പരിശുദ്ധ അമ്മയിലുള്ള വിശ്വാസവുമായി ഒളിമ്പിക്സിലേക്ക് ഒരു താരം

പമേല റോസാ എന്ന 22 -കാരി പെൺകുട്ടി ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്സിൽ മത്സരിച്ചു. വളരെ വ്യത്യസ്തയായൊരു മത്സരാർത്ഥിയാണ് പമേല. കാരണമെന്തെന്നോ, എല്ലാ മത്സരങ്ങളിലും അവളും പരിശുദ്ധ കന്യകാമറിയവും തമ്മിൽ ഒരു കരാറിലാണ് ഉള്ളത്. മികച്ച വിജയം കൈവരിച്ചാൽ നന്ദിയായി അവളുടെ മത്സരയിനമായ സ്‌കേറ്റിംഗിന് ഉപയോഗിക്കുന്ന സ്കേറ്റിംഗ് ബോർഡ് ആയിരിക്കും അമ്മയ്ക്ക് സമ്മാനിക്കുക!

ചെറുപ്പം മുതൽ തന്നെ പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുള്ള പമേലയ്ക്ക് തന്റെ എല്ലാ മത്സരങ്ങളിലും പരിശുദ്ധ അമ്മയുടെ സംരക്ഷണം അനുഭവപ്പെടാറുണ്ട്. ഓരോ മത്സരത്തിനിറങ്ങുമ്പോഴും അമ്മയുടെ സംരക്ഷണത്തിനായി അവൾ പ്രത്യേകം പ്രാർത്ഥിക്കുന്നു. 2018 -ൽ എക്സ് ഗെയിംസിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോഴും ഈ പെൺകുട്ടി അമ്മയ്ക്ക് സമ്മാനമായി നൽകിയത് സ്കേറ്റിംഗ് ബോർഡ് തന്നെയായിരുന്നു.

“അമ്മയുടെ സംരക്ഷണത്തിന് ഞാൻ എന്നെത്തന്നെ നൽകി. ബസിലിക്കയിൽ ഞാൻ നൽകിയ സ്കേറ്റിംഗ് ബോർഡ് നിങ്ങൾക്ക് കാണാൻ സാധിക്കും. ഞാൻ മത്സരിക്കാൻ പോകുമ്പോൾ ആർക്കും പരിക്കേൽക്കരുതെന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട്” – പമേല പറഞ്ഞു. യോഗ്യതാമത്സരത്തിൽ പമേല നാലാം സ്ഥാനത്തായിരുന്നു. കൈയ്യിൽ പരിശുദ്ധ അമ്മയുടെ ചിത്രം പതിപ്പിച്ചിരിക്കുന്ന പമേല, പരിക്കുകളോടു കൂടിയായിരുന്നു ഒളിമ്പിക്സിൽ പങ്കെടുത്തത്. തന്റെ ആദ്യ ഒളിമ്പിക്സ് പോരാട്ടത്തിൽ പത്താം സ്ഥാനത്ത് എത്തുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് അവൾ. “പരിക്കേറ്റെങ്കിൽ പോലും എനിക്ക് മത്സരം പൂർത്തിയാക്കാൻ സാധിച്ചു. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും, അവസരവും ആരോഗ്യവും തന്ന ദൈവത്തിനും നന്ദി” – അവൾ പറഞ്ഞു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.