‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍…’! മലയാളികള്‍ക്ക് സംഗീതവിരുന്നുമായി ഇറ്റാലിയന്‍ വൈദികന്‍

കീര്‍ത്തി ജെയ്ക്കബ്

സംഗീതത്തിന് ഭാഷയില്ല, അതിരുകളുമില്ല. മറിച്ച് സംഗീതം തന്നെയാണ് ഭാഷ എന്നു തെളിയിക്കുന്ന ഒരു പ്രകടനമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. അക്ഷരസ്ഫുടതയോടെ മലയാളം പാട്ട് ആസ്വദിച്ചു പാടുന്ന ഇറ്റാലിയന്‍ വൈദികന്റെ വീഡിയോയാണത്.

1984-ല്‍ പുറത്തിറങ്ങിയ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തില്‍ ബിച്ചു തിരുമല വരികളെഴുതി ജെറി അമല്‍ദേവ് സംഗീതം നല്‍കി യേശുദാസും ചിത്രയും ചേര്‍ന്നു പാടിയ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍…’ എന്ന അനശ്വരഗാനമാണ് ഇറ്റാലിയന്‍ സ്വദേശിയായ ഫാ. സിമോണെ ബര്‍ബേരി പാടിയിരിക്കുന്നത്. ‘കടല്‍ കടന്നൊരു പാട്ട്’ എന്ന പേരില്‍ പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷനാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ഇങ്ങനെയൊരു ശ്രമം നടത്താനുണ്ടായ കാരണത്തെക്കുറിച്ച് ഫാ. ബര്‍ബേരി വീഡിയോയില്‍ തന്നെ പറയുന്നുണ്ട്. “ഈ പാട്ട് ഞാന്‍ ആദ്യം കേട്ടത് റോമിലെ എന്റെ പഠനകാലത്തെ മലയാളിസുഹൃത്തുക്കളില്‍ നിന്നാണ്. ഇപ്പോള്‍ ഈ ഗാനം പാടുന്നത് സെന്‍ട്രല്‍ ഇറ്റലിയിലെ ലിവാര്‍ണോ പട്ടണത്തിലെ എന്റെ വീട്ടില്‍ നിന്നാണ്. ഫോട്ടോഗ്രാഫര്‍ കൂടിയായ പപ്പയാണ് ഈ ഗാനം ചിത്രീകരിക്കാന്‍ എന്നെ സഹായിച്ചത്. കോവിഡ്-19 രോഗത്തെക്കുറിച്ചുള്ള ഭയത്താലും ആകുലതകളാലും വിഷമിക്കുന്ന മനുഷ്യര്‍ക്ക് ഈ ഗാനം ആശ്വാസമാകും എന്നു ഞാന്‍ വിചാരിക്കുന്നു.” താന്‍ ഇപ്പോള്‍ മലയാളം കൂടുതലായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മലയാളത്തില്‍ തന്നെ അദ്ദേഹം കേള്‍വിക്കാരോടായി പറയുന്നു.

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ഇതേ പാട്ടിന്റെ റീമിക്‌സാണ് ഫാ. ബര്‍ബേരി ആദ്യം കേട്ടത്. സ്ലോ പേസിലുള്ള ആ റീമിക്‌സ് അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചതിനാല്‍ മലയാളിസുഹൃത്തുക്കളുടെ സഹായത്തോടെ ഗാനം ഹൃദിസ്ഥമാക്കുകയായിരുന്നു. പിന്നീട് പാടിയപ്പോൾ മറ്റുള്ളവരിൽ നിന്ന് നല്ല പ്രോത്സാഹനവും അഭിനന്ദനവും കിട്ടി. അതിനുശേഷമാണ് വീഡിയോ തയ്യാറാക്കിയത്.

ഫാ. ജോ പോള്‍ കിരിയാന്തന്‍, ഫാ. സോണി മഞ്ഞളി, ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്ത് എന്നിവരുടെ സഹായവും പ്രോത്സാഹനവുമാണ് ഈ ശ്രമകരമായ ദൗത്യത്തിന് ഫാ. ബര്‍ബേരിയ്ക്ക് കൂട്ടായത്. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ വേറെയും മലയാളം ഗാനങ്ങള്‍ ഫാ. ബര്‍ബേരിയ്ക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഈ വൈദികര്‍ പറയുന്നു. വീഡിയോ എഡിറ്റിംഗും മറ്റു കാര്യങ്ങളും നിർവ്വഹിച്ചത് പിൽഗ്രിംസ് കമ്മൂണിക്കേഷൻസിന്റെ ഡയറക്ടർ ഫാ. ജേക്കബ് കോരോത്ത് ആണ്. അതുകൊണ്ട് കാത്തിരിക്കാം… മലയാളത്തെ സ്‌നേഹിക്കുന്ന ഈ ഇറ്റാലിയന്‍ വൈദികന്റെ പുതിയ സംഗീതവിരുന്നിനായി…

കീര്‍ത്തി ജേക്കബ്‌