നക്ഷത്രമുയർത്തുന്ന സംപ്രീതിയിലെ മാലാഖമാർ

ക്രിസ്തുമസ് – നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ കാത്തിരിപ്പിന്റെ സമാപ്തിയാണ്. രക്ഷകനായുള്ള കാത്തിരിപ്പിന്റെ അവസാനമാണ്. എന്നാൽ ഒരു നിമിഷം പോലും കാത്തിരിക്കാൻ ഇഷ്ടമില്ലാത്ത ചിലരുണ്ട്, ഇവിടെ കുടമാളൂരുള്ള സംപ്രീതിയിൽ. ഓണപ്പൂക്കളം ഉമ്മറത്തു നിന്നും മാറ്റും മുൻപ് നക്ഷത്രമിടാമോയെന്നു ചോദിച്ച് പിന്നാലെ  കൂടുന്നവർ. പുൽക്കൂടഴിക്കും മുൻപ് പതാക ഉയർത്തി വന്ദേമാതരം പാടി തുടങ്ങുന്നവർ. എന്നും പിറന്നാൾ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ. ചെണ്ടയുടെ താളത്തിൽ നിന്ന് ആറാട്ടും പള്ളിപ്പെരുന്നാളും തിരിച്ചറിയാവുന്നവർ. ബാങ്കുവിളികൾക്ക് കാതോർക്കുന്നവർ. അതെ, നിഷ്കളങ്കതയുടെ പ്രതിരൂപമാണിവർ.

ഓരോ ശബ്ദവും ഇവർക്ക് പ്രതീക്ഷയാണ്. ഓരോ ചലനവും പ്രത്യാശയാണ്. ലോകനേതാക്കന്മാർ പോലും കൊറോണ കാലത്ത് നിശ്ചലരാവുമ്പോൾ ഉലകം ചുറ്റി ടൂർ പോകുന്നവരാണ് ഇവർ. യാത്രകൾക്ക് അതിരുകളും അതിർത്തികളും കാലങ്ങളും വയ്ക്കാത്തവർ. വർഷം മുഴുവൻ ആഘോഷമാക്കാൻ ഇഷ്ടപ്പെടുന്നവർ. എന്നും എന്തെങ്കിലുമൊക്കെ പുതുമകൾ ആഗ്രഹിക്കുന്നവർ. ഓരോ തൊങ്ങലുകളിലും പുത്തൻ പ്രതീക്ഷകൾ കണ്ടെത്താൻ സാധിക്കുന്നവർ. ചെയ്യുന്ന ഓരോ ചെറിയ ജോലിയും എന്തിനൊക്കെയോ ഉള്ള വലിയ ഒരുക്കങ്ങളാക്കുന്നവർ. ഇവരാണ് സംപ്രീതിയെ ഉണർത്തുന്നവർ.

ബുദ്ധിവികാസം പൂർണ്ണമാകാത്തതുകൊണ്ട് പ്രതിസന്ധികൾക്ക് തളർത്താനാവാത്ത ഈ മനുഷ്യജീവിതങ്ങളാണ് സംപ്രീതിയെ ചലനാത്മകമാക്കുന്നത്. ബുദ്ധിയുണ്ടെന്നു നടിക്കുന്നതുകൊണ്ട് ചെറിയ പരാജയങ്ങൾക്കും പ്രതിസന്ധികൾക്കും മുമ്പിൽ തളർന്നിരിക്കുന്ന ലോകത്തിനു മുന്നിൽ ഇവരൊക്കെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. ദുഃഖം തളംകെട്ടിയ മനസ്സുമായിരിക്കുന്ന ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ മാലാഖമാരുടെ നിഷ്കളങ്കമായ ഓരോ പുഞ്ചിരിയും സ്നേഹത്തിൽ പൊതിഞ്ഞതും അപൂർണ്ണവും അവ്യക്തവുമായ വാക്കുകൾ നൽകുന്നത് പ്രതീക്ഷയുടെ അനുഭവങ്ങളുമാണ്. ചില സമയത്ത് തീർത്തും നിശബ്ദമായ ഇവരുടെ സാന്നിധ്യം പോലും പോസിറ്റീവ് എനർജിയാണ്.

