മാലാഖമാര്‍ക്ക് എത്ര വേഗത്തില്‍ സഞ്ചരിക്കാനാവും?

മാലാഖമാര്‍ എങ്ങനെയാണ് ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ആലോചിച്ചാല്‍ നാം അവരെ മനുഷ്യരുമായി ബന്ധപ്പെടുത്തി തന്നെയാണ് ചിന്തിക്കുക. അവര്‍ നമ്മോടൊപ്പം നടക്കുന്നു, നാം ഓടിയാല്‍ കൂടെ ഓടുന്നു, വീണ്ടും നടന്നാല്‍ കൂടെ നടക്കുന്നു അങ്ങനെയൊക്കെ. എന്നാല്‍ നാം ചിന്തിക്കുന്നതിനേക്കാളൊക്കെ അതിശയകരമാണ് അവരുടെ രീതികള്‍.

ആത്മീയ സൃഷ്ടികളായ അവര്‍ക്ക് ബുദ്ധിയും വിവേകവും ഉണ്ട്. മരണമില്ലെങ്കിലും അവര്‍ ഓരോ വ്യക്തികളുമാണ്. തങ്ങളുടെ മഹത്വത്തില്‍ അവര്‍ മനുഷ്യരേക്കാള്‍ ശ്രേഷ്ഠരായി തുടരുന്നു എന്നാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മാലാഖമാരെക്കുറിച്ച് പഠിപ്പിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ മാലാഖമാര്‍ക്ക് ബാഹ്യശരീരമില്ല. അതുകൊണ്ട് അവര്‍ക്ക് ചലിക്കാന്‍ സാധിക്കില്ലെന്ന് ചിന്തിക്കുകയുമരുത്. അവര്‍ സമയത്തിലും സ്ഥലത്തിനും കാലത്തിനും അതീതരാണ്.

മാലാഖമാര്‍ക്ക് സമയത്തിന്റെയോ സ്ഥലത്തിന്റെയോ പരിമിതികളോ തടസങ്ങളോ ഇല്ലാതെ യഥേഷ്ടം എവിടെയും സഞ്ചരിക്കാനും പ്രത്യക്ഷപ്പെടാനും കഴിയുമെന്ന് വി. തോമസ് അക്വീനാസും പഠിപ്പിക്കുന്നുണ്ട്. മാലാഖമാരെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള നിരവധി തത്വചിന്തകരും ഇതേ ആശയമാണ് പങ്കുവച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന്റെ വിലക്കുകള്‍ ബാധകമല്ലാത്ത ദൈവത്തിന്റെ സവിശേഷ സൃഷ്ടികളാണ് മാലാഖമാര്‍.