദുരതത്തിലേയ്ക്ക് പോവുകയായിരുന്നു; സ്വയം മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, എനിക്ക് ആ ദിവസങ്ങളിൽ ഒരു സന്ദേശം ലഭിച്ചു: ‘നിങ്ങൾക്ക് ജീവിക്കാനാണോ മരിക്കാനാണോ താല്‍പര്യം? എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ, പിന്നീട് എനിക്ക് ആശ്വാസം ലഭിച്ചു. എന്റെ ജീവിതം അതിശയപ്പെടുത്തുന്ന ഒന്നായിരുന്നു” – അദ്ദേഹം പറയുന്നു.

‘ടു പോപ്സ്’ എന്ന പ്രശസ്ത ചിത്രത്തിൽ ബെനഡിക്ട് പാപ്പയായി അഭിനയിച്ചത് ആൻ്റണി ഹോപ്കിൻസ് ആയിരുന്നു. ഒരു കാലത്ത് നിരീശ്വരവാദി ആയിരുന്നെങ്കിലും പിന്നീട് അദ്ദേഹം ദൈവവിശ്വാസിയായി മാറുകയായിരുന്നു. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ ‘ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?’ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി “അതെ, ഞാൻ വിശ്വസിക്കുന്നുണ്ട്” എന്നായിരുന്നു. മദ്യപാനത്തിന് അടിമയായിരുന്ന കാലത്ത് അതിൽ നിന്നുമുള്ള മോചനത്തിനായി സഹായം തേടിയിരുന്നു. അപ്പോൾ ഒരു സ്ത്രീ ദൈവത്തിലേയ്ക്ക് തിരിയാൻ തന്നോട് നിർദ്ദേശിച്ചതായും അദ്ദേഹം വിശദീകരിച്ചു. ആ നിമിഷം മുതൽ ഹോപ്കിൻസിന് തന്റെ മദ്യപാനാസക്തിയെ നിയന്ത്രിക്കാൻ കഴിഞ്ഞു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ കരിയർ വളരെ പെട്ടെന്ന് ഉയരുവാൻ തുടങ്ങിയത്. ദി സൈലൻസ് ഓഫ് ദി ലാംബ്സിലെ ഹാനിബാൾ ലെക്ചർ, ഷാഡോലാൻഡ്‌സ്, ദി റെമെയ്ൻസ് ഓഫ് ഡേ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.

“ഈ പുതുവർഷത്തിലേയ്ക്ക് നാം പ്രവേശിക്കുമ്പോൾ, ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. അവ ഉണ്ടായാലും പ്രതീക്ഷ കൈവിടാതെ പൊരുതുക. ധൈര്യമായിരിക്കുക, ദൈവത്തിന്റെ ശക്തി നിങ്ങളെ സഹായിക്കും. എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്” – അദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.