“എന്തുകൊണ്ട് ഞാൻ വെഞ്ചരിച്ച വെള്ളം കയ്യിൽ കരുതുന്നു..?” – ഒരു വൈദികന്റെ അനുഭവം 

    ക്രൈസ്തവർ പൈശാചികമായ ഉപദ്രപങ്ങളിൽ നിന്നും സാന്നിധ്യത്തിൽ നിന്നും അകന്നിരിക്കുന്നതിനായി ഉപയോഗിക്കുന്ന വിശുദ്ധ വസ്തുവാണ് വെഞ്ചരിച്ച വെള്ളം. വെഞ്ചരിച്ച വെള്ളം കൈകളിൽ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിച്ചുകൊണ്ട് സംസാരിക്കുകയാണ് ഫാ. എഡ്‌വേഡ്‌  ലൂണി.

    ധ്യാനിപ്പിക്കുന്നതിനും ക്‌ളാസുകൾ നയിക്കുന്നതിനും ഒക്കെയായി അദ്ദേഹം ദിവസേന യാത്ര ചെയ്യുന്ന വ്യക്തിയാണ്. ഈ യാത്രയിലൊക്കെ ഒരു ദൈവീകസംരക്ഷണ ഉപാധിയായി കയ്യിൽ കരുതാറുള്ള ഒന്നാണ് വെഞ്ചരിച്ച വെള്ളം. എന്തുകൊണ്ടാണ് വെഞ്ചരിച്ച വെള്ളം കയ്യിൽ കരുതുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി “സാത്താൻ യഥാർത്ഥമായതുകൊണ്ട്” എന്നാണ്.

    യാത്രയുടെ ഭാഗമായി പലപ്പോഴും ഹോട്ടൽ മുറികളിൽ താമസിക്കേണ്ടതായി വരും. നമുക്ക് മുൻപ് ആ മുറിയിൽ ആരാണ് താമസിച്ചിരുന്നതെന്നും അവർ എത്തരക്കാരാണെന്നും അവർ എന്തൊക്കെയാണ് അവിടെ ചെയ്തതെന്നും നമുക്ക് അറിയില്ല. എന്നാൽ, അവരിൽക്കൂടെ കടന്നുവന്ന ഏതെങ്കിലും തിന്മയുടെ സാന്നിധ്യം അവർ പോയാലും അവിടെ അവശേഷിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ തിന്മയുടെ അവശിഷ്ടങ്ങളെ അകറ്റാനും പ്രലോഭനങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുവാനും വേണ്ടി വെഞ്ചരിച്ച വെള്ളം സഹായിക്കും – ഫാ. എഡ്‌വേഡ്‌  ലൂണി വെളിപ്പെടുത്തുന്നു.

    തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നും അദ്ദേഹം യാത്രക്കാരായ ആളുകളോട് നിർദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് യാത്രകളിൽ ഒരു ചെറിയ കുപ്പിയിൽ വിശുദ്ധജലം കയ്യിൽ കരുതുക. രാത്രി നിങ്ങൾ താമസിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന മുറിയിൽ ഈ വിശുദ്ധജലം തളിക്കുക. എന്നിട്ട് ദൈവത്തിന്റെ വലിയ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടും തിന്മയെ ആട്ടിപ്പായിക്കുന്നതിന് ദൂതരെ അയക്കുന്നതിനുമായി പ്രാർത്ഥിക്കുക. തുടർന്ന് ഒരു പ്രർത്ഥന ചൊല്ലുവാനും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്:

    “സർവശക്തനായ ദൈവമേ, ഈ സ്ഥലത്ത് എന്നോടൊപ്പം ഉണ്ടായിരിക്കാൻ അങ്ങയുടെ ദൂതന്മാരെ അയക്കണമേ. ദുഷ്ടന്റെ എല്ലാ ആക്രമണങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ. ഈ മുറി അങ്ങയെ വേദനിപ്പിക്കുന്ന എന്തെങ്കിലും തെറ്റിന് വേദിയായിട്ടുണ്ടെങ്കിൽ ക്ഷമിക്കേണമേ. അങ്ങയെ വേദനിപ്പിച്ചവർക്ക് മാനസാന്തരവും പാപബോധവും നൽകണമേ. ഈ മുറിയിൽ ഉണ്ടായിരിക്കാനിടയുള്ള ഇരുട്ടിന്റെ ശക്തികളെ ഇല്ലാതാക്കുകയും ഈ രാത്രിയിൽ എന്നെ സംരക്ഷിക്കുകയും ചെയ്യേണമേ. ഒപ്പംതന്നെ, ഇനി ഈ മുറിയിലേയ്ക്കു കടന്നുവരാനിരിക്കുന്നവർക്കും അങ്ങയുടെ സംരക്ഷണം നൽകേണമേ. ഈശോയെ, അങ്ങിൽ ഞാൻ ശരണം വയ്ക്കുന്നു. ആമേൻ.”

    ഈ പ്രാർത്ഥന ചൊല്ലിയതിനുശേഷം മിഖായേൽ മാലാഖയുടെ സഹായം തേടാം. പ്രാർത്ഥനയും വിശുദ്ധജലത്തിന്റെ ഉപയോഗവും തിന്മയുടെ അവശിഷ്ടങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ആത്മീയ യുദ്ധം ഉണ്ടായാൽ അതിനായി നിങ്ങളെ തയ്യാറാക്കുകയും ചെയ്യും.