പകര്‍ച്ചവ്യാധി മൂലം മരിച്ച അമേരിക്കന്‍ വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കൊറോണാ വൈറസ് പോലുള്ള ഒരു പകർച്ചവ്യാധി ബാധിച്ച് മരണമടഞ്ഞ അമേരിക്കയിലെ ഒരു ഇടവകവികാരിയായിരുന്നു ഫാദർ മക്ഗിവ്‌നി. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന നാമകരണ നടപടികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു അമേരിക്കൻ വൈദികനായിരുന്ന അദ്ദേഹം തൻ്റെ 38 – മത്തെ വയസിലാണ് ന്യൂമോണിയ ബാധിച്ച് മരണമടയുന്നത്.

1889-1890 കാലഘട്ടത്തിൽ റഷ്യയിൽ ആരംഭിച്ച ഈ പകർച്ചവ്യാധി മൂലം ലോകമെമ്പാടുമായി ഒരു ദശലക്ഷം ആളുകൾ മരണപ്പെട്ടു. ഇതിൽ, 13,000 പേർ അമേരിക്കയിൽ മരണമടഞ്ഞു. 1890 ഓഗസ്റ്റ് 14 ന് മരണമടഞ്ഞ ഈ അമേരിക്കൻ വൈദികന്റെ മധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകുകയുണ്ടായി.

1852 – ൽ കണക്റ്റിക്കട്ടിലെ വാട്ടർബറിയിൽ ജനിച്ച മക്ഗിവ്‌നി ഐറിഷ് കുടിയേറ്റക്കാരായ പാട്രിക്കിനും മേരി മക്‌ഗിവ്‌നിക്കും ജനിച്ച 13 മക്കളിൽ ആദ്യത്തെയാളാണ്. അദ്ദേഹത്തിന്റെ ആറ് സഹോദരങ്ങൾ ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞു. കുറച്ചുനാൾ വീട്ടുകാരെ സഹായിച്ചതിന് ശേഷം തൻ്റെ വളരെ നാളത്തെ ആഗ്രഹം നിറവേറ്റുവാൻ വൈദികനാകുവാൻ അദ്ദേഹം സെമിനാരിയിൽ ചേർന്നു. തുടർന്ന് വൈദികനാവുകയും ഇടവക ശുശ്രൂഷ ചെയ്യുകയും ചെയ്‌തു. ഒരു പോലീസുകാരനെ കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയെ ആശ്വസിപ്പിക്കുവാനും മരണത്തിന് മുൻപ് അദ്ദേഹത്തിന് ആത്മവിശ്വാസം പകരുവാനും ഈ കാലയളവിൽ ഫാദർ മക്ഗിവ്‌നി പരിശ്രമിച്ചു.

കുടുംബങ്ങളിൽ അത്താണിയായിട്ടുള്ളവർ നഷ്ടപ്പെട്ടാൽ അവരെ സഹായിക്കുവാനായി ‘നൈറ്റ്സ് ഓഫ്  കൊളംബസ്’ എന്ന പേരില്‍ ഒരു സംഘടന അദ്ദേഹം ആരംഭിച്ചു. അതിന് കാരണമായി നിലകൊണ്ടത് ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നേരിട്ട അനുഭവങ്ങൾ തന്നെയായിരുന്നു. ആ ചെറുപ്പക്കാരനായ വൈദികൻ പാവങ്ങളോട് പക്ഷം ചേരുവാനും മറ്റുള്ളവരോട് കരുണ കാണിക്കുവാനും മുൻപന്തിയിൽ തന്നെ നിന്നു.

കൊറോണ വൈറസിന്റെ ഭീതിയിൽ വലയുന്ന നമുക്കും പകർച്ചവ്യാധിമൂലം മരണമടഞ്ഞ ഫാദർ മക്ഗിവ്‌നിയുടെ ജീവിതം പ്രചോദനമാകട്ടെ. ദൈവസ്നേഹത്താൽ മറ്റുള്ളവർക്കുവേണ്ടി ജീവിച്ച് കടന്നുപോയ ഈ വൈദികന്റെ ജീവിതം നമ്മെ ശക്തിപ്പെടുത്തട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.