കോൺസൺട്രേഷൻ ക്യാമ്പിലെ കരുണയുടെ മാലാഖ

കോൺസൺട്രേഷൻ ക്യാമ്പിലെ അവളുടെ ജീവിതം തന്നെ ഒരു അത്ഭുതമാണ്. അത്തരം ഭയാനകമായ സ്ഥലത്ത് ഒരാൾക്ക് എങ്ങനെ ദയയുടെ മാലാഖയാകുവാൻ സാധിക്കും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട സി. ജൂലിയ റോഡ്‌സിയസ്‌ക എന്ന ഈ സന്യാസിനി ക്രൂരമായ പ്രഹരത്താല്‍ വേദനിക്കുമ്പോഴും സഹിക്കേണ്ടിവന്നപ്പോഴും പ്രാർത്ഥനയിൽ നിന്നും ശക്തി നേടി. ഈ സന്യാസിനിയുടെ ജീവിതം വായിച്ചറിയാം…

അവളുടെ സഹതടവുകാർ അവളെ ‘നന്മയുടെ മാലാഖ’ എന്ന് വിളിച്ചു. വാഴ്ത്തപ്പെട്ട ജൂലിയ റോഡ്‌സിയസ്ക തന്റെ 46-ാം വയസിൽ സ്റ്റത്തോഫ് തടങ്കൽപ്പാളയത്തിൽ വച്ച് മരിച്ചു. രണ്ടാം ലോക മഹായുദ്ധ സമയത്ത് മരണമടഞ്ഞ 108 രക്തസാക്ഷികളിൽ ഒരാളാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പ, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ ഈ സന്യാസിനി.

യഥാർത്ഥത്തിൽ കോൺസൺട്രേഷൻ ക്യാമ്പിൽ സി. ജൂലിയ, റൊട്ടി ഉൾപ്പെടെ എല്ലാം മറ്റുള്ളവരുമായി പങ്കിട്ടു. ഒരു കഷണം റൊട്ടിയിൽ നിന്നാണ് അവൾ ജപമാലകൾ ഉണ്ടാക്കിയത്. ജപമാല ചൊല്ലാൻ ആഗ്രഹിച്ച് വിവിധ രാജ്യങ്ങളിലെ ആളുകൾ അവളെ സന്ദർശിക്കുമായിരുന്നു. “ജപമാലയ്ക്കായി സിസ്റ്റർ ജൂലിയയുടെ അടുത്തേക്ക് വരൂ” – അവർ പറയുമായിരുന്നു.

അനാഥരുടെ അമ്മ

സ്റ്റാനിസ്വാവ മരിയയിൽ ജനിച്ച അവൾ നേരത്തെ അനാഥയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം ഡൊമിനിക്കൻ സന്യാസിനികൾ നടത്തുന്ന ഒരു കോൺവെന്റിലായിരുന്നു അവർ വളർന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, സ്റ്റാനിസ്വാവ മരിയ നൗവി (സി. ജൂലിയ റോഡ്‌സിയസ്‌ക) സാക്സിലെ ടീച്ചർ ട്രെയിനിംഗ് കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടി. തന്റെ പതിനേഴാമത്തെ വയസ്സിൽ, സ്കൂൾ വിട്ട് സെന്റ് ഡൊമിനിക്കൻ സഹോദരിമാരുടെ സഭയിൽ ചേർന്നു. അവിടെ നിന്നും സഭാവസ്ത്രം സ്വീകരിച്ച അവൾ മരിയ ജൂലിയ എന്ന പുതിയ നാമം സ്വീകരിച്ചു. ശേഷം അവള്‍ ക്രാക്കോവിലേക്ക് അയയ്ക്കപ്പെട്ടു; അവിടെ പഠനം തുടർന്നു. പരീക്ഷ പാസായ ശേഷം അദ്ധ്യാപികയായി.

അനാഥരോട് വലിയ താല്‍പര്യം കാണിച്ചിരുന്ന ഈ സന്യാസിനി അവരുടെ വിദ്യാഭ്യാസത്തിനും അത്യാവശ്യങ്ങൾക്കും അവരെ സഹായിച്ചിരുന്നു. ദരിദ്രരായ കുട്ടികളെയും ചെറുപ്പക്കാരെയും പരിപാലിച്ച അവർ അനാഥാലയത്തിൽ അവരുടെ ശുശ്രൂഷകളിൽ ഏർപ്പെട്ടിരുന്നു. സോവിയറ്റ് സൈന്യം വിൽനിയസ് ആക്രമിച്ചപ്പോൾ സന്യാസിനികളുടെ ജീവിതം അത്യന്തം ദുരിതപൂർണ്ണമായി. 1920 സെപ്റ്റംബറിൽ ഡൊമിനിക്കൻ സഹോദരിമാരെ തിരിച്ചുവിട്ടു. സഭാധികാരികളുടെ അനുമതിയോടെ സാധാരണക്കാരുടെ വസ്ത്രം ധരിക്കാൻ തുടങ്ങി. ജർമ്മൻ അധിനിവേശകാലത്ത് സിസ്റ്റർ ജൂലിയ 1943-ൽ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ രഹസ്യമായി അവള്‍ അനാഥരെ പഠിപ്പിച്ചു.