ആധുനിക മനുഷ്യന്റെ മുഖമുദ്രയായ രോഗത്രയങ്ങൾ (ഷുഗർ, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം) ഭൂരിഭാഗം വരുന്ന ജനങ്ങളെയും വലയ്ക്കുമ്പോൾ അതൊന്നും തൊട്ടുതീണ്ടാത്തവർ. എപ്പോഴും പ്രതീക്ഷകളുള്ള, സന്തോഷം നിറഞ്ഞ, സ്നേഹിക്കാനും പെട്ടെന്നു തന്നെ ക്ഷമിക്കാനും പറ്റുന്ന മനസ്സാണ് രോഗത്രയങ്ങൾക്കുള്ള വാക്സിൻ എന്നു പറയാതെ പഠിപ്പിക്കുന്നവർ!

പ്രതീക്ഷയറ്റവരാകാതെ പ്രത്യാശയുള്ളവരാകൻ ഒരു നക്ഷത്രം നമുക്കു മുൻപേയുണ്ട്. നമ്മോടൊപ്പമുണ്ട്. ആരുമില്ലെന്നു തോന്നുമ്പോൾ ചേർത്തുപിടിക്കാൻ, വഴിയിൽ വെളിച്ചമേകാൻ കൂടെവരുന്ന ആ നക്ഷത്രം ഒരുപക്ഷേ, ഈശ്വരനാകാം. പതറിപ്പോകുമ്പോൾ കൈപിടിക്കാൻ ചിലപ്പോൾ ഒരുകൂട്ടം നക്ഷത്രങ്ങൾ നമുക്ക് ചുറ്റിലുമുണ്ടാകാം. അത് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ കണ്ടുമുട്ടിയവരോ ആരുമാകാം. മതഗ്രന്ഥ വചസ്സുകളോ പുസ്തകങ്ങളോ ചിന്തകളോ പ്രവർത്തനമണ്ഡലങ്ങളോ ജീവിതാവസ്ഥകളോ എന്തുമാകാം.

പ്രപഞ്ചത്തിലെ ഓരോ നക്ഷത്രവും എന്റെ കണ്ണിന് കുളിർമ്മ നൽകുന്നത് നാം അറിയാതെ അതിൽ നടക്കുന്ന ഉഗ്രതാപത്തിന്റെയും വെന്തുരുകലിന്റെയും സ്ഫോടനങ്ങളുടെയും ഫലമായാണ്. അത് ഒരു ഓർമ്മപ്പെടുത്തതാണ്. എന്റെ ജീവിതത്തിലും ഒരു നിമിഷമെങ്കിലും പ്രതീക്ഷ നൽകി കടന്നുപോയ ഓരോ വ്യക്തിയുടെയും ഉള്ളിലെ സഹനത്തിന്റെ, ഞാനറിയാത്ത വേദനയുടെ ഓർമ്മപ്പെടുത്തൽ. ദൈവ-മനുഷ്യബന്ധവും കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും എല്ലാം എനിക്ക് പ്രകാശം തരുന്ന നക്ഷത്രങ്ങളാകുന്നത് അങ്ങനെയാണ്.

ഈ കൊറോണ കാലത്തും വർണ്ണനക്ഷത്രമുയരുകയാണ്. ആകാശത്തിന്റെ വിദൂരദിക്കിൽ നിന്ന്  വീട്ടുമുറ്റത്തെ മരക്കൊമ്പുകളിലേയ്‌ക്കും എന്റെ വീടിന്റെ ഉമ്മറപ്പടിയിലേയ്‌ക്കും. പതിയെപ്പതിയെ കൊറോണ കാലത്തെ പ്രതീക്ഷയറ്റ എന്റെ ഇരുളാർന്ന മനസ്സിലേയ്‌ക്കും നക്ഷത്രം ഇറങ്ങിവരും, വെള്ളിവെളിച്ചമായി. ശിശിരകാലത്തിന്റെ കുളിരണിഞ്ഞ പ്രത്യശയായി. ലോകം വ്യത്യസ്തരെന്നു പേരു ചാർത്തുന്ന, എന്നാൽ  സംപ്രീതി എപ്പോഴും മാലാഖമാരെന്നു മാത്രം വിളിക്കുന്ന ഇവരുടെ ഈ വർഷത്തെ നക്ഷത്രവും തികച്ചും വ്യത്യസ്തമാണ്. പ്രതീക്ഷയുടെ നക്ഷത്രം ഇവർ ഉയർത്തുകയാണ്. സമൂഹത്തിനു മുൻപിൽ, പ്രതീക്ഷയറ്റവർക്കു മുന്നിൽ, തളർന്നവർക്കും തകർന്നവർക്കും മുൻപിൽ…

ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.