മൃഗങ്ങളുടെ ജീവനേക്കാള്‍ കൂടുതല്‍ സംരക്ഷണം മനുഷ്യജീവന് കൊടുത്തുകൊണ്ട് വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക

മണ്ണാര്‍ക്കാട്: എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കണ്ടമംഗലം, മൈലാംപാടം, തത്തേങ്ങലം, മെഴുകുംപാറ, ആനമൂളി, അട്ടപ്പാടി, പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം, മൂന്നേക്കര്‍, കല്ലടിക്കോട് തുടങ്ങിയ ജനവാസ മേഖലകളിലെ മനുഷ്യരുടെ ജീവന്‍ വന്യജീവികളില്‍ നിന്ന് സംരക്ഷിക്കുക, മൃഗങ്ങളുടെ ജീവനേക്കാള്‍ കൂടുതല്‍ സംരക്ഷണം മനുഷ്യജീവന് കൊടുത്തുകൊണ്ട് വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക, എല്ലാ വര്‍ഷവും വിദഗ്ദ ഏജന്‍സികളെ ഉപയോഗിച്ച് വന്യമൃഗങ്ങളുടെ കണക്കെടുപ്പ് നടത്തുക, ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക, റെയില്‍ വൈദ്യുതവേലി സ്ഥാപിക്കുക, സൗരോര്‍ജ്ജ വൈദ്യുതവേലിയില്‍ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കാന്‍ മതിയായ തരത്തിലുള്ള സൗരോര്‍ജ്ജ പാനലുകള്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുക, ജനവാസ മേഖലകളില്‍ കാട്ടാന ആക്രമണ ഭീഷണി നേരിടുന്ന പ്രദേശവാസികളായ കര്‍ഷകരെത്തന്നെ സൗരോര്‍ജ്ജ വൈദ്യുതവേലി സംരക്ഷണ ജോലിക്കായി നിയോഗിക്കുക, കൃഷിഭൂമിയില്‍ പ്രവേശിച്ച് കാര്‍ഷികവിളകള്‍ക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്കുക, കര്‍ഷക അവഗണന അവസാനിപ്പിക്കുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില സാധ്യമാക്കുക, വന്യജീവികളുടെ ആക്രമണം മൂലം വിളനാശം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കാര്‍ഷികവിളകളുടെ ഉല്പാദന കാലയളവും ഉല്പാദനക്ഷമതയും കണക്കിലെടുത്തുകൊണ്ട് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുക, നഷ്ടപരിഹാര വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുക, ഓരോ പ്രദേശത്തെയും പ്രശ്‌നം സമഗ്രമായി പഠിക്കാന്‍ കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ സമിതികളെ നിയമിക്കുക, കുടിയേറ്റ കര്‍ഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുക, കര്‍ഷകരോടുള്ള വനം വകുപ്പിന്റെ ശത്രുതാ മനോഭാവം അവസാനിപ്പിക്കുക, കര്‍ഷകരുടെ ജീവനും നിലനില്‍പ്പിനും ഉതകുന്നവിധം വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവംബര്‍ 19 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കര്‍ഷക പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു.

മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി നിര്‍വ്വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി ശ്രീ. ജോര്‍ജ്ജ് കോയിക്കല്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍, രൂപതാ ഭാരവാഹികള്‍ ധര്‍ണ്ണാ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. മണ്ണാര്‍ക്കാട് ഫൊറോന പ്രസിഡന്റെ് ജോജി പടിപ്പുരയ്ക്കല്‍, കാഞ്ഞിരപ്പുഴ ഫൊറോന പ്രസിഡന്റെ് ബാബു പ്രാക്കുഴിയില്‍, പൊന്നംകോട് ഫൊറോന പ്രസിഡന്റെ് ബെന്നി ചിറ്റേട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

രൂപതാ പ്രസിഡന്റ് തോമസ് ആന്റ്ണി, ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യു കല്ലടിക്കോട്, സമരസമിതി ചെയര്‍മാന്‍ ജോമി മാളിയേക്കല്‍, കണ്‍വീനര്‍ ജോസ് കാട്രുകുടിയില്‍, പൊന്നംകോട് ഫൊറോന പ്രസിഡന്റെ് ബെന്നി ചിറ്റേട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.