സ്‌കൂളുകളില്‍ ബൈബിള്‍ പഠനവിഷയമാക്കാന്‍ ഒരുങ്ങി അമേരിക്കന്‍ ഭരണകൂടം

അമേരിക്കയിലെ സ്‌കൂളുകളുടെ പഠനപട്ടികയില്‍ ബൈബിള്‍ ക്ലാസുകള്‍കൂടി ക്രമീകരിക്കാന്‍ ഒരുങ്ങി അമേരിക്കന്‍ സ്‌കൂളുകള്‍. ഫ്‌ളോറിഡ, ഇന്‍ഡ്യാന, മിസോറി, നോര്‍ത്ത് ഡകോറ്റ, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് ബൈബിള്‍ പഠന ക്ലാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ ആശയത്തിന് ട്വിറ്റര്‍ പേജിലൂടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുന്ന അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. മതപരമായ പുസ്തകങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ബോധ്യമുണ്ടെങ്കില്‍ മാത്രമേ ലോകചരിത്രത്തെക്കുറിച്ചും മതചരിത്രങ്ങളെക്കുറിച്ചുമുള്ള അറിവു ലഭിക്കൂ. അതുവഴിയേ ഈ ലോകം എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കാനാകൂ എന്നും നോര്‍ത്ത് ഡകോറ്റ സംസ്ഥാനത്തിന്റെ പ്രതിനിധി ആരോണ്‍ മക് വില്ല്യംസ് പറഞ്ഞു.

ബൈബിള്‍ പഠനങ്ങള്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഒഴിവാക്കാനാവാത്തതാണെന്നും ഈ ആശയത്തെ  പിന്‍തുണയ്ക്കുന്നു എന്നും പല രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്നാല്‍, നിയമം നിര്‍ബന്ധമാക്കില്ലെന്നും വോട്ടെടുപ്പിലൂടെ അഭിപ്രായം തേടിയതിനുശേഷമേ നിയമം പ്രാബല്യത്തിലാക്കൂ എന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.