ഈശോയില്‍ നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിച്ച പതിനൊന്നുകാരി

  ഓരോ തവണയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം എത്രത്തോളം ഹൃദയം കൊണ്ട് ഒരുങ്ങാറുണ്ട്? എത്രത്തോളം ഈശോയെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കാറുണ്ട്? ഉത്തരം പലപ്പോഴും അതോ അത്… എന്ന ആലോചനയിലാണ് അവസാനിക്കാറ്. എന്നാല്‍ ദിവ്യകാരുണ്യം സ്വീകരിക്കാനായി അതിയായി ആഗ്രഹിച്ച, തന്റെ ജീവനേക്കാള്‍ അധികമായി ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച ഒരു പെണ്‍കുട്ടിയുണ്ട്. ഇമെല്‍ഡ ലംബോര്‍ട്ടിനി. ഈശോയെ സ്വീകരിക്കാന്‍ അതിയായി ആഗ്രഹിച്ച ആ പെണ്‍കുട്ടിയുടെ തീക്ഷ്ണതയ്ക്കു മുന്നില്‍ ദൈവം പോലും മുട്ടുകുത്തി. ദിവ്യകാരുണ്യ ഈശോ തന്നെ അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുവാന്‍ നേരിട്ടെത്തി… ആ പെണ്‍കുട്ടിയുടെ ജീവിതം ഇതാ…

  ബോലോണയില്‍ 1322-ല്‍ ആണ് ഇമെല്‍ഡ ജനിച്ചത്. ആഴമായ കത്തോലിക്കാ വിശ്വാസമുള്ള മാതാപിതാക്കളില്‍ നിന്ന് കേട്ട, ഈശോയുടെ കഥകള്‍ അവളുടെ മനസ്സില്‍ ഈശോയെ ഒരു ഹീറോ ആയി സ്ഥാപിച്ചെടുത്തു. ആ ഈശോയ്ക്കായിട്ടായിരുന്നു അവളുടെ ജീവിതം മുഴുവന്‍ അവള്‍ സമര്‍പ്പിച്ചത്. മാമ്മോദീസ സ്വീകരിച്ച അവള്‍ക്ക് മഗ്ദലന എന്ന പേര് നല്‍കപ്പെട്ടു.

  വളരെ ചെറുപ്പത്തില്‍ തന്നെ ഈശോയെക്കുറിച്ചുള്ള ആഴമായ ചിന്തകളാലും ആത്മീയതയിലും അവളുടെ മനസിനെ നിറയ്ക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു. അവള്‍ കഴിയുന്ന സമയമെല്ലാം ഉണ്ണീശോയെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു. ഈശോയെ സ്‌നേഹിക്കണം അതിനുള്ള വഴികളായിരുന്നു അവള്‍ ബാല്യത്തില്‍ തേടിയതും കണ്ടെത്തിയതും. അവളുടെ ആത്മീയത മുതിര്‍ന്നവരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ അഞ്ചാം പിറന്നാള്‍ ദിനം മുതല്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാനുള്ള അതിയായ ആഗ്രഹം അവളില്‍ ശക്തമായി. അവള്‍ക്ക് തന്റെ ആഗ്രഹത്തെ എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ലായിരുന്നു. അത് അത്രത്തോളം തീക്ഷ്ണമായ ഒന്നായിരുന്നു.

  എന്നാല്‍, അന്നത്തെ കാലത്ത് അത് സാധ്യമായിരുന്നില്ല. 14 വയസ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്കു മാത്രമാണ് ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള അനുമതി നല്‍കിയിരുന്നത്. അവള്‍ തന്റെ ആഗ്രഹം മാതാപിതാക്കളോട് അറിയിച്ചുവെങ്കിലും ഇപ്പോള്‍ നടക്കാന്‍ സാധ്യത ഇല്ലാതിരുന്നതിനാല്‍ കാത്തിരുന്നു. താന്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന നിമിഷങ്ങള്‍ സ്വപ്നം കണ്ടുകൊണ്ട്… അതിനായി ഏറ്റവും ഭക്തിപൂര്‍വ്വം ഒരുങ്ങിക്കൊണ്ട്… ഒന്‍പതാം വയസില്‍ അവള്‍ക്ക് മഠത്തില്‍ ചേരുവാനുള്ള ശക്തമായ ആഗ്രഹം തോന്നിത്തുടങ്ങി. ഒന്‍പതു വയസുമാത്രം. ഈ സമയത്ത് മഠത്തില്‍ അയച്ചാല്‍… പലരുടെയും ചോദ്യങ്ങളെയും സംശയങ്ങളെയും അത്ഭുതപ്പെടുത്തി കൊണ്ട് ഇമെല്‍ഡയുടെ മാതാപിതാക്കള്‍ അവളുടെ ആഗ്രഹത്തിന് സമ്മതം മൂളി. അങ്ങനെ അവള്‍ ബൊലോഗ്നയിലെ വിശുദ്ധ മേരി മഗ്ദലനയുടെ നാമത്തിലുള്ള സന്യാസ സമൂഹത്തില്‍ ചേര്‍ന്നു.

