ക്രൈസ്തവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിലങ്ങുതടിയായി വിദേശസംഭാവന നിയന്ത്രണ ഭേദഗതി

വിദേശ സംഭാവനാ നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ ക്രൈസ്തവ സഭകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ആഘാതം സൃഷ്ടിക്കുമെന്ന് ആശങ്ക. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ (എഫ്‌സിആര്‍) അമെന്റ്‌മെന്റ് ബില്‍ 2020 എന്ന പേരിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പുതിയ ഭേദഗതി വരുന്നത്.

വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശസംഭാവന ഫണ്ടുകള്‍ മറ്റൊരു സ്ഥാപനത്തിലേക്കും കൈമാറരുതെന്നാണു പുതിയ ഒരു ഭേദഗതി. പുതിയ ഭേദഗതികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയ സംഘടനകളുടെ ചിറകരിയും. വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള അക്കൗണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി ബ്രാഞ്ചില്‍ മാത്രമേ തുടങ്ങാവൂ എന്നതാണു മറ്റൊരു ഭേദഗതി നിര്‍ദേശം. ഇത് ഗ്രാമീണ മേഖലകളില്‍ സന്നദ്ധസേവന സംഘടനകളുടെ പ്രവര്‍ത്തനം തീര്‍ത്തും അസാധ്യമാക്കും. എല്ലാവര്‍ക്കും ന്യൂഡല്‍ഹിയില്‍ ചെന്ന് അക്കൗണ്ട് തുടങ്ങാന്‍ പറ്റില്ല എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രോജക്ടുകള്‍ ചെയ്യുന്ന സന്നദ്ധസംഘടനകള്‍ അവയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി യോഗ്യരായ ആളുകളെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളവും യാത്രാച്ചെലവുകളും ഓഫീസ് ചെലവുകളുമെല്ലാം വഹിക്കേണ്ടതു സന്നദ്ധസംഘടനകള്‍തന്നെയാണ്. ചെലവുകളുടെ 20 ശതമാനമേ ഭരണച്ചെലവുകള്‍ക്ക് പാടുള്ളൂ എന്ന നിബന്ധന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് അസാധ്യമാക്കും.

അതുകൊണ്ട് വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ തികച്ചും അന്യായമായ നിര്‍ദിഷ്ട ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.