നാൽപ്പത്തിയഞ്ചു ദിവസത്തെ പ്രാർത്ഥനയും ഏകാന്തവാസവും കൊറോണയിൽ നിന്നും മോചിപ്പിച്ച അനുഭവം

കൊറോണ ബാധിച്ച് ഐസൊലേഷനിൽ കഴിഞ്ഞ നാൽപ്പത്തിയഞ്ചു ദിവസം. ഈ ദിവസങ്ങളിൽ സമയംകൊല്ലികളാകാൻ സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കും അവസരം കൊടുക്കാതെ പ്രാർത്ഥനയിൽ ആശ്രയിച്ച ഒരു പാക്ക് ക്രൈസ്തവൻ. ആ പ്രാർത്ഥനയും ത്യാഗവും അദ്ദേഹത്തെ മോചിപ്പിച്ചത് കൊറോണയിൽ നിന്നും; വർദ്ധിപ്പിച്ചത് വിശ്വാസവും ആത്മധൈര്യവും. ഇത് യൂനാസ് മാസിഹിന്റെ അനുഭവസാക്ഷ്യം.

പാക്കിസ്ഥാനിലെ ഫസിലാബാദ് സ്വദേശിയാണ് യൂനാസ് മാസിഹ്. പിതാവിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിൽ രണ്ടാഴ്ച്ച ചിലവഴിച്ച അദ്ദേഹത്തിന് വൈകാതെ തന്നെ കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തോട് ഡോക്ടർമാർ പറഞ്ഞത് ഇവിടെ സ്ഥലമില്ല, അതിനാൽ വീട്ടിൽ ഐസൊലേഷനിൽ ആയിരിക്കാനാണ്. അങ്ങനെ വീട്ടിലെ മറ്റംഗങ്ങളെ മാറ്റിയശേഷം ഐസൊലേഷനിൽ കഴിയുവാൻ അദ്ദേഹം തീരുമാനിച്ചു. നീണ്ട നാൽപ്പത്തിയഞ്ചു ദിവസങ്ങളാണ് അദ്ദേഹം ഐസൊലേഷനിൽ ആയിരുന്നത്.

“ആദ്യ ദിവസങ്ങളിൽ ഞാൻ ഹൃദയം തകർന്നവനെപ്പോലെ ആയിരുന്നു. മരിക്കുവാൻ പോകുന്നു എന്ന ഭയം എന്നെ കീഴ്‌പ്പെടുത്തി. ചുമയും പനിയും ശക്തമായി എന്നെ കീഴ്‌പ്പെടുത്തി” – ആദ്യ സമയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ സമയമൊക്കെയും ഡോക്ടർമാർ ഫോണിൽക്കൂടി ബന്ധപ്പെടുന്നുണ്ടായിരുന്നു. മനസിന്റെ ഉൽക്കണ്ഠ കുറയ്ക്കാൻ പുസ്തകം വായിക്കുകയോ സിനിമ കാണുകയോ മറ്റോ ചെയ്യുവാൻ അവർ നിർദ്ദേശിച്ചു. എന്നാൽ അതിലും നല്ലത് ഈ സമയം പ്രാർത്ഥിക്കുകയാണെന്ന് യൂനാസിനു തോന്നി. പിന്നീടുള്ള സമയം മുഴുവൻ പ്രാർത്ഥനയിലും വിശുദ്ധ ഗ്രന്ഥ വായനയിലും അദ്ദേഹം ചിലവഴിച്ചു. നീണ്ട 45 ദിവസങ്ങൾ. അതിനുശേഷം, കഴിഞ്ഞ ദിവസം ഒൻപതാം തീയതി അദ്ദേഹം കൊറോണ വൈറസിൽ നിന്നും പൂർണ്ണമായും മോചിതനായി.

ആ സന്തോഷം അദ്ദേഹം ആഘോഷിക്കുകയും ചെയ്തു. ” ദൈവം എന്റെ പ്രാർത്ഥന കേട്ടു. എന്നെ ഈ രോഗത്തിൽ നിന്നും മോചിപ്പിച്ചു. ഇതാ, ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. എന്നെ ദൈവം ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ഞാൻ പ്രാർത്ഥന ആരംഭിച്ച നിമിഷം മുതൽ ഭയം എന്നെ വിട്ടകന്നു. ഞാൻ ഏകനാണെന്നു എനിക്ക് തോന്നിയില്ല. കാരണം, ഈശോ എന്നെ സംരക്ഷിക്കുകയായിരുന്നു” – അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.