‘ആനന്ദത്തിന്റെ ഞായര്‍’, ദിവ്യ ഉണ്ണിയുടെ രൂപങ്ങള്‍ ആശീര്‍വ്വദിക്കുന്ന ദിനം

റോമാക്കാരെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരായെത്തിയ എല്ലാവരെയും ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച അഭിവാദ്യം ചെയ്തു. ‘ആനന്ദത്തിന്റെ ഞായറാഴ്ച’ എന്നറിയപ്പെടുന്ന ഇന്നലെ പ്രത്യേകിച്ച്, പൂല്‍ക്കൂട്ടില്‍ വയ്ക്കുവാനുള്ള ഉണ്ണിശോയുടെ രൂപങ്ങള്‍ ആശീര്‍വ്വദിച്ചു നല്‍കപ്പെടുന്ന ദിനം കൂടിയായിരുന്നു.

ഇത്തരത്തില്‍ രൂപങ്ങള്‍ ആശീര്‍വദിച്ചു കൊണ്ടുപോകുവാന്‍ വന്ന കുട്ടികള്‍, കോവിഡിന്റെ വ്യാപനം മൂലം കുറവായിരുന്നെങ്കിലും പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു. കൂട്ടികളുടെ സാന്നിധ്യത്തെ ക്രമീകരിച്ചതിന് റോമാ രൂപതയുടെ ഓറട്ടറികളുടെ കേന്ദ്രത്തെ പാപ്പാ അഭിനന്ദിച്ചു. ആഗമനകാലത്തെ മൂന്നാം ഞായര്‍, ആനന്ദത്തിന്റെ ഞായറാഴ്ചയാണ് ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ കുട്ടികള്‍ക്ക് ദിവ്യ ഉണ്ണിയുടെ പ്രതിമകള്‍ പാപ്പാ ആശീര്‍വ്വദിച്ചു നല്‍കുന്ന പതിവുള്ളത്. ആ വര്‍ഷത്തെ പുല്‍ക്കൂടില്‍ വയ്ക്കുവാനുള്ള റോമാ രൂപതയിലെ കുട്ടികള്‍ കൊണ്ടുവരുന്ന പ്രതിമകളാണ് പാപ്പാ ആശീര്‍വ്വദിച്ചു നല്‍കുന്നത്. ഈ പാരമ്പര്യം ഇപ്പോള്‍ യൂറോപ്പില്‍ പലയിടങ്ങളിലും ഇടവകകളില്‍ നിലവിലുണ്ട്.

ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ചത്വരത്തില്‍ സന്നിഹിതരായവരെയും മാധ്യമങ്ങളിലൂടെ പങ്കുചേര്‍ന്നവരെയും പാപ്പാ പ്രത്യേകമായി അഭിവാദനം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ കുഞ്ഞിക്കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉണ്ണിശോയുടെ രൂപങ്ങള്‍ പാപ്പാ ആശീര്‍വ്വദിച്ചു. ദൈവസ്‌നേഹം ലോകത്തിനു നല്‍കുവാനായി പുല്‍ക്കൂട്ടില്‍ താഴ്മയിലും സ്‌നേഹത്തിലും പിറന്ന ഉണ്ണിയേശുവിന്റെ എളിമയുള്ള ആര്‍ദ്രത കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.

ക്രിസ്തുവിലുള്ള നമ്മുടെ സന്തോഷം കെട്ടുപോകാതിരിക്കട്ടെയെന്നും ക്ലേശങ്ങളിലും ജീവിക്കേണ്ടതാണ് ദൈവിക ആനന്ദമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിനോടു ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക് ആ ദൈവികാനന്ദം ലഭിക്കുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ത്രികാല പ്രാര്‍ത്ഥനാ പരിപാടി പാപ്പാ ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.