തടങ്കൽപ്പാളയത്തിലെ മാലാഖ

തടങ്കൽപ്പാളയത്തിലെ നരകതുല്യമായ ജീവിതത്തിലും ഈ സന്യാസിനി സഹതടവുകാരുടെ ഇടയിൽ മാലാഖയായി വർത്തിച്ചു. സുക്കിസ്കിയിലർ തടവറയിൽ വച്ച് സി. ജൂലിയ കഠിനമായി പീഡിപ്പിക്കപ്പെട്ടു. ഈ പീഡനങ്ങൾക്കിടയിലും അവള്‍ വിശ്വാസത്തെയോ അടിസ്ഥാനമൂല്യങ്ങളെയോ ഉപേക്ഷിച്ചില്ല. ഒരു വർഷത്തോളം സി. ജൂലിയയെ ഏകാന്തതടവിൽ പാർപ്പിക്കുകയും മറ്റ് തടവുകാരോടൊപ്പം സ്റ്റത്തോഫ് തടങ്കൽപ്പാളയത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നുമുതൽ, സി. ജൂലിയ 40992 എന്ന നമ്പരുകാരിയായി. അഴുക്കും വൃത്തിയില്ലാത്തതുമായ ഭക്ഷണം, കുടിവെള്ളത്തിന്റെ പരിമിതി, വിതരണം ചെയ്യപ്പെടുന്ന കുറഞ്ഞ ഭക്ഷണ റേഷൻ – ഇതെല്ലാം മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്നതായിരുന്നു. പക്ഷേ, അവൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടില്ല. അതോടൊപ്പം മറ്റുള്ളവരുടെ പ്രതീക്ഷയെ ഉയർത്തുവാനുതകുന്ന തരത്തിൽ എല്ലാവരോടും ദയ കാണിക്കുകയും ചെയ്തു.

ഒരു ദിവസം ഒരു തടവുകാരൻ തടങ്കൽപ്പാളയത്തിൽ ജീവനൊടുക്കാൻ പദ്ധതിയിടുന്നതായി അവൾ മനസ്സിലാക്കി. ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പ് നൽകുന്നതുവരെ അവൾ അദ്ദേഹത്തിന് രഹസ്യസന്ദേശങ്ങൾ അയച്ചു. പിന്നീട് സി. ജൂലിയയാണ് ക്യാമ്പിലെ നരകത്തെ അതിജീവിക്കാനുള്ള പ്രത്യാശ തന്നിൽ പകർന്നതെന്ന് അയാൾ വെളിപ്പെടുത്തി.

റൊട്ടി കൊണ്ട് നിർമ്മിച്ച ജപമാല

തടവറയിൽ ഈ സന്യാസിനി മറ്റുള്ളവരെ പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിച്ചു. ക്യാമ്പിൽ വച്ച് ബ്രെഡിന്റെ ഒരു കഷണം കൊണ്ട് അവൾ ജപമാലകൾ ഉണ്ടാക്കി. രക്ഷപ്പെട്ടവരിൽ ഒരാളായ ഇവാ ഹോഫ് പിന്നീട് അതേക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്: “ഒരു അമ്മയ്ക്കു മാത്രമേ ഒരു കുട്ടിയെ ഉണർത്താനാകൂ എന്നതിനാൽ ഈ സന്യാസിനിയുടെ ജീവിതം എന്നെ സ്പർശിച്ചു. ഈ സന്യാസിനി എന്നോട് പറയുമായിരുന്നു ‘നിങ്ങൾക്കായി കുറച്ച് സൂപ്പ് എന്റെ കയ്യിലുണ്ട്. അത് കഴിക്കുക’ – എന്ന് സ്നേഹത്തോടെ അവൾ പറയുമായിരുന്നു.

കരുണയുടെ സാക്ഷ്യം

1944-ൽ ക്യാമ്പിൽ ടൈഫോയിഡ് പകർച്ചവ്യാധി ഉണ്ടായപ്പോൾ അധികൃതർ ജൂത ക്യാമ്പിനെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തി. മറ്റ് തടവുകാർ ഡെത്ത് ബ്ലോക്ക് ഒഴിവാക്കി. രോഗം ഗുരുതരമായ അവസ്ഥയിലുള്ളവരെ സന്ദർശിക്കുന്നതുപോലും ഒഴിവാക്കി. പക്ഷേ അവർക്ക് മരുന്നുകളും വെള്ളവും ക്രമീകരിക്കുവാൻ സി. ജൂലിയ മുന്നിട്ടുനിന്നു. അങ്ങനെ ടൈഫോയിഡ്‌ ബാധിച്ചപ്പോഴും സിസ്റ്റർ സഹായം തുടർന്നു.

കരുണയുടെ അസ്തിത്വം നഷ്ട്ടപ്പെട്ട സാഹചര്യങ്ങളിൽ സി. ജൂലിയ കരുണ നൽകി എന്ന് കൂടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ അവള്‍ ഒരു രക്തസാക്ഷിയായി. മരണശേഷം അവളുടെ മൃതദേഹം ഒരു കുന്നിൻമുകളിലേക്ക് വലിച്ചെറിയപ്പെട്ടു. തടവുകാരിലൊരാൾ സിസ്റ്റർ ജൂലിയയുടെ മൃതദേഹം ക്യാമ്പിലെ, വരയുള്ള വസ്ത്രത്തിന്റെ ഒരു ഭാഗം കൊണ്ടു മൂടി മറ്റുള്ളവർക്കുവേണ്ടിയുള്ള അവളുടെ ത്യാഗജീവിതത്തോട് നന്ദിയും ആദരവും പ്രകടിപ്പിച്ചു. പിന്നീട്, ഈ സന്യാസിനി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.