കാരുണ്യത്തിന്റെ വിളക്കേന്തിയ മാലാഖമാർ – അവർ ആദരിക്കപ്പെടുന്നുണ്ടോ?

ബിജു കെ. ബേബി
ബിജു കെ. ബേബി

സ്വന്തം വിസർജ്യത്തിൽ കിടന്ന് ദേഹം മുഴുവൻ വൃത്തികേടായ ഒരു രോഗിയെ കഴുകി വൃത്തിയാക്കുകയായിരുന്ന മദർ തെരേസയെ യാദൃശ്ചികമായി കണ്ട ഒരു കോടീശ്വരൻ മദർ തെരേസയോടു പറഞ്ഞു: “നൂറുകോടി രൂപ പ്രതിഫലം നല്കാമെന്നു പറഞ്ഞാൽപോലും എനിക്ക്, നിങ്ങൾ ചെയ്യുന്ന ഈ ജോലി ചെയ്യുവാൻ സാധിക്കില്ല.”

മദർ ചിരിച്ചുകൊണ്ടു പറഞ്ഞു: “എനിക്കും വെറും നൂറുകോടി രൂപയ്ക്കുവേണ്ടി ഈ ജോലി ചെയ്യാൻ കഴിയില്ല. ഞാൻ ശുശ്രൂഷിക്കുന്ന ഈ മനുഷ്യനിൽ എന്റെ ദൈവത്തെ കാണുവാൻ എനിക്ക് കഴിയുന്നുണ്ട്. ഞാൻ എന്റെ ദൈവത്തെയാണ് ശുശ്രൂഷിക്കുന്നത് എന്ന ബോധ്യമാണ് ഈ ജോലി ചെയ്യാൻ എനിക്ക് ഊർജ്ജം നല്കുന്നത്. എന്നെ സൃഷ്ടിച്ച ദൈവം തന്നെയായാണ് എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത്. അപ്പോള്‍ ദൈവത്തെ കാണണമെങ്കിൽ എന്റെ സഹോദരന്റെ മുഖത്തു നോക്കിയാൽ മതിയാകും. പക്ഷേ, സഹോദരനിൽ ദൈവത്തിന്റെ ഛായ കാണണമെങ്കിൽ ദൈവത്തിന്റെ കണ്ണുകൊണ്ട് ഞാൻ നോക്കണം എന്നു മാത്രം.”

ഇങ്ങനെ ദൈവത്തിന്റെ കണ്ണുകൊണ്ട് സഹജീവികളെ നോക്കി, അവർക്ക് തങ്ങളുടെ പരിചരണത്തിലൂടെ ദൈവസ്നേഹം പകർന്നുനല്കുവാൻ ബലഹീനരും നിസ്സാരരുമായ ഒരുപറ്റം മനുഷ്യർ ആത്മസമര്‍പ്പണം ചെയ്തുനല്കുന്ന പരിശ്രമങ്ങളാണ് ഓരോ നഴ്സിംഗ് ജീവിതങ്ങളും. വേദന കൊണ്ടു പുളയുന്ന രോഗികൾക്ക് നഴ്സുമാരുടെ ഒരു സ്പർശനത്തിൽ നിന്നും സ്നേഹത്തോടെയുള്ള സുഖാന്വേഷണത്തിൽ നിന്നും ലഭിക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.

അതൊക്കെ പോട്ടെ. പൊട്ടിയും പഴുത്തും അതുപോലെ, നമ്മൾ കണ്ടാൽ കണ്ണുമാറ്റുന്ന എത്രയോ അവസ്ഥകളിൽ ഓരോരുത്തർ ആശുപത്രികളിലെത്തുന്നു. നമ്മൾ അറപ്പോടെ കണ്ണുതിരുമുമ്പോഴും ഈ നേഴ്സ് എന്ന ഭൂമിയിലെ മാലാഖമാർ അവരെ സ്നേഹത്തോടെ സ്വീകരിച്ചു പരിചരിക്കുന്നു. അപ്പോള്‍ നമ്മളിൽ ചിലർ പറയും അത് അവരുടെ ജോലി ആണെന്ന്. ആയിക്കോട്ടെ, അവരോടു ഒരു ചോദ്യം – ഇത്രയും അറപ്പുള്ള ജോലി കാശ് കിട്ടിയാൽ നമ്മളിൽ ആരൊക്കെ ചെയ്യും?