  അങ്ങനെ ഒന്‍പതാം വയസില്‍ മഠത്തില്‍ ചേര്‍ന്ന ആ കൊച്ചുപെണ്‍കുട്ടി പിന്നീട് സിസ്റ്റര്‍ ഇമില്‍ഡ എന്ന് അറിയപ്പെട്ടു തുടങ്ങി. ഈശോയെ സ്‌നേഹിക്കണം. ഈശോയില്‍ ഒന്നാകണം. ഇതു മാത്രമായിരുന്നു അവളുടെ ആഗ്രഹം. മരിച്ച് എത്രയും വേഗം ഈശോയോടൊപ്പം നിത്യഭാഗ്യത്തില്‍ എത്തണം. അതിനായി ആ കൊച്ചുസിസ്റ്റര്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. വെറും ഒന്‍പത്-പത്ത് വയസ് മാത്രം പ്രായമുള്ള ഇമില്‍ഡ, ആ മഠത്തിലെ മുഴുവന്‍ കന്യാസ്ത്രീകള്‍ക്കും മാതൃകയായിരുന്നു. ആ സന്യാസ സമൂഹത്തിന്റെ ചിട്ടകളും ക്രമങ്ങളും അണുവിട തെറ്റാതെ  പാലിക്കുന്ന ആ കൊച്ചുകുട്ടി എല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു.

  അങ്ങനെ മുന്നോട്ടുപോകുന്ന സമയം. അവള്‍ക്ക് പതിനൊന്നു വയസ് ആയി. ഒരിക്കല്‍ ഇമെല്‍ഡ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന സമയം എത്തി. മറ്റു സിസ്റ്റര്‍മാര്‍ കുര്‍ബാന സ്വീകരിക്കുന്നത് അവള്‍ ദേവാലയത്തിന്റെ ഒരു മൂലയില്‍ ഇരുന്ന് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തനിക്ക് ഈശോയെ സ്വീകരിക്കുവാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടം അവളെ വലിയ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു. അവള്‍ക്ക് സഹിക്കാന്‍ പറ്റിയിരുന്നില്ല. കുര്‍ബാനയ്ക്കു ശേഷം മറ്റു സിസ്റ്റര്‍മാര്‍ അവരവരുടെ കാര്യങ്ങളില്‍ മുഴുകി. അവള്‍ ഏറെ പ്രാര്‍ത്ഥനയോടെ ആ സക്രാരിക്കു മുന്നില്‍ മുട്ടുകുത്തി. എനിക്ക് ഈശോയെ സ്വീകരിക്കണം അതു മാത്രമായിരുന്നു അവളുടെ ആഗ്രഹം. അവളുടെ ഉള്ളിലെ ആ വേദന – അത് കാണാതിരിക്കുവാന്‍ ദൈവത്തിനും കഴിഞ്ഞില്ല.

  അങ്ങനെയിരിക്കെ പെട്ടെന്ന് അവിടെയെല്ലാം വശ്യമായ ഒരു സുഗന്ധം പരന്നു. സിസ്റ്റര്‍മാര്‍ അമ്പരന്നു. അവര്‍ ആ വശ്യമായ സുഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചു. ആ അന്വേഷണം ചെന്നവസാനിച്ചത് ചാപ്പലില്‍ ആയിരുന്നു. അവര്‍ അവിടെ എത്തിയപ്പോള്‍ കാണുന്ന കാഴ്ച അത്ഭുതകരമായ ഒന്നായിരുന്നു. ഇമില്‍ഡ സക്രാരിക്കു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ ആഴ്ന്നു നില്‍ക്കുകയാണ്. അവളുടെ തലയ്ക്കു മുകളിലായി ദിവ്യകാരുണ്യം നില്‍ക്കുന്നു. അവര്‍ പെട്ടെന്നുതന്നെ വൈദികനെ വിവരം അറിയിച്ചു. വൈദികന്‍ എത്തി ഈ കാഴ്ച്ച കണ്ടപ്പോള്‍ അദ്ദേഹത്തിന് കാര്യം മനസിലായി. അദ്ദേഹം ആ പെണ്‍കുട്ടിക്ക് മുകളിലായി നിലകൊണ്ട തിരുവോസ്തി എടുത്ത് അവള്‍ക്കു നല്‍കി. ആ നിമിഷം അവളുടെ ഏറ്റവും വലിയ സ്വപ്നമായ വിശുദ്ധ കുര്‍ബാന സ്വീകരണം സാധ്യമായി. അവളും ഈശോയും ഒന്നായി. അവളുടെ ഹൃദയം ദൈവികമായ ഒരു വലിയ ശക്തിയാല്‍, ആനന്ദത്താല്‍ നിറഞ്ഞു. അവള്‍ മെല്ലെ കണ്ണുകള്‍ അടച്ചു, മരിച്ചു. ഈശോയുമായി ഒന്നായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കണം എന്ന അവളുടെ ഏറ്റവും വലിയ ആഗ്രഹം അങ്ങനെ ദൈവം സാധിച്ചു കൊടുത്തു.

  1826-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഇമില്‍ഡയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ദിവ്യകാരുണ്യം ആദ്യമായി സ്വീകരിക്കുന്ന കുട്ടികളുടെ മദ്ധ്യസ്ഥയായി വാഴ്ത്തപ്പെട്ട ഇമില്‍ഡയെ ഉയര്‍ത്തി. ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ക്ക് ഈ വാഴ്ത്തപ്പെട്ടവളെ മാതൃകയാക്കാം. ആദ്യമായി ഈശോയെ സ്വീകരിച്ച നിങ്ങളുടെ ഉള്ളിലെ തീക്ഷ്ണത കെടാതിരിക്കുവാന്‍, ദിവ്യകാരുണ്യ സ്‌നേഹത്താല്‍ ജ്വലിക്കുവാന്‍ ഈ കൊച്ചുപുണ്യവതിയുടെ മാദ്ധ്യസ്ഥ്യം യാചിക്കാം.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