ക്രൈസ്തവന്റെ ആനന്ദം എന്തായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഫ്രാന്‍സിസ് പാപ്പാ

എന്നും ക്രിസ്തുവിലേയ്ക്കു തിരിഞ്ഞിരിക്കുന്ന സന്തോഷമായിരിക്കണം ക്രൈസ്തവന്റെ ആനന്ദമെന്ന് മാര്‍പാപ്പ. ഇത് ക്രിസ്തുവിലുള്ള ആനന്ദവും ക്രിസ്തുവിനെ കണ്ടെത്തുന്നതിലുള്ള ആനന്ദവുമാണ്. ഈ ആനന്ദം വിശ്വാസജീവിതത്തിന്റെ അടയാളവുമാണ്. ജീവിതത്തിന്റെ ഇരുണ്ട യാമങ്ങളില്‍പോലും ക്രിസ്തു എന്നിലുണ്ട്, എന്റെ കൂടെയുണ്ട് എന്ന ചിന്ത നമുക്ക് ആനന്ദം നല്‍കും. ഉത്ഥിതനായ ക്രിസ്തുവാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം. ക്രിസ്തുവിന്റെ സന്തോഷം പ്രസരിപ്പിക്കുന്ന ഒരു ക്രൈസ്തവരാണോ തങ്ങളെന്ന് ഈ ആഗമനകാലത്ത് വിലയിരുത്താമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വിശ്വാസത്തിന്റെ സന്തോഷം തങ്ങള്‍ക്കു ജീവിക്കുവാനാകുന്നുണ്ടോ? വിശ്വാസം ദുഃഖപൂര്‍ണ്ണമാണെങ്കില്‍, പിന്നെ അത് ഇല്ലാതിരിക്കുന്നതല്ലേ നല്ലത്? ക്രിസ്തുവിന്റെ ആനന്ദപൂര്‍ണ്ണിമയില്‍ പങ്കുചേര്‍ന്നവളാണ് പരിശുദ്ധ കന്യകാമറിയം. രക്ഷയുടെ വചനത്തിനായി നിശബ്ദയായി കാത്തിരുന്നവള്‍. വചനത്തെ ഉദരത്തില്‍ ഉരുവാക്കുകയും ശ്രവിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്തവള്‍. മറിയത്തിലൂടെയാണ് ലോകത്തിന് രക്ഷ കരഗതമായത്. അതുകൊണ്ടാണ് മറിയത്തെ ‘ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ,’ എന്നു സഭാമക്കള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.