ഇല്ല കൂട്ടുകാരേ, ഇതൊക്കെ ചെയ്യണമെങ്കില്‍ അതിനുള്ള മനസുണ്ടാകണം. എല്ലാവർക്കും അതിനു പറ്റിയെന്നു വരില്ല. നമ്മളെ, ഏതവസ്ഥയിൽ ആണെങ്കിലും ഇത്ര സ്നേഹത്തോടെ, കരുതലോടെ നോക്കുന്ന അവർക്ക് എന്തു കൊടുത്താലാ മതിയാവുക?

മുകളിൽ പറഞ്ഞത് അവരിലുള്ള ദൈവീകമായ അംശത്തെക്കുറിച്ചാണ്. അവരും മനുഷ്യരാണ് – ഓരോ കുടുംബത്തിനും താങ്ങും തണലുമാകേണ്ടവർ. കേരളത്തിൽ എത്ര തുച്ഛമായ വേതനത്തിലാണ് നഴ്സുമാർ ജോലിയെടുക്കുന്നത് എന്നു ചിന്തിക്കുമ്പോൾ നമ്മുടെ നേതാക്കന്മാരുടെയൊക്കെ മനസ് മരവിച്ചുപോയോ എന്നു ചിന്തിച്ചുപോകും. കൊടുത്തുകൂടേ ഇവർക്ക് അർഹിക്കുന്ന നീതി? കൊട്ടാരം പണിയാൻ ഒന്നുമല്ല സാറേ – അവർക്ക് അരി മേടിക്കാനും പഠിക്കാനെടുത്ത കടം വീട്ടാനും വേണ്ടിയാണ്.

ഈ മാലാഖ.. മാലാഖ.. എന്ന വിളിയും പാത്രവും സ്പൂണുമായുള്ള കൂട്ടിക്കൊട്ടുമൊക്കെ മാത്രം മതിയോ? അവർക്കും വിശപ്പും ദാഹവും ആവശ്യങ്ങളുമുണ്ട്. പഠിത്തം കഴിഞ്ഞ് ഇവർ സ്വന്തം നാട് ഉപേക്ഷിച്ച് ആതുരസേവനത്തിന് മറുനാട്ടിൽ പോകുന്നത് കേരളത്തിൽ ശുശ്രൂഷിക്കാൻ രോഗികൾ ഇല്ലാഞ്ഞിട്ടല്ല. ചേർത്തുനി൪ത്തിക്കൂടേ ഭൂമിയിലെ ‘മാലാഖ’മാർ എന്ന വിളിപ്പേരു ലോകം ചാർത്തിക്കൊടുത്ത ഇവരെ?

They deserve a very descent package – കൊടുത്തുകൂടേ ഇവർക്ക് അർഹിക്കുന്ന നീതി? ഈ കൊറോണക്കാലത്തെങ്കിലും നമ്മൾ ഓർക്കണം, അവരില്ലെങ്കിൽ നമ്മുടെ സ്പന്ദനം നിലച്ചുപോവും എന്ന സത്യം.

#I_SALUTE_you_ANGELS bcz ഞാൻ നിങ്ങളുടെ കൈകളിലാണ് ജനിച്ചുവീണത്… ലോകത്തുള്ള എല്ലാ നഴ്സുമാർക്കും പ്രത്യേകിച്ച്, നേഴ്സ് ആയ എന്റെ പ്രിയപത്നി റോസിക്കും എല്ലാ നഴ്സുമാർക്കും ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ബിജു കെ. ബേബി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.