കളിക്കളത്തിലെ പ്രകടനത്തിനൊപ്പം, അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ താരത്തിന്റെ ക്രിസ്തുവിശ്വാസവും വൈറല്‍

വനിതാ ലോകകപ്പില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് അമേരിക്ക, തങ്ങളുടെ നാലാം കിരീടം ഉയര്‍ത്തി. ഫ്രാന്‍സില്‍ നടന്ന വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് മറികടന്നാണ് അമേരിക്കന്‍ മിടുക്കികള്‍ കപ്പ് നിലനിര്‍ത്തിയത്. രണ്ടാം പകുതിയില്‍ നായിക മേഗന്‍ റാപിനോസും, റോസ് ലാവലും നേടിയ ഗോളുകളിലാണ് അമേരിക്കയുടെ പെണ്‍പട കപ്പില്‍ മുത്തമിട്ടത്.

അമേരിക്കയുടെ വിജയത്തിന് കാരണക്കാരിയായ റോസ് ലാവല്‍ 2012-ല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രണ്ട് വാചകങ്ങള്‍ ഇതിനിടെ നവമാധ്യമങ്ങളില്‍ വൈറലാവുകയുമുണ്ടായി. തന്റെ ക്രൈസ്തവ വിശ്വാസത്തെ ഏറ്റുപറയുന്ന തരത്തിലുള്ള രണ്ട് വാചകങ്ങളാണ് റോസ് ലാവലിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ ആരാധകര്‍ക്ക് കാണാനായത്. ഒന്ന് – ക്രിസ്തുമസിന്റെ തലേരാത്രി ഈശോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതും മറ്റൊന്ന് ജീവിതത്തിലെ അനുഗ്രഹങ്ങള്‍ക്ക് കര്‍ത്താവിന് നന്ദിപറഞ്ഞു കൊണ്ടുള്ളതും.

അതുപോലെ തന്നെ സെന്റ്. വിന്‍സെന്റ് ഫെററുടെ നാമത്തിലുള്ള സിന്‍സിനാറ്റിയിലെ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും സ്‌കൂളിലെ താരവുമെന്ന നിലയില്‍ സ്‌കൂള്‍ അധികൃതരും റോസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി.

ടീമിന്റെ വിജയത്തിന് നിര്‍ണ്ണായക പങ്കുവഹിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റോസ് നല്‍കിയ ഉത്തരത്തില്‍ തന്നെയുണ്ടായിരുന്നു ഒരു ദൈവവിശ്വാസിയുടെ വിനയം. എല്ലാവരും ആത്മാര്‍ത്ഥതയോടെ കളിച്ചവരാണ്. മുഴുവന്‍ ടീമിന്റെയും പരിശ്രമത്താലാണ് ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് എന്നായിരുന്നു അവരുടെ മറുപടി. ഏതായാലും റോസിന്റെ പ്രകടനത്തോടൊപ്പം ശ്രദ്ധേയമായിരിക്കുകയാണ് അവരുടെ ആഴമേറിയ ക്രൈസ്തവ വിശ്വാസവും.