ദൈവമില്ലെന്ന് പറഞ്ഞൊരാള്‍ വൈദികനായ കഥ

നിരീശ്വരവാദിയായ ഒരുവന്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് തിരികെ വന്ന സംഭവമാണിത്. ദേവാലയത്തില്‍ പോയിരുന്ന  എല്ലാവരെയും പുച്ഛത്തോടെയാണ് അയാള്‍ നോക്കിയിരുന്നത്. മാത്രമല്ല, ചിലപ്പോഴെങ്കിലും അയാള്‍ ആക്ഷേപിച്ച് തുപ്പുക പോലും ചെയ്തിരുന്നു. മതപഠനത്തിന് പോയിരുന്ന സഹപാഠികളെയും കൂട്ടുകാരെയും അതില്‍ നിന്ന് പരമാവധി പിന്തിരിപ്പിക്കാനാണ് അയാള്‍ ശ്രമിച്ചിട്ടുള്ളത്. ദിവ്യബലി അര്‍പ്പിക്കുന്ന ഫാദര്‍ ജുവാന്‍ ജോസ് മാര്‍ട്ടിനെസ്സിന്റെ ഭൂതകാലമാണിത്.

1995 ഫെബ്രുവരി മാസം വരെ സഭയെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും ഏറ്റവും മോശമായ അഭിപ്രായവും കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു അയാള്‍. ആ മാസമാണ് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കരിസ്മാറ്റിക് ധ്യാനത്തിന് ജുവാന്‍ പോകുന്നത്. അന്നേവരെ ഒരു ദേവാലയത്തിന്റെ അകം എങ്ങനെയാണെന്നതിനെക്കുറിച്ച് പോലും ജുവാന് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.

അങ്ങനെ ധ്യാനം ആരംഭിച്ചു. എല്ലാവരും ഭയഭക്തിയോടെ ദേവാലയത്തിനുള്ളില്‍ നിന്നു. എല്ലാവരും സ്വര്‍ണ്ണനിറമുള്ള ഒരു പെട്ടിയിലേക്ക് നോക്കുന്നത് ജുവാന്‍ കണ്ടു. ദേവാലയത്തിന് ലഭിക്കുന്ന സ്വര്‍ണ്ണവും പണവും വൈദികന്‍ ആ പെട്ടിയിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് ജുവാന്‍ കരുതിയത്. എന്നാല്‍ അതിലേക്ക് നോക്കുന്ന എല്ലാവരുടെയും മുഖം ഭക്തിയാലും ആരാധനയാലും നിറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും സാകൂതം നോക്കിയിരുന്നത് ദിവ്യസക്രാരിയിലേക്കായിരുന്നു. സര്‍വ്വസമ്പത്തിനേക്കാളും ധനത്തേക്കാളും മൂല്യവും മഹത്വവമുള്ളവന്‍ എഴുന്നള്ളിയിരിക്കുന്ന സ്ഥലത്തേയ്ക്ക്.

അന്നു മുതല്‍ എല്ലാ ആഴ്ചയിലും ജുവാന്‍ ദേവാലയത്തില്‍ പോകാന്‍ തുടങ്ങി. പതിനേഴ് വയസ്സായപ്പോള്‍ സെമിനാരിയില്‍ ചേരാനുള്ള ആഗ്രഹം ജുവാന്‍ തന്റെ പിതാവിനോട് പറഞ്ഞു. എന്നാല്‍ നിരീശ്വരവാദിയും അവിശ്വാസിയുമായ മകന്റെ ആഗ്രഹം പിതാവ് നിരാകരിക്കുകയാണ് ചെയ്തത്. മാത്രമല്ല, ജുവാനെ വല്ലാതെ അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെയുള്ള പ്രതികരണം തന്നെയാണ് താന്‍ പ്രതീക്ഷിച്ചതെന്നും തന്റെ ആഗ്രഹം ആത്മാര്‍ത്ഥമാണെന്നും പറഞ്ഞ് ജുവാന്‍ അപ്പനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അങ്ങനെ 1999-ല്‍ ജുവാന്‍ സെമിനാരിയില്‍ ചേരുകയും 2006-ല്‍ വൈദികനായി അഭിഷിക്തനാകുകയും ചെയ്തു. പിതാവിന്റെ മരണക്കിടക്കയില്‍ രോഗീലേപനം നല്‍കിയതും ജുവാനായിരുന്നു. അനേകരുടെ ജീവിതത്തിന് മാതൃകയാണ് ഫാദര്‍ ജുവാന്‍ ജോസ് മാര്‍ട്ടിസിന്റെ ജീവിതം. നിരീശ്വരവാദിയായവര്‍ക്ക് തന്റെ ജീവിതം പറഞ്ഞുകൊടുക്കാന്‍ ഈ വൈദികന് ഇപ്പോള്‍ സാധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.