ഇതാ ഒരു ഭാരതീയ വനിത

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ആദ്യകുർബാന സ്വീകരണത്തിനുശേഷം അവൾ വന്ന് അമ്മയോട് പറഞ്ഞു: “അമ്മേ, എനിക്ക് കന്യാസ്ത്രീയാകണം.”

“നീ കുഞ്ഞല്ലേ, പിന്നീട് നമുക്ക് തീരുമാനിക്കാം” എന്നായിരുന്നു അമ്മയുടെ മറുപടി.

അതേ ആവശ്യവുമായി അവൾ ഏതാനും വർഷങ്ങൾക്കുശേഷം വീണ്ടും അമ്മയെ സമീപിച്ചു. ഇത്തവണ അവളുടെ ദൃഢനിശ്ചയത്തെ അമ്മ അഭിനന്ദിക്കുകയാണ് ചെയ്തത്. കോൺവെൻ്റിലേയ്ക്ക് അവളെ യാത്രയാക്കുന്നതിനു മുമ്പ് മകളെ ചേർത്തുപിടിച്ച് അവര്‍ ഇങ്ങനെ പറഞ്ഞു: “നീ വലിയ തീരുമാനമാണ് എടുത്തിരിക്കുന്നത്. നിൻ്റെ ബലഹീനമായ കരങ്ങളെ ശക്തനായ യേശുവിൻ്റെ കരങ്ങളിൽ നൽകുക. അവൻ്റെ കൈപിടിച്ച് ധൈര്യപൂർവ്വം മുന്നോട്ടു നടക്കുക. ഒരിക്കലും തിരിഞ്ഞുനോക്കരുത്. പിന്തിരിഞ്ഞുള്ള നോട്ടം ഉള്ളിലെ ശക്തി ക്ഷയിപ്പിക്കും. എൻ്റെ പ്രാർത്ഥന എന്നും കൂടെയുണ്ട്.”

ആ യുവതി പതിറ്റാണ്ടുകൾക്കുശേഷം എഴുതി: “ജന്മം കൊണ്ട് ഞാൻ അൽബേനിയക്കാരിയാണ്. പൗരത്വം വഴി ഞാൻ ഭാരതീയയാണ്. വിശ്വാസമനുസരിച്ച് ഞാനൊരു കത്തോലിക്കാ കന്യാസ്ത്രീയാണ്. എൻ്റെ വിളിയനുസരിച്ച് ഞാൻ ലോകത്തിൻ്റേതാണ്. എന്നാൽ, എൻ്റെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം ഞാൻ പൂർണ്ണമായും യേശുവിൻ്റേതാണ്.”

ആ സ്ത്രീയാണ് പാവപ്പെട്ടവരുടെ അമ്മ എന്നറിയപ്പെടുന്ന വി. മദർ തെരേസ. “എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുത്തു വന്നു” (മത്തായി 25: 35, 36) എന്ന വചനങ്ങളുടെ പൂർത്തീകരണമായിരുന്നു അവരുടെ ജീവിതം.

1948 ആഗസ്റ്റ് 8-ന് ലൊറെറ്റോ മഠം വിട്ട് തെരുവുമക്കൾക്ക് അമ്മയാകാൻ ഇറങ്ങിത്തിരിച്ചപ്പോൾ അവരുടെ കൈവശമുണ്ടായിരുന്നത് ഒരു ജപമാല, ഒരു ബൈബിൾ, അഞ്ചു രൂപ. ഇത്രമാത്രം! എന്നാൽ, 1997 സെപ്തംബർ അഞ്ചാം തീയതി അമ്മ നിത്യതയിലേയ്ക്ക് യാത്രയായപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ 300-ൽപരം കോൺവെൻ്റുകളാണ് ഉണ്ടായിരുന്നത്.

മദറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഫ്രഞ്ച് പ്രസിഡൻറായിരുന്ന ഷാക്ക് ഷിറാക്ക് പറഞ്ഞ വാക്കുകൾ നമുക്ക് മറക്കാനാകുമോ? “ലോകത്തിൽ സ്നേഹത്തിനും കരുണയ്ക്കും വെളിച്ചത്തിനും ഈ രാത്രിയിൽ കുറവു സംഭവിച്ചതായി എനിക്ക് അനുഭവപ്പെടുന്നു.”

ഭാരതരത്ന ബഹുമതി സമ്മാനിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: “ഈ മഹതിയുടെ മുമ്പിൽ നമ്മൾ താനേ ശിരസ് നമിക്കുന്നു!”

വി. മദർ തെരേസയെപ്പോലെ നമ്മളും ക്രിസ്തുവിൻ്റേതു മാത്രം ആകേണ്ടവരല്ലേ? അവനുവേണ്ടി ജീവിക്കേണ്ടവരല്ലേ?

എട്ടുനോമ്പിൻ്റെ അഞ്ചാം നാൾ നമുക്കു പ്രാർത്ഥിക്കാം… അമ്മേ മാതാവേ, വി. മദർ തെരേസയെപ്പോലെ ക്രിസ്തുവിൻ്റെ സ്വന്തമാകുവാൻ കൃപയരുളേണമേ.

വി. മദർ തെരേസയുടെ തിരുനാളാശംസകൾ! ഒപ്പം അധ്യാപകദിനത്തിൻ്റെ മംഗളങ്ങളും!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.