സന്യസ്തരെ കെട്ടിക്കാൻ വെമ്പുന്നവർക്കൊരു മറുപടി 

നിഷ ജോസ്
നിഷ ജോസ്

കുറച്ചു നാളുകളായി കത്തോലിക്കാ സഭയിലെ വൈദികരെ വിവാഹം കഴിപ്പിക്കാത്തതിനെക്കുറിച്ചും കന്യാസ്ത്രീമാരെ കെട്ടിച്ചയക്കാത്തതിനെക്കുറിച്ചും വല്ലാതെ വേവലാതിപ്പെടുന്ന ഒരു കൂട്ടം ആളുകളെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. ചിലർക്കൊക്കെ ഇക്കാര്യത്തിൽ ആധി മൂത്ത് മരുന്ന് കഴിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടെന്നു തോന്നുന്നു.

വൈദികരുടെയും സന്യസ്തരുടെയും ബ്രഹ്മചര്യം ഒരു ആഗോള സാമൂഹിക പ്രശ്നമായാണ് ഇവർ അവതരിപ്പിക്കുന്നത്. അതിന് കാരണങ്ങളായി പറയുന്നതാകട്ടെ ഈ വിഭാഗത്തിൽപെട്ടവരുടെ ഇടയിൽ നിന്ന് സംഭവിച്ചിട്ടുള്ള ലൈംഗികാതിക്രമങ്ങളും വീഴ്ച്കളുമാണ്. അതെല്ലാം പെണ്ണ് കെട്ടിയാൽ അല്ലെങ്കിൽ ആണ് കെട്ടിയാൽ തീരുമത്രെ. അതുകൊണ്ട് എത്രയും പെട്ടെന്ന് അവരെ കെട്ടിക്കാൻ വേണ്ടി രാപ്പകൽ വെമ്പൽ കൊള്ളുകയാണ് ചില ഹൃദയങ്ങൾ.

ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ദുരുപയോഗങ്ങളെക്കുറിച്ചും പൊതുവെ നിലനിൽക്കുന്ന പല മിത്തുകൾ ഉണ്ട്. അതിൽ ചിലത് പറയാം…

* പുരുഷന്മാരാണ് എപ്പോഴും ലൈംഗിക പീഡനങ്ങൾ നടത്തുന്നത്.

* സ്ത്രീകളാണ് എപ്പോഴും ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാവുന്നത്.

* അപരിചിതരോ, പുറമെ നിന്നുള്ളവരോ ആണ് പീഡനങ്ങൾ നടത്തുന്നത്.

ഇവയുടെ ഒക്കെ കൂടെ കൂട്ടാൻ പറ്റുന്ന ചില പുതിയ മിത്തുകൾ ആണ് ഇക്കൂട്ടർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വാദങ്ങളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന മിത്തുകൾ ഇവയാണ്…

1. വൈദികരും സന്യസ്തരുമാണ് ഏറ്റവും പീഡനങ്ങൾ നടത്തുന്നത്.

2. വിവാഹം കഴിക്കാത്തതു കൊണ്ടാണ് സന്യസ്തരായ ആളുകൾ ലൈംഗിക അതിക്രമങ്ങൾ നടത്തിയിട്ടുള്ളത്.

3. വിവാഹം കഴിക്കാത്തവരൊക്കെ ലൈംഗികതക്കു വേണ്ടി മുട്ടിയിരിക്കുന്നവരും നിരാശരായവരുമാണ്. അതുകൊണ്ട് സന്യസ്തജീവിതം നായിക്കുന്നവരെയും വൈദികരെയുമൊക്കെ പ്രത്യേകം സൂക്ഷിക്കണം.

ഇനി ഈ മിത്തുകളെ ഒന്ന് വസ്തുതാപരമായി പരിശോധിച്ചു നോക്കുക. സ്റ്റാറ്റിസ്റ്റിക്‌സും റിസേർച്ചുകളും നോക്കുക. Sexual abuse നെക്കുറിച്ചും, assualt നെക്കുറിച്ചും ഒന്ന് ശാസ്ത്രീയമായി പഠിക്കുക. നമുക്ക് മനസ്സിലാകുന്ന അനേകം കാര്യങ്ങൾ ഉണ്ട്. സ്തീയും പുരുഷനും ലൈംഗിക അതിക്രമങ്ങൾ നടത്തുകയും അതിന് ഇരയാവുകയും ചെയ്യുന്നു.

കൂടുതൽ പീഡങ്ങൾ നടക്കുന്നത് ഏറ്റവും പരിചിതമായ ചുറ്റുപാടുകളിൽ നിന്നാണ്. പരിചിതരായ വ്യക്തികളിൽ നിന്നാണ്.

കുടുംബങ്ങൾക്കുള്ളിൽ തന്നെ ദുരുപയോഗങ്ങൾ ധാരാളമായി നടക്കുന്നു (intrafamilial abuses).

അപ്പോൾ വീടുകൾക്കുള്ളിൽ നടക്കുന്ന പീഡനങ്ങൾ പെണ്ണ് കെട്ടാത്തതിന്റെയോ ആണ് കെട്ടാത്തതിന്റെയോ പ്രശ്നമാണോ?

അമ്മയുടെ കാമുകൻ, അപ്പന്റെ കാമുകി, രണ്ടാനപ്പൻ, രണ്ടാനമ്മ, സ്വന്തം അപ്പൻ, അമ്മ, കസിൻസ്, ആങ്ങളമാർ, പെങ്ങന്മാർ മറ്റ്‌ ബന്ധുക്കൾ തുടങ്ങി അടുത്ത ബന്ധുക്കളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ പെണ്ണ് കെട്ടിച്ചാൽ തീരുന്നതാണോ? അങ്ങനെയെങ്കിൽ പലരും എത്ര പ്രാവശ്യം പെണ്ണ് കെട്ടേണ്ടി വരും?

സൂര്യനെല്ലി കേസ് മുതൽ കേരളത്തിലെ പ്രമാദമായ പീഡനകേസുകളിലെ പ്രതികളുടെ വിവരം ഒന്നു ശേഖരിക്കൂ. ഓരോ പീഡനത്തിനും പ്രതിവിധിയായി പെണ്ണ് കെട്ടിക്കലാണ് (അങ്ങനെ പറയുന്നത് തന്നെ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയാണ്). പ്രതിവിധിയെങ്കിൽ പലർക്കും അതിനല്ലാതെ വേറൊന്നിനും ഇവിടെ സമയമുണ്ടാകില്ലല്ലോ?

ഒന്നിൽ കൂടുതൽ പെണ്ണ് കെട്ടാൻ അനുവാദമുള്ള അവസരമുള്ള മതപുരോഹിതർ നടത്തുന്ന ചില മതപരിശീലന കേന്ദ്രങ്ങളിൽ പീഡനങ്ങൾ നടക്കുന്നത് എന്തുകൊണ്ടാവും?

പറഞ്ഞുവന്നത് ഇതാണ്, ലൈംഗിക അപചയങ്ങളും അതിക്രമങ്ങളുമൊക്കെ എല്ലാ സമൂഹങ്ങളിലും സംഭവിക്കുന്ന ഒന്നാണ്. അതിൽ ഉൾപ്പെടുന്നവരിൽ ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും ചികിത്സിക്കേണ്ടവരെ ചികിത്സിക്കുകയും ചെയ്യണം എന്നതും നിസ്തർക്കമായ കാര്യമാണ്. ഈ കാര്യങ്ങൾ അംഗീകരിക്കുന്നതു കൊണ്ടാണ് കത്തോലിക്കാ സഭയിലെ മാർപാപ്പമാർ, തെറ്റുകൾ സംഭവിച്ചവർക്കു വേണ്ടി മാപ്പു പറയുകയും തിരുത്താൻ നടപടികളെടുക്കുകയും ചെയ്യുന്നത്.

എന്നാൽ അതിന്റെ മറ പിടിച്ച്, സഭയിൽ എല്ലാവരും ഇങ്ങനെയാണ് എന്ന് പ്രചരിപ്പിക്കാനും ഒരു വിഭാഗത്തെ കരി തേക്കാനും തകർക്കാനുമുള്ള ശ്രമങ്ങൾ സെക്ഷ്വൽ അസോൾട്ടിനേക്കാൾ വൃത്തികെട്ട മനോഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നു മാത്രമല്ല അത് പലർക്കും സ്വന്തം ഫ്രസ്‌ട്രേഷനെ മറച്ചുപിടിക്കാനുള്ള ഡിഫെൻസ് മെക്കാനിസം കൂടിയാണ്.

നിഷ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.