അന്‍പു ഇല്ലം – കരുണയുടെ കൂടാരം

ഫാ. ജയിംസ് കൊക്കാവയലിൽ

ഭൂമിയിലെ ജലസ്രോതസുകള്‍ വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. ലോകംമുഴുവനുമുള്ള പരിസ്ഥിതിപ്രവര്‍ത്തകര്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ് ഇത്. ജീവന്റെ നിലനില്പ്പ് ദുഷ്‌കരമാകുമെന്നും ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്നും നാം ഭയപ്പെടുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഭയപ്പെടേണ്ടതും ജീവന്റെ നിലനില്പ്പ് ദുഷ്‌കരമാക്കുന്നതുമായ മറ്റൊരു വരള്‍ച്ചയുണ്ട്. അതു കരുണയുടെ വരള്‍ച്ചയാണ്. നാം ജീവിക്കുന്ന സമൂഹത്തില്‍ കരുണ വറ്റിക്കൊണ്ടിരിക്കുന്നു. കരുണയുടെ ദൗര്‍ലഭ്യം തന്നെയാണ് ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യത്തെക്കാള്‍ നമ്മെ ഭീതിപ്പെടുത്തുന്നത്. കരുണയെ ദാഹിക്കുന്നവര്‍ക്കായി കരുണയുടെ ഒരു ഉറവയെ പരിചയപ്പെടുത്തി തരുകയാണ്. അത് അന്‍പു ഇല്ലമാണ്; കരുണയുടെ കൂടാരം.

ചെങ്കോട്ട എന്ന പട്ടണം 

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണമാണ് ചെങ്കോട്ട. ചങ്ങനാശേരി അതിരൂപതയുടെ അതിര്‍ത്തി ഇടവകകളില്‍ ഒന്നായ ആര്യങ്കാവ് സെന്റ് മേരീസ് പള്ളിയില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രമാണ് ഇങ്ങോട്ടുള്ളത്. ചങ്ങനാശേരിയില്‍ നിന്ന് ഏകദേശം 130 കിലോമീറ്റര്‍ ദൂരം വരും. വളരെ പ്രകൃതി രമണീയമായ സ്ഥലമാണ്. പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടം ഇവിടെയാണ്. റോഡുമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. ഈയിടെ നവീകരിച്ച് ഉദ്ഘാടനം ചെയ്ത പുനലൂര്‍-തെങ്കാശി പാതയിലൂടെയുള്ള ട്രെയിന്‍ യാത്രതന്നെ വളരെ മികച്ച ഒരു ‘പിക്‌നിക്’ അനുഭവമാണ്. വനങ്ങളും തേയിലത്തോട്ടങ്ങളും നദികളും തുരങ്കങ്ങളും കടന്നുള്ള പ്രകൃതിരമണീയമായ ഈ യാത്ര നമ്മെ ചെങ്കോട്ടിലെത്തിക്കും.

ഇവിടുത്തെ ആളുകള്‍ വളരെ ദരിദ്രമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരാണ്. നെല്‍കൃഷിയും ആടുമേയ്ക്കലുമാണ് പ്രധാന വരുമാനം. മിക്കവരും തന്നെ അന്നന്നത്തെ അന്നത്തിനായി പണിപ്പെടുന്നവരാണ്. ഇവിടുത്തെ ക്രൈസ്തവസമൂഹം തുലോം ശുഷ്‌കമാണ്. ആകെ ജനസംഖ്യയുടെ 1.77 ശതമാനം മാത്രമാണ് എല്ലാവിഭാഗത്തിലും കൂടിയുള്ള ക്രൈസ്തവര്‍. അത് ഏകദേശം 500-ല്‍ താഴെ ആളുകള്‍ വരും.

അന്‍പില്ലം എന്ന സ്ഥാപനം 

ചെങ്കോട്ട പട്ടണത്തിലെ ‘വടകര’ എന്ന പ്രദേശത്താണ് അന്‍പില്ലം സ്ഥിതിചെയ്യുന്നത്. ഇത് തക്കല രൂപതയ്ക്കുള്ളില്‍ ദിവ്യകാരുണ്യ മിഷനറി സഭാ വൈദികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സ്ഥാപനമാണ്. 2007 ജനുവരി 7-ന് അന്ന് തക്കല രൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് ഈ സ്ഥാപനം വെഞ്ചരിച്ചുകൊണ്ട് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ചത്. റവ. ഫാ. റോയി അകത്തേമറ്റത്തില്‍ ആണ് ഇതിന്റെ സ്ഥാപക ഡയറക്ടര്‍. ഇപ്പോള്‍ റവ. ഫാ. രാജേഷ് വയലുങ്കലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. അദ്ദേഹത്തെ സഹായിക്കാന്‍ ഡൊറോത്തിയന്‍ സന്ന്യാസ സമൂഹത്തില്‍ പെട്ട് സിസ്റ്റേഴ്‌സും ഉണ്ട്. തക്കല രൂപത മേത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് പലപ്പോഴും ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇവിടുത്തെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനങ്ങള്‍ 

”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്” (മത്താ 25,40) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചുകൊണ്ട്, മാനസികരോഗികള്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും വേണ്ടിയാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആരുടെയൊക്കെയോ കുറ്റങ്ങളാല്‍ ആരാരുമില്ലാതായവര്‍, ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ മനസ്സിന്റെ താളം തെറ്റിയവര്‍ തുടങ്ങി അനേകര്‍ക്ക് ഈ സ്ഥാപനം ആശ്രയമാകുന്നു. ഇവിടെ പ്രധാനമായും രണ്ടുതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

1. അഭയകേന്ദ്രം 

മാനസികരോഗികള്‍ ആയവര്‍ക്കും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ഈ സ്ഥാപനം അഭയകേന്ദ്രമായി മാറുന്നു. ഇവിടെ ഇപ്പോള്‍ 80 അന്തേവാസികളാണ് ഉള്ളത്. അതില്‍ കിടപ്പുരോഗികളുണ്ട്, ഒന്നും ചെയ്യാന്‍ സാധിക്കാത്തവരുണ്ട്, ഭക്ഷണം ഉണ്ടാക്കുക, മറ്റു രോഗികളെ ശുശ്രൂഷിക്കുക, പുല്ലുപറിക്കുക, ആടുമേയ്ക്കുക തുടങ്ങിയ ജോലികള്‍ ചെയ്ത് സഹായിക്കുന്നവരുണ്ട്. ഇവരെല്ലാം ഇവിടെ വന്നപ്പോള്‍ തെരുവോരങ്ങളില്‍ അലഞ്ഞു നടന്നിരുന്ന പ്രാകൃതരായിരുന്നു. ഇപ്പോള്‍ രൂപം മാറി, ഭാവം മാറി, രോഗങ്ങള്‍ നിയന്ത്രണവിധേയമായി. ചില മാനസികാരോഗ്യ കേന്ദ്രങ്ങളിലെപ്പോലെ മരുന്നും മര്‍ദ്ദനവുമല്ല ഇവരെ ഇപ്രകാരം ആക്കിയെടുത്തത്. പകരം മരുന്നിനൊപ്പം നല്‍കുന്ന സ്‌നേഹവും കരുണയും പരിഗണനയും പരിചരണവുമാണ്. മറ്റൊരു പ്രത്യേകത സാധാരണ മാനസികരോഗികളെ സെല്ലിലോ ചങ്ങലയിലോ ബന്ധിച്ചിടുമ്പോള്‍ ഇവിടെ എല്ലാവരും സ്വതന്ത്രരാണ് എന്നതാണ്. ഇവിടെ ഒരു സെല്ലുപോലുമില്ല. ദൈവം സൃഷ്ടിച്ച മനോഹരമായ ഈ പ്രപഞ്ചത്തില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള എല്ലാവരുടെയും അവകാശം ഇവിടെ മാനിക്കപ്പെടുന്നു. ഇവരെ എല്ലാവരെയും കുറ്റാലം, ചെങ്കോട്ട, തെങ്കാശി, കന്യാകുമാരി, തിരുനല്‍വേലി തുടങ്ങി തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണു ലഭിച്ചിരിക്കുന്നത്.

മാനസിക ഉല്ലാസത്തിലൂടെയാണ് ഇവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നത്. രാവിലെ 6 മണിക്ക് എണീറ്റ്, തുടര്‍ന്ന് വ്യായമങ്ങള്‍, ഭക്ഷണം, ജോലികള്‍, സൈക്കോളജി, സൈക്ക്യാട്രി ചികിത്സകള്‍, കലാപരിപാടികള്‍ ഇവയിലൂടെ ഇവര്‍ ഒരു തിരിച്ചുവരവിനു ശ്രമം നടത്തുന്നു.

ഇവിടുത്തെ അന്തേവസികളോടൊപ്പം ആയിരിക്കുന്നത് നമ്മുടെയും മനസ്സിനു താളം കൈവരിക്കാന്‍ ഉപകാരപ്പെടും. എത്രയേറെ ടെന്‍ഷനും സ്ട്രസ്സും ആയിട്ടാണ് നമ്മള്‍ ഇവിടെ വരുന്നതെങ്കിലും അവര്‍ നമ്മെ ചിരിപ്പിക്കും. കൂടെ ആടാനും പാടാനും നിര്‍ബന്ധിക്കും. നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന വലിയ തത്ത്വങ്ങള്‍ പഠപ്പിക്കും. പണം കയ്യില്‍ കൊടുത്താല്‍ പുശ്ചത്തോടെ നോക്കിയിട്ട് വലിച്ചെറിയുന്ന മാരിയപ്പനെക്കാള്‍ കൂടുതലായി സമ്പത്തിന്റെ വ്യര്‍ത്ഥത ഏതെങ്കിലും തത്ത്വങ്ങള്‍ നമുക്ക് മനസ്സിലാക്കി തന്നിട്ടുണ്ടോ. മധു കൊല്ലപ്പെട്ട അതേദിവസം തന്നെ ഇവിടെ എത്തപ്പെട്ട ലക്ഷ്മണന്റെ ഇപ്പോഴത്തെ പുഞ്ചിരി കാണുമ്പോള്‍ കരുണയുള്ളവരുടെ കരങ്ങളിലെത്തപ്പെട്ടിരുന്നെങ്കില്‍ മധുവും ഇതുപോലെ പുഞ്ചിരിക്കുകയില്ലായിരുന്നോ എന്നു നാം തേങ്ങലോടെ ഓര്‍ത്തുപോകും. സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിക്കുന്ന മുത്തുലക്ഷ്മി മുതല്‍, ഗനകോകിലമായ രാധാമണിവരെ എത്ര എത്ര മുഖങ്ങള്‍. ഇവരൊക്കെ ഇവിടെ എത്തപ്പെട്ടില്ലായിരുന്നുവെങ്കില്‍ കരുണയെന്തെന്ന് അറിയുമായിരുന്നോ.

2. റീച്ച് ഔട്ട് പ്രോഗ്രാം 

ഫാ. രാജേഷ് തുടക്കം കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ടിരിക്കുന്ന ശുശ്രൂഷയാണ് റീച്ച് ഔട്ട് പ്രോഗ്രാം. തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുന്ന പട്ടിണി പാവങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരമെങ്കിലും എത്തിക്കുക എന്നതാണ് ഈ ശുശ്രൂഷയുടെ ലക്ഷ്യം. പാതയോരങ്ങളിലൂടെ സഞ്ചരിച്ച് അനേകര്‍ക്ക് കരുണയും സ്‌നേഹവും പങ്കുവച്ചുനല്‍കിയ ഈശോയെ അനുകരിച്ച് ഈ വൈദികന്‍ വിശക്കുന്നവരേത്തേടി തെരുവുകളില്‍ അലയുന്നു. കണ്ടെത്തി നിറപുഞ്ചിരിയോടെ പാഥേയം കൈമാറുന്നു. അനേകര്‍ ഇതിനായി കാത്തിരിക്കുന്നു. കരുണയുള്ള മറ്റാളുകള്‍ തങ്ങളെ തേടിവരുമെന്ന് അവര്‍ക്ക് അറിയാം. ഇത്രയും നാള്‍ ഓടകളില്‍നിന്നും ഉച്ചിഷ്ടങ്ങളില്‍ നിന്നും അവര്‍ വയറുനിറച്ചു. ഇനി അതു വേണ്ടിവരില്ല എന്ന് അവര്‍ പ്രത്യാശിക്കുന്നു. നിങ്ങളുടെ കുടെ ഞാനുണ്ട് എന്ന മിശിഹായുടെ പ്രതിപുരുഷന്റെ വാക്കുകളില്‍ അവര്‍ വിശ്വസിക്കുന്നു.

നിലവില്‍ ദിവസവും ഉച്ചക്ക് 100 പൊതികളാണ് നല്‍കിക്കൊണ്ടിരികകുന്നത്. കൂടുതല്‍ പൊതികള്‍ നല്‍കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എത്രയധികം പൊതികള്‍ നല്‍കിയാലും അതു തികയുകയില്ല. കാരണം, അത്രയധികമാണ് പട്ടിണി പാവങ്ങളുടെ എണ്ണം. ഇവര്‍ക്കാര്‍ക്കും റേഷനില്ല, ആധാറില്ല, ഇലക്ഷന്‍ ഐഡിയില്ല. ഇന്ത്യന്‍ പൗരന്മാരായിപ്പോലും ഈ സാധുക്കള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. മിക്കവരും മാനസികരോഗികളാണ്. സ്വന്തം പേരുപോലും അറിയാത്തവരാണ്. ഇവര്‍ക്കു പൊതികള്‍ നല്‍കുമ്പോള്‍ ചിലര്‍ ആക്രമിക്കും, തട്ടിപ്പിറിക്കും, പൊതികള്‍ വലിച്ചെറിയും. എങ്കിലും അവരിലെല്ലാം മിശിഹായെ കാണാന്‍ രാജേഷ് അച്ചന്‍ പരിശ്രമിക്കുന്നു. ഈ പൊതി നല്‍കലില്‍ അദ്ദേഹത്തിന് ഒരു ഗൂഢലക്ഷ്യം കൂടിയുണ്ട്. ഇവരെ ആകര്‍ഷിച്ച് അന്‍പില്ലത്തേക്ക് കൂട്ടിക്കൊണ്ടുപോകുക. അവിടെ കൊണ്ടുചെന്ന് പരിചരിച്ച് പുതിയ മനുഷ്യരാക്കിയെടുക്കുക. ആരെയും ബലം പ്രയോഗിച്ച് ഇവിടെ കൊണ്ടുവരാറില്ല. എല്ലാവര്‍ക്കും ദൈവം നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍.

ചങ്ങനാശേരിയില്‍ നിന്ന് ചെങ്കോട്ടയിലേയ്ക്ക് 

ഇത് ഫാ. രാജേഷ് വയലുങ്കല്‍ തന്റെ ജീവിതംകൊണ്ട് നടത്തുന്ന തീര്‍ത്ഥാടനമാണ്. അദ്ദേഹത്തിന് നമ്മോട് പങ്കുവയ്ക്കാനുള്ളത് കരുണയുടെ ദൈവശാസ്ത്രമാണ്. ഈശോയുടെ പ്രവര്‍ത്തനം ദൈവാലയത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. അവന്‍ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുയായിരുന്നു. അവിടെ അവന്‍ പഠിപ്പിച്ചു, സുഖപ്പെടുത്തി, മാനസാന്തരപ്പെടുത്തി, ഭക്ഷണം നല്‍കി, അനേകരെ ആശ്വസിപ്പിച്ചു. അങ്ങനെ അവന്‍ ദിവ്യകാരുണ്യമായി മാറി. ഈശോ ഇന്നും ദിവ്യകാരുണ്യമായി അവതരിക്കുന്നത് ദൈവാലയത്തില്‍ മാത്രമല്ല, ഈ തെരുവുകളിലുമാണ്. കര്‍ത്താവിന്റെ കരുണ പങ്കുവച്ചു കൊടുക്കുക എന്നത് ഓരോ ക്രിസ്ത്വാനിയായിയുടെയും ദൗത്യമാണ്. അതിനെ ഒരു ഔദാര്യമായിട്ടല്ല നമ്മള്‍ കാണേണ്ടത്. ദാനമായി ലഭിച്ചതില്‍ നിന്നും ദാനമായി നല്‍കാന്‍ നമുക്കു കടപ്പാടുണ്ട്.

ക്രിസ്തീയ വിശ്വാസവും പൗരോഹിത്യവും വളരെയേറെ അവമതിക്കപ്പെടുകയും അപകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കരുണയുടെ തീര്‍ത്ഥാടനം നടത്തുന്ന ഈ വൈദികന്‍ ലോകത്തിനുമുമ്പില്‍ യഥാര്‍ത്ഥ ക്രിസ്തുസാക്ഷ്യമായി മാറുന്നു.

ചെങ്കോട്ടയിലെ ചെങ്കടലുകള്‍ 

മരുഭൂമിയിലൂടെ കടന്നുപോയ ഇസ്രായേല്‍ ജനത്തിന് ചെങ്കടല്‍ ഒരു വെല്ലുവിളിയായി നിന്നതുപോലെ ഫാ. രാജേഷിന്റെ ചെങ്കോട്ടയിലെ പ്രവര്‍ത്തനങ്ങള്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമുകളില്‍ നിന്നു വ്യത്യസ്തമായ ചെങ്കോട്ടയില്‍ ഒരു ക്രൈസ്തവസമൂഹത്തിന്റെ സാന്നിധ്യമില്ല എന്നത് വളരെയേറെ ബുദ്ധിമുട്ടുകള്‍ക്കു കാരണമാകുന്നുണ്ട്. പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമൊക്കെ പപ്പോഴും ഒരു സംശയദൃഷ്ടിയോടെയാണ് കാര്യങ്ങളെ വീക്ഷിക്കാറുള്ളത്. അവര്‍ക്ക് സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായിക്കാന്‍ സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങള്‍ തയ്യാറാകാറില്ല. കേരളത്തിലെ ശുശ്രൂഷകളില്‍ അല്‍മായര്‍ ധാരാളമായി പങ്കുചേരുകയും സഹായിക്കുകയും ചെയ്യാറുണ്ട്. സംഭാവനകള്‍ നല്‍കുന്നവരും സമീപത്തുള്ള സദനങ്ങളെയാണ് സാധാരണ ശ്രദ്ധിക്കാറുള്ളത്. ഇപ്രകാരം വിദൂരങ്ങളിലുള്ളവയെപറ്റി ആരും അറിയാറുപോലുമില്ല. ചെങ്കോട്ടപോലെ ദരിദ്രമായ ഒരു പ്രദേശത്ത് സഹായം നല്‍കാന്‍ സാധിക്കുന്നവരെക്കാള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവരാണ് കൂടുതല്‍.

മാതാപിതാക്കള്‍ കുട്ടികളെ സുഭിക്ഷതയുടെ നടുവില്‍ മാത്രം വളര്‍ത്താതെ അവരെയും കൊണ്ട് ഇവിടെയോ ഇതുപോലെയുള്ള മറ്റു സ്ഥലങ്ങളിലോ തീര്‍ച്ചയായും പോകണം. ജീവിതത്തിന്റെ മറുവശം അവരെ കാണിച്ചുകൊടുക്കണം. ഇതും വിശ്വാസ പരിശീലനത്തിന്റെ ഒരു ഭാഗംതന്നെയാണ്.

ഉപസംഹാരം 

ഈ വെല്ലുവിളികളുടെ നടുവിലും ഇസ്രായേലിനെ ചെങ്കടല്‍ കടത്തിയ ദൈവത്തിലാശ്രയിച്ചുകൊണ്ട് ചെങ്കോട്ടയിലെ ശുശ്രൂഷയെ മുമ്പോട്ടു കൊണ്ടുപോകാന്‍ ഫാ. രാജേഷിനു കഴിയുന്നുണ്ട്. കരുണയുടെ കണ്ണുകളുമായി അദ്ദേഹം തെരുവിലൂടെ അലയുമ്പോള്‍ കരുത്തുറ്റ കരങ്ങളുമായി കര്‍ത്താവ് കൂടെ തന്നെയുണ്ട്. അദ്ദേഹത്തിന്റെ ശുശ്രൂഷകളില്‍ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹത്തെ വിളിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ഫോണ്‍. 9744503066

റവ. ഫാ. ജയിംസ്  കൊക്കാവയലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.