മാലാഖമാർ നിർമ്മിച്ച അത്ഭുത ദൈവാലയങ്ങൾ

മനുഷ്യശക്തിക്കു അതീതമായി നിൽക്കുന്നവയൊക്കെ ദൈവീകമായ ഇടപെടലുകളോടെ സംഭവിച്ചു എന്ന് വിശ്വസിക്കുന്നവരായിരുന്നു പഴയ തലമുറ. ഇന്നും ഈ വിശ്വാസത്തിനു മാറ്റം ഒന്നും ഇല്ല. ഇത്തരത്തിൽ മാലാഖമാർ നിർമ്മിച്ച പതിനൊന്നു ദൈവാലയങ്ങൾ ഉണ്ട്. ആ ദൈവാലയങ്ങളെ കുറിച്ചു വായിക്കാം…

എത്യോപ്യയിലെ മലനിരകളിലാണ് ഈ അത്ഭുത ദൈവാലയങ്ങൾ സ്ഥിതി ചെയ്യുന്നത്. സവിശേഷമായ രൂപകൽപ്പനയോടുകൂടിയ ഈ ദൈവാലയങ്ങൾ ചെങ്കുത്തായ കൂറ്റൻ പാറക്കല്ലിൽ കൊത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ഭരണാധികാരിയായിരുന്ന ലാലിബേല രാജാവ് 1,200 മൈൽ ദൂരം ജറുസലേമിലേക്ക് യാത്ര ചെയ്തതിന് ശേഷം ഇടയ്ക്ക് ദൈവാലയങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയും ഇതേ തുടർന്ന് ഇവ പണിയുകയും ആയിരുന്നു എന്ന് കരുതപ്പെടുന്നു. എന്നാൽ മുസ്ലിം അധിനിവേശത്തെ തുടർന്ന് അവയുടെ നിർമ്മാണം നിർത്തിവച്ചിരുന്നു.

ലാലിബേല രാജാവിന്റെ പേരിൽ തന്നെ അറിയപ്പെടുന്ന ഈ ദൈവാലയങ്ങൾ ഉൾപ്പെടുന്ന സ്ഥലം പ്രധാന നഗരമായി ഉയർന്നു വന്നു. ഇന്നും ക്രിസ്ത്യാനികൾക്ക് പ്രാധാന്യം ഉള്ള ദിവസങ്ങളിൽ ഇവിടെ വന്നു പ്രാര്ഥിക്കുന്നതിനായി ധാരാളം ആളുകൾ വിദേശങ്ങളിൽ നിന്ന് പോലും എത്താറുണ്ട്. ചിലർ മാസങ്ങളോളം കാൽനടയായി സഞ്ചരിച്ചും എവിടേയ്ക്ക് എത്തുന്നു.

ലാലിബേല പള്ളികൾ നിർമ്മിച്ച ആളുകളെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അറിവൊള്ളൂ. അതിനാൽ തന്നെ ഈ ദൈവാലയം മാലാഖമാരുടെ സഹായത്താൽ നിർമ്മിച്ചതാണെന്ന് ഇവിടെ വരുന്നവരും പ്രാദേശികവാസികളും വിശ്വസിക്കുന്നു. ഒറ്റക്കല്ലിൽ എത്രയും വലുതും മനോഹരവുമായ ഒരു ദൈവാലയം തീർക്കുക എന്നത് മനുഷ്യ ബുദ്ധിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അതിനാൽ തന്നെ ഈ വിശ്വാസത്തിനു പ്രചാരം ഏറുകയും ആയിരുന്നു. കട്ടിയുള്ള പാറയിൽ നിന്ന് വാതിലുകൾ, ജനാലകൾ, നിലകൾ, മതിലുകൾ എന്നിവ കൊത്തിയെടുക്കുന്നതിന് വെറും ചുറ്റികയും ഉളിയും മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നു ഗവേഷകർ പറയുന്നു.

ഈ മനോഹരമായ ദൈവാലയങ്ങളെ കുറിച്ച് മധ്യകാല യൂറോപ്യൻ ജനതയ്ക്കു അത്ര അറിവുണ്ടായിരുന്നില്ല. കൃത്യമായ പരിചരണവും മറ്റും ലഭിക്കാതെ നാശത്തിന്റെ പാതയിൽ എത്തിയ ഈ ദേവാലയങ്ങൾ ഇന്ന് ഏതാനും വൈദികരും അൽമായ വിശ്വാസികളും ചേർന്ന് ഉയർത്തികൊണ്ട് വരികയാണ്. എത്യോപ്യൻ ഓർത്തഡോക്സ് സഭ കല്ല് വിശുദ്ധമായി കണക്കാക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ആണ് നിർവഹിച്ചത്.