നസ്രത്തിലെ മംഗളവാര്‍ത്ത പള്ളി 

ജപമാല മാസത്തിൽ കോവിഡ് മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുവാനായി ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്ത ജപമാല മാരത്തണിന്റെ നാലാം ദിവസമാണിന്ന്. ഗര്‍ഭിണികൾക്കായി പ്രത്യേകം സമർപ്പിയ്ക്കപ്പെട്ടിരിക്കുന്ന ഈ ദിനത്തിൽ ജപമാല പ്രാർത്ഥന നടക്കുന്നതും ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ നസ്രത്തിലെ ‘ദി ബസിലിക്ക ഓഫ് അനൻസിയേഷൻ’ എന്ന ദൈവാലയത്തിലാണ്. പരിശുദ്ധ കന്യകാ മറിയത്തിനു മംഗളവാർത്ത ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ട ഈ ദൈവാലയത്തെക്കുറിച്ചാണ് ഇന്ന് ലൈഫ് ഡേ എഴുതുന്നത്.

യേശുവിന്റെ ജീവിതത്തിൽ നസറെത്ത് എന്ന ഗ്രാമത്തിനു വളരെയധികം പ്രാധാന്യമുണ്ട്. മെഡിറ്ററേനിയന് 20 മൈൽ കിഴക്കും ഗനെസറത്ത് തടാകത്തിനു 15 മൈൽ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന നസ്രേത്ത് തെക്കൻ ഗലീലിയയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്ന യേശു നസറത്തിലാണ് തന്റെ മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ചത്. യേശുവിന്റെ പരസ്യ ജീവിതത്തിനു മുൻപ് 30 വയസ്സുവരെ നസ്രേത്തിലാണ് ജീവിച്ചത്. പരിശുദ്ധ കന്യകാ മറിയത്തിനു ഗബ്രിയേൽ ദൂതന്റെ മംഗളവാർത്ത ലഭിച്ചതും ഇവിടെ നിന്നാണെന്നു ലൂക്കാ സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു. “ആറാം മാസം ഗബ്രിയേൽ ദൂതൻ ഗലീലിയയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപെട്ട ജോസഫ് എന്ന് പേരായ പുരുഷനുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു”(ലൂക്ക 1 : 26 – 27). പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കുമെന്നും യേശു എന്ന ദിവ്യ ശിശുവിന് ജന്മം കൊടുക്കുമെന്നും ദൂതൻ പരിശുദ്ധ കന്യക മറിയത്തിനെ അറിയിച്ചുവെന്നു വിശ്വസിക്കുന്ന സ്ഥലത്താണ് ‘ബസിലിക്ക ഓഫ് അനൻസിയേഷൻ’ സ്ഥിതി ചെയ്യുന്നത്.

യേശുവിന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന എല്ലാ സ്ഥലങ്ങളിലും ദൈവാലയങ്ങൾ നിർമ്മിക്കുക എന്ന ആഗ്രഹത്തോടെ നാലാം നൂറ്റാണ്ടിലാണ് കോൺസ്റ്റന്റൈൻ ചക്രവർത്തി ഈ ദൈവാലയത്തെ കുറച്ചുകൂടി വിശാലമാക്കിയത്. ദി ചർച്ച് ഓഫ് ദി അനൻസിയേഷൻ, ദി ചർച്ച് ഓഫ് നേറ്റിവിറ്റി( യേശുവിന്റെ ജനന സ്ഥലത്തു നിർമ്മിച്ച ദൈവാലയം), ചർച്ച് ഓഫ് ഹോളി സെപ്ൽക്കർ (യേശുവിനെ അടക്കം ചെയ്ത കല്ലറ) തുടങ്ങിയ എല്ലാ ദൈവാലയങ്ങളും ഏകദേശം ഒരേ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ്. എ.ഡി. 570 ൽ നിർമ്മിക്കപ്പെട്ട ഈ ദൈവാലയങ്ങൾ പിന്നീട് ഏഴാം നൂറ്റാണ്ടിൽ മുസ്ലിം മത വിഭാഗം പാലസ്തീനാ പിടിച്ചടക്കിയപ്പോൾ നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് 1969 – ൽ, ബൈസന്റയിൻ കാലഘട്ടത്തിൽ പണികഴിച്ച ഒരു ദൈവാലയത്തിന്റെ മുകളിലായാണ്, രണ്ടു നിലകളിലായി ഈ ദൈവാലയം നിർമ്മിച്ചിരിക്കുന്നത്. ബസിലിക്കയുടെ താഴെ ഭാഗം പരിശുദ്ധ കന്യക മറിയത്തിന്റെ ബാല്യകാല ഭവനമാണെന്നു കരുതപ്പെടുന്നു. ഒരു മൈനർ ബസിലിക്കയായും ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ഒരു വിശുദ്ധ ദൈവാലയമായുംദി ബസിലിക്ക ഓഫ് അനൻസിയേഷ അറിയപ്പെടുന്നു. 1964 – ലാണ് പോൾ ആറാമൻ പാപ്പാ ദൈവാലയം മംഗളവാർത്താ ദൈവാലയമെന്നപേരിൽ വിശ്വാസികൾക്കായി സമർപ്പിച്ചത്. ഈ ബസിലിക്ക ആദിമ കാലം മുതൽ ഫ്രാൻസിസ്കൻ മിഷനറിമാരുടെ മേൽനോട്ടത്തിലാണുള്ളത്.

പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതീകമായ ലില്ലിപ്പൂവിന്റെ ആകൃതിയെ അടിസ്ഥാനപ്പെടുത്തി 55 മീറ്റർ ഉയരത്തിൽ ഒരു താഴികക്കുടം ദൈവാലയത്തിനു മുകളിൽ സ്ഥിതി ചെയ്യുന്നു. അകത്തളത്തിൽ ഉയർന്നും താഴ്ന്നുമായി രണ്ടു നിലകളിൽ ദൈവാലയം സ്ഥിതിചെയ്യുന്നു. ഇതിൽ മുകളിലെ ദൈവാലയത്തിൽ മൊസൈക് കൊണ്ട് ഉണ്ണിയേശുവിനെ കൈകളിലേന്തി നിൽക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രമാണുള്ളത്. ജപ്പാനീസ് രീതിയുള്ള ഈ ചിത്രത്തിൽ പരിശുദ്ധ അമ്മയുടെ നീല മേലങ്കി ഇരുവശങ്ങളിലേക്ക് വിടർന്നു കിടക്കുന്നതായി കാണാം.

സുനീഷാ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